നടക്കാൻ പ്രയാസപ്പെട്ട കുട്ടി ഹിമാലയത്തിന്റെ ഉയരങ്ങളിൽ!; ഇത് ഷിജോയുടെ അതിജീവനകഥ
text_fieldsഷിജോയ് ജേക്കബ്
മുംബൈ: മകൻ യാത്ര പുറപ്പെടുമ്പോഴെല്ലാം അമ്മ പുഷ്പക്ക് ആശങ്കയാണ്. തിരിച്ചെത്തുന്നതുവരെ ഉറങ്ങാൻ പോലും കഴിയാറില്ല. ഒരുകാലത്ത് നടക്കാൻ പോലും പ്രയാസപ്പെട്ടിരുന്ന മകൻ ഇന്ന് സൈക്കിളിൽ രാജ്യം ചുറ്റുന്നതും ഹിമാലയത്തിന്റെ ഉയരങ്ങളിലേക്ക് യാത്ര ചെയ്യുന്നതും അവർക്ക് അഭിമാനത്തിനൊപ്പം ആശങ്കയും നൽകുന്നു.
പ്രതിസന്ധികൾക്കിടയിലും സ്വപ്നങ്ങൾ കൈവിടാതിരുന്നതിന്റെ ജീവിതകഥയാണ് മുംബൈ സ്വദേശിയായ ഷിജോയ് ജേക്കബിന്റേത്. ജന്മനാ ക്ലബ്ഫൂട്ട് എന്നറിയപ്പെടുന്ന കാലുകളുടെ വൈകല്യവുമായാണ് ഷിജോയ് ജനിച്ചത്. ഇരുകാലുകളും അകത്തേക്ക് വളഞ്ഞ നിലയിലായിരുന്നു. ഇടതുകാലിനായിരുന്നു കൂടുതൽ പ്രശ്നം. ചികിത്സയുടെ ഭാഗമായി ഇരുകാലുകളിലും ശസ്ത്രക്രിയ നടത്തി. എട്ടുവയസ്സുവരെ പ്രത്യേക ചെരുപ്പുകളും കണങ്കാൽവരെ ഉയരമുള്ള ഓർത്തോപീഡിക് ബൂട്ടുകളും ധരിക്കേണ്ടിവന്നു.
മറ്റു കുട്ടികൾ ഓടിക്കളിക്കുന്നത് കണ്ടുനിൽക്കുമ്പോൾ തനിക്കും അവരെപ്പോലെ കളിക്കാനാകുമോ എന്നായിരുന്നു കുട്ടിക്കാലത്ത് ഷിജോയുടെ ആശങ്ക. മകന്റെ ചികിത്സക്കായി നിരവധി ആശുപത്രികൾ കയറിയിറങ്ങിയ അമ്മ പുഷ്പ അവനെ പരിചരിക്കാനായി ജോലി പോലും ഉപേക്ഷിച്ചു. വളർച്ചയുടെ ഓരോ ഘട്ടത്തിലും കാലുകൾക്ക് അനുയോജ്യമായ പ്രത്യേക ചെരുപ്പുകൾ ഒരുക്കുകയും ചെയ്തു.
കോളജ് പഠനത്തിനുശേഷമാണ് ഷിജോയ് ശാരീരികക്ഷമത പരീക്ഷിച്ചുതുടങ്ങിയത്. ഓട്ടത്തിലും ക്രിക്കറ്റിലും സജീവമായി. 2014-15ൽ ആദ്യമായി 10 കിലോമീറ്റർ ഓട്ടമത്സരത്തിൽ പങ്കെടുത്തത് കൂടുതൽ വെല്ലുവിളികൾ ഏറ്റെടുക്കാനുള്ള ആത്മവിശ്വാസം ഷിജോയ്ക്ക് നൽകി. 2021ൽ മഹാരാഷ്ട്രയിലെ സന്ധൻ വാലിയിൽ ട്രെക്കിങ്ങിനിടെ വീണ് തോളെല്ലിന് സ്ഥാനചലനമുണ്ടായെങ്കിലും പരിക്കേറ്റ കൈ തുണികൊണ്ട് കെട്ടി യാത്ര പൂർത്തിയാക്കി.
