46 ലക്ഷം രൂപ ശമ്പളമുള്ള ജോലി ഉപേക്ഷിച്ച് ഇന്ത്യൻ സൈന്യത്തിലേക്ക്; ഒടിഎ ഗയയിൽ ഓഫീസറായി ശർദേന്ദു തിവാരി
text_fieldsന്യൂഡൽഹി: 27 കാരനായ ശർദേന്ദു തിവാരി തന്റെ ജീവിതത്തിൽ മാതൃകാപരമായ ഒരു വലിയ തീരുമാനമാണ് എടുത്തത്. പ്രതിവർഷം 46 ലക്ഷം രൂപ ശമ്പളമുള്ള ആമസോണിലെ ക്ലൗഡ് എൻജിനീയർ ജോലി ഉപേക്ഷിച്ച് അദ്ദേഹം ഇന്ത്യൻ സൈന്യത്തിലേക്ക് ചുവടുവെക്കുന്നു. ആഗോള എയറോസ്പേസ് കമ്പനിയായ എയർബസിൽ ലഭിച്ച അവസരവും ഒഴിവാക്കിയാണ് ശർദേന്ദു രാജ്യസേവനത്തിനായി ഈ തീരുമാനം എടുത്തത്. ബിഹാർ ഗയയിലെ ഓഫീസേഴ്സ് ട്രെയിനിങ് അക്കാദമിയിൽ അദ്ദേഹം ഔദ്യോഗികമായി ഓഫീസറായി കമ്മീഷൻ ചെയ്യപ്പെട്ടു. സാങ്കേതിക ലോകത്തെ തിളക്കമുള്ള കരിയർ ഉപേക്ഷിച്ച് മണ്ണും രാജ്യവും കാക്കുന്ന ഒരു സൈനികന്റെ കുപ്പായം അണിയുന്ന അദ്ദേഹത്തിന്റെ യാത്ര പലർക്കും പ്രചോദനമാണ്.
ലഖ്‌നൗവിലെ നീൽമത്തയിലാണ് ശർദേന്ദു താമസിക്കുന്നത്. അദ്ദേഹത്തിന്റെ കുടുംബം സുൽത്താൻപൂർ ജില്ലയിലെ പൈർഗാവിലാണ്. കുടുംബത്തിലെ രണ്ടാം സൈനികനാണ് അദ്ദേഹം. 36 വർഷത്തോളം ആർമി സർവീസ് കോപ്സിൽ സേവനമനുഷ്ഠിച്ച് വിരമിച്ച ഹോണററി ക്യാപ്റ്റൻ രാജ് കുമാർ തിവാരിയാണ് അദ്ദേഹത്തിന്റെ പിതാവ്. അച്ഛനിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് ശർദേന്ദു കുട്ടിക്കാലം മുതൽ തന്നെ സൈന്യത്തോട് ആത്മബന്ധം പുലർത്തിയിരുന്നത്. ഹരിയാനയിലെ ചണ്ഡിമന്ദിർ കേന്ദ്രീയ വിദ്യാലയത്തിൽ സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയ അദ്ദേഹം പഞ്ചാബ് എൻജിനീയറിങ് കോളേജിൽ നിന്ന് ഇൻഫർമേഷൻ ടെക്നോളജിയിൽ ബി.ടെക്കും, കമ്പ്യൂട്ടർ സയൻസിലും ഇൻഫർമേഷൻ സെക്യൂരിറ്റിയിലും എം.ടെക്കും കരസ്ഥമാക്കി.
എളുപ്പമായിരുന്നില്ല ശർദേന്ദുവിന്റെ ഈ വഴി. സൈന്യത്തിലേക്ക് തെരഞ്ഞെടുക്കപ്പെടാൻ അദ്ദേഹം എട്ട് തവണയാണ് കഠിന പരിശ്രമങ്ങൾ നടത്തിയത്. ഒടുവിൽ തോൽവികളെ വകവെക്കാതെ തന്റെ ലക്ഷ്യത്തിൽ ഉറച്ചുനിന്ന് അദ്ദേഹം വിജയം നേടി. സാങ്കേതിക വൈദഗ്ധ്യം സൈന്യത്തിൽ പ്രയോജനപ്പെടുത്താൻ സഹായിക്കുന്ന ടെക്നിക്കൽ എൻട്രി വഴിയാണ് അദ്ദേഹം സേനയിലേക്ക് പ്രവേശിച്ചത്.
സൈനിക ജീവിതത്തിലെ സാഹസികതയും ഫീൽഡ് സർവീസുമാണ് തന്നെ ഇതിലേക്ക് കൂടുതൽ ആകർഷിച്ചതെന്ന് അദ്ദേഹം പറയുന്നു. ഒടിഎ ഗയയിലെ പരിശീലന കാലയളവിൽ മികച്ച നേതൃപാടവം പ്രകടിപ്പിച്ച അദ്ദേഹത്തിന് അക്കാദമിയിലെ ഏറ്റവും ഉയർന്ന കേഡറ്റ് പദവികളിലൊന്നായ സീനിയർ അണ്ടർ ഓഫീസർ (SUO) സ്ഥാനം ലഭിക്കുകയുണ്ടായി. ഒഴിവുസമയങ്ങളിൽ ബാസ്കറ്റ്ബോളും ടേബിൾ ടെന്നീസും കളിക്കാൻ ഇഷ്ടപ്പെടുന്ന ശർദേന്ദു തിവാരി കരിയറിലെ ഉയർന്ന സാമ്പത്തിക നേട്ടങ്ങൾ മാറ്റിവെച്ച് രാജ്യത്തിനായി ജീവിതം സമർപ്പിച്ചതിലൂടെ ഇന്ന് വലിയൊരു മാതൃകയായി മാറുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

