കാല്‍പന്തുകളിയെ പ്രണയിച്ച സന്തോഷ് ട്രോഫി താരം സന്തോഷ്
text_fieldsസന്തോഷ്
ബംഗളൂരു: കെ.ആര്‍. പുരം ഐ.ടി.ഐ ഫുട്ബാള്‍ ഗ്രൗണ്ട് പതിവുപോലെ സജീവമാകുകയാണ്. കാല്‍നടയായും സൈക്കിളിലും കുട്ടികള്‍ വന്നു തുടങ്ങി. പാഠപുസ്തകത്തിലെ അറിവുകള്‍ക്കൊപ്പം തന്നെ ശാരീരികക്ഷമത നിലനിര്‍ത്തുകയും ചെയ്യണമെന്ന വലിയ പാഠം പഠിപ്പിക്കുകയാണ് കോച്ചുമാർ. വര്‍ഷങ്ങളായി ഐ.ടി.ഐ ഗ്രൗണ്ട് വൈകുന്നേരത്തെ ഫുട്ബാള്‍ ആരവങ്ങള്‍ക്ക് കാതോര്‍ക്കുന്നു. എസ്.ജി.ഐ ഫുട്ബാള്‍ അക്കാദമി പറയുന്നത് ദീര്‍ഘകാല സൗഹൃദത്തിന്‍റെ കഥകളാണ്. ഐ.ടി.ഐ ഫുട്ബാള്‍ ടീമില്‍ ഒരുമിച്ച് കളിച്ച മൂന്നു സുഹൃത്തുക്കളുടെ കൂട്ടായ്മയാണ് ഈ ഫുട്ബാള്‍ കോച്ചിങ് സെന്‍റര്‍. ഇതിലെ മലയാളി സാന്നിധ്യമാണ് കണ്ണൂര്‍ സ്വദേശിയായ സന്തോഷ്.
വര്‍ഷങ്ങളോളം ഇന്ത്യയിലുടനീളം ഫെഡറേഷന്‍ കപ്പ്, ഐ.എഫ്.എസ് ഷീല്‍ഡ്, സിക്കിം ഗോള്‍ഡ് കപ്പ് തുടങ്ങി നിരവധി ടൂര്‍ണ്ണമെന്‍റുകളുടെ ഭാഗമാകുകയും സുശാന്ത്, വികാസ് പാന്‍ ജി, ഭാട്ടിയ, പരമേന്ദ്ര, പാപ്പച്ചന്‍, ഷറഫലി, ചാക്കൊ, ഐ.എം. വിജയന്‍ എന്നീ താരങ്ങളുടെ കൂടെ കല്‍പന്തുകളിയില്‍ ശ്രദ്ധേയമായ നേട്ടങ്ങള്‍ കൊയ്യുകയും ചെയ്ത സന്തോഷ് ട്രോഫി താരം കൂടിയായ സന്തോഷ് കുട്ടിപ്പട്ടാളത്തെ വരവേല്‍ക്കാന്‍ നില്‍ക്കുകയാണ്.
ചെറുപ്പത്തിലെ ഫുട്ബാള്‍ ഭ്രമം ഉണ്ടായിരുന്നുവെങ്കിലും സന്തോഷ് പത്താം വയസിലാണ് ഫുട്ബാള്‍ കളിയിലേക്ക് വരുന്നത്. കണ്ണൂരിലെ സ്റ്റേഡിയത്തിനടുത്തുള്ള ട്രെയിനിങ് സെന്‍ററായ ഫൂട്ബാള്‍ ഫ്രണ്ട് കോച്ചിങ് സെന്‍ററില്‍ ആയിരുന്നു ആദ്യപരിശീലനം. ഭരതന്‍ കോച്ചിന്‍റെ നേതൃത്വത്തില്‍ 60 കുട്ടികളോടൊപ്പം സന്തോഷും ഫൂട്ബാളിന്‍റെ ബാലപാഠം പഠിച്ചു തുടങ്ങി. ഫൂട്ബാള്‍ ഫ്രണ്ട് കോച്ചിങ് സെന്‍ററില്‍ ട്രെയിനിങ് കഴിഞ്ഞ ശേഷം സ്പിരിറ്റഡ് യൂസ് എന്ന ക്ലബ്ബിലെ ജൂനിയര്‍ ടീമില്‍ രണ്ടു വര്‍ഷം കളിച്ചു. ശേഷം കണ്ണൂര്‍ ജില്ലാ ടീമിലേക്ക് സെലക്ഷന്‍ കിട്ടി. അന്ന് 14 ജില്ലകള്‍ തമ്മിലുള്ള ടൂര്‍ണമെന്‍റില്‍ ഏഴു ഗോള്‍ നേടി ആ വര്‍ഷത്തെ ബെസ്റ്റ് പ്ലെയറും ടോപ് സ്കോററുമായി. ആ വിജയത്തോടെ സന്തോഷ് ട്രോഫി ക്യാമ്പിലേക്ക് സെലക്ഷന്‍ കിട്ടി.