സൈക്കിൾ യാത്രയിൽ വഴിത്തിരിവായത് 2022ലെ മംഗളൂരു-ഗോവ യാത്രയാണ്. സുഹൃത്തുക്കൾക്കൊപ്പം ആദ്യദിവസം തന്നെ 105 കിലോമീറ്ററോളം പിന്നിട്ടു. പിന്നീട് കേരളത്തിലും തമിഴ്നാട്ടിലും യാത്ര നടത്തി. 2024ൽ ശ്രീലങ്കയിൽ 600 കിലോമീറ്ററിലധികം സൈക്കിളിൽ സഞ്ചരിച്ചു. 2026ൽ കംബോഡിയയിൽനിന്ന് വിയറ്റ്നാമിലേക്കും യാത്ര നടത്തി.
നാലുപേരടങ്ങുന്ന സംഘത്തിൽ ആരും പ്രഫഷനൽ സൈക്ലിസ്റ്റുകളല്ല. എല്ലാവർക്കും മുഴുവൻസമയ ജോലിയുണ്ട്. എച്ച്.ആർ മേഖലയിൽ ജോലി ചെയ്യുന്ന ഷിജോയ് വാർഷിക അവധിക്കാലത്താണ് യാത്രകൾ ക്രമീകരിക്കുന്നത്. ചില ദിവസങ്ങളിൽ ഇവർ 100 കിലോമീറ്ററിലധികം സഞ്ചരിക്കും. വഴിയിലുള്ള സ്ഥലങ്ങൾ കാണാനും യാത്ര ആസ്വദിക്കാനും അവർ സമയം കണ്ടെത്താറുണ്ട്.
2026 മേയിലായിരുന്നു ഷിജോയിയുടെ ആദ്യ ഹിമാലയൻ ട്രെക്കിങ്. ഏഴുദിവസം നീണ്ട യാത്രയിൽ 15,000 അടി ഉയരത്തിലെത്തി. 14 കിലോ ഭാരമുള്ള ബാഗും ചുമന്ന് മഞ്ഞും മഴയും കടുത്ത തണുപ്പും അതിജീവിച്ചായിരുന്നു കയറ്റം. ഉയരം കൂടിയതോടെ നടക്കാൻ പോലും പ്രയാസമായി. അഞ്ചടി മുന്നോട്ടുപോകാൻ ബുദ്ധിമുട്ടിയ സന്ദർഭങ്ങളുണ്ടായിരുന്നുവെന്ന് ഷിജോയ് പറഞ്ഞു. പരിശീലനത്തിനിടെ അസുഖം ബാധിച്ചതോടെ യാത്ര റദ്ദാക്കുന്നതിനെക്കുറിച്ച് ആലോചിച്ചെങ്കിലും പിന്മാറാതെ ലക്ഷ്യം പൂർത്തിയാക്കി.
തന്റെ നേട്ടങ്ങൾക്കെല്ലാം അമ്മയോടാണ് ഷിജോയ് നന്ദി പറയുന്നത്. എന്നാൽ അമ്മ പുഷ്പക്ക് ഇന്ന് അവന്റെ ഓരോ യാത്രയും അഭിമാനനിമിഷങ്ങളാണ്. മകൻ യാത്ര തിരിക്കുമ്പോഴുള്ള പേടി ഇപ്പോഴും മാറിയിട്ടില്ലെങ്കിലും അവർക്ക് അവന്റെ നേട്ടങ്ങളിൽ അഭിമാനമുണ്ട്.
ഒരുകാലത്ത് കൂട്ടുകാർക്കൊപ്പം ഓടാൻ കഴിയുമോയെന്ന് സംശയിച്ചിരുന്ന ഷിജോയ് ഇന്ന് രാജ്യങ്ങൾ കടന്ന് സഞ്ചരിക്കുകയാണ്. ചെറിയ ചുവടുകളിലൂടെ മുന്നോട്ടുപോയാൽ വലിയ ദൂരങ്ങൾ പിന്നിടാനാകുമെന്നാണ് തന്റെ യാത്രകൾ പഠിപ്പിച്ചതെന്നും ഷിജോയ് പറഞ്ഞു.
വിവരങ്ങൾക്ക് കടപ്പാട്: ദ ബെറ്റർ ഇന്ത്യ ഡോട്ട് കോം