തിരുവനന്തപുരത്തായിരുന്നു ക്യാമ്പ്. ടൂര്‍ണമെന്‍റ് നടന്നത് ബംഗളൂരുവില്‍ വെച്ചായിരുന്നു. അന്നത്തെ കളിയുടെ ഫൈനല്‍ മത്സരം ഗോവയില്‍ ആയിരുന്നു. അതില്‍ ടീം റണ്ണര്‍ അപ് ആയി. ഗോവയായിരുന്നു വിന്നര്‍. അതേ വര്‍ഷം തന്നെ ജൂനിയര്‍ ഇന്ത്യയിലും സന്തോഷ് കളിച്ചു. ആകസ്മികമായി ഐ.ടി.ഐ മാനേജ്മെന്‍റ് കളി കാണാന്‍ വരികയും നന്നായി കളിക്കുന്ന അഞ്ചു പേരെ ടീമില്‍ നിന്നും തെരഞ്ഞെടുക്കുകയും ചെയ്തു.
അതില്‍ ഒരാള്‍ സന്തോഷ് ആയിരുന്നു. സന്തോഷിന് അന്ന് പ്രായം 19 വയസ്. 1989 ലെ ഇതേ മത്സര വേദിയിലാണ് അന്നപ്പയും സന്തോഷും കണ്ടുമുട്ടുന്നത്. അന്നപ്പ കര്‍ണാടകക്ക് വേണ്ടി കളിക്കുമ്പോള്‍ സന്തോഷ് എതിര്‍ ടീമായ കേരളത്തിന് വേണ്ടി കളിക്കുകയായിരുന്നു.ഐ.ടി.ഐ ടീമില്‍ സെലക്ഷന്‍ കിട്ടിയതോടെ ഇരുവരും ഒരുമിച്ചായി കളികള്‍. 1990 മര്‍ച്ചിലാണ് സന്തോഷ് ഐ.ടി.ഐയില്‍ ജോയിന്‍ ചെയ്യുന്നത്.
ഇന്ത്യന്‍ ടെലിഫോണ്‍ ഇന്‍ഡസ്ട്രീസ് (ഐ.ടി.ഐ) പ്രൗഢിയുടെ കൊടുമുടിയില്‍ നിന്ന കാലത്ത് ടീമില്‍ കളിച്ചവരാണ് മൂവരും. പിന്നീട് 1990-2004 വരെ തുടര്‍ച്ചയായി 14 വര്‍ഷങ്ങള്‍ ഐ.ടി.ഐക്ക് വേണ്ടി കളിച്ചു. ഫുട്ബാള്‍ ലഹരി ആസ്വദിച്ച നാളുകള്‍. ഇന്ത്യയിലെ വിവിധ സംസ്ഥനങ്ങളില്‍ നിരവധി മത്സരങ്ങള്‍. രാവും പകലും ഫുട്ബാളിനായിനായി മാത്രം വിയര്‍ത്ത നാളുകള്‍. പരാജയവും വിജയവും കൈപ്പിയിടിയിലൊതുക്കി മുന്നേറിയ നിമിഷങ്ങള്‍. 2001ല്‍ സന്തോഷ് കര്‍ണാടക സംസ്ഥാന ക്യാപ്റ്റന്‍ ആയി.
ഐ.ടി.ഐയുടെ സ്വകാര്യ കമ്പനികളുമായുള്ള മത്സരത്തില്‍ ഫുട്ബാളിന്‍റെ വസന്ത കാലവും അവസാനിച്ചു. 1997 മുതല്‍ കമ്പനി തകര്‍ച്ചയുടെ പടവുകള്‍ കയറാന്‍ തുടങ്ങി. അപ്പോഴും പുതു തലമുറക്ക് തങ്ങളുടെ അനുഭവ സമ്പത്ത് കൈമാറാന്‍ വേണ്ടി ഒരു കോച്ചിങ് സെന്‍റര്‍ എന്ന ആശയം മൂവരുടെയും മനസിലുമുദിച്ചു. സന്തോഷ്, ഗോപാല്‍, അന്നപ്പ മൂവരുടെയും പേരിലെ ആദ്യ അക്ഷരങ്ങള്‍ ചേര്‍ത്ത് എസ്.ജി.ഐ ആരംഭിച്ചു.
പിന്നീട് പരിക്കുകള്‍ മൂലം കാല്‍ മുട്ട് ഓപറേഷന്‍ ചെയ്യേണ്ടി വന്നു. മത്സരങ്ങള്‍ കുറക്കേണ്ടി വന്നു. മനോവീര്യം കുറക്കാതെ പുതു തലമുറയുടെ ഹൃദയത്തില്‍ ആവേശത്തിരയിളക്കം സൃഷ്ടിക്കാന്‍ മൂവര്‍ സംഘം ഓരോ സായാഹ്നങ്ങളിലും ഗ്രൗണ്ടിലെത്തും. മതസരങ്ങളും സെലക്ഷനും എല്ലാം സ്വകാര്യ വല്‍ക്കരണത്ഥിന് വഴി മാറുമ്പോഴും ഐ.ടി.ഐ ടീമിന്‍റെ മിന്നും താരങ്ങള്‍ കര്‍മ്മനിരതരാണ്. ഭാര്യ ജിഷയും മകന്‍ അഭിനന്ദും അടങ്ങുന്നതാണ് സന്തോഷിന്‍റെ കുടുംബം. അച്ഛന്‍ ഭരതന്‍, അമ്മ ചന്ദ്രിക. സഹോദരങ്ങള്‍: സുശീല്‍, സ്മിത, സ്വപ്ന. അമ്മാവന്‍മാര്‍ രണ്ടുപേരും ഫുട്ബാള്‍ കളിക്കാര്‍ ആയിരുന്നു. കണ്ണൂരിലെ ലക്കി സ്റ്റാര്‍ എന്ന ക്ലബ്ബിന് വേണ്ടിയാണ് അവര്‍ കളിച്ചത്.
പഴയ കാലം
ഐ.ടി.ഐ ഫുട്ബാള്‍ ടൂര്‍ണ്ണമെന്‍റിന്‍റെ പ്രതാപകാലത്ത് കളി കാണാന്‍ ഐ.ടി.ഐയിലെ മുഴുവന്‍ ജോലിക്കാരും 10 ലധികം ബസുകളിലായി സ്റ്റേഡിയത്തില്‍ എത്തും ഏകദേശം 200 ഓളം ജോലിക്കാര്‍ ഉണ്ടാവും പൊതുജനങ്ങള്‍ വേറെയും. അന്നൊക്കെ ഗോവ, ബോംബെ, ഡെല്‍ഹി, സിക്കിം അങ്ങനെ തുടരെ ടൂര്‍ണമെന്‍റുകള്‍ ആയിരുന്നു. ഐ.എസ്.എല്ലിനെക്കാളും ക്ലബ് ടൂര്‍ണമെന്‍റാണ് സന്തോഷിനിഷ്ടം.
കളിക്കാര്‍ക്ക് അന്ന് നിയമനങ്ങൾ ധാരാളം ലഭിച്ചിരുന്നു. ഇന്ന് നിയമനങ്ങള്‍ ഒരിടത്തും നടക്കുന്നില്ല. ഫുട്ബാള്‍ കളിയില്‍ നിന്നും ലഭിക്കുന്ന വരുമാനം വര്‍ധിച്ചതിനാല്‍ കുട്ടികള്‍ക്ക് ഇപ്പോള്‍ പങ്കെടുക്കാന്‍ താല്‍പര്യം ഉണ്ട്. അച്ചടക്കം, അനുസരണ എന്നിവ കൈമുതലാക്കിയല്‍ ഈ മേഖലയില്‍ മുന്നേറാമെന്ന് സന്തോഷ് പറയുന്നു.
ഫുട്ബാള്‍ കളിയുടെ പ്രതാപം കെട്ടടങ്ങിയെങ്കിലും ഐ.ടി.ഐയില്‍ ഗ്രേഡ് വണ്‍ ഓഫിസര്‍ ആയി ജോലി ചെയ്യുന്ന സന്തോഷ് പതിവ് ജോലിക്കിടയിലും പരിശീലനം മുടക്കാറില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

