ഷികാഗോ മാരത്തൺ കീഴടക്കി സമീൽ അഷ്റഫ്
text_fieldsസമീൽ ഷികാഗോ മാരത്തൺ പൂർത്തിയാക്കിയശേഷം
ദുബൈ: ലോകത്തിലെ ഏറ്റവും പ്രധാന അഞ്ചു മാരത്തണുകളിൽ ഒന്നായ ഷികാഗോ മാരത്തൺ ഓടിത്തീർത്ത് മലയാളി. ദുബൈയിൽ എമിറേറ്റ്സ് എയർലൈൻസ് ഐ.ടി പ്രോഗ്രാം മാനേജറും കണ്ണൂർ സ്വദേശിയുമായ മുഹമ്മദ് സമീൽ അഷ്റഫാണ് 42.2 കി.മീറ്റർ ദൈർഘ്യംവരുന്ന ഷികാഗോ മാരത്തൺ കീഴടക്കിയത്. ഒന്നര വർഷം മുമ്പ് മാത്രം ഓട്ടം തുടങ്ങിയ സമീൽ 5.30 മണിക്കൂറിലാണ് മാരത്തൺ പൂർത്തിയാക്കിയത്. ജീവിതത്തിൽ ആദ്യമായാണ് ഇത്രയും ദൂരം ഓടിയതെന്ന പ്രത്യേകതയുമുണ്ട്.
ബർലിൻ, ന്യൂയോർക്ക്, ലണ്ടൻ, ജപ്പാൻ, ഷികാഗോ എന്നിവയാണ് ലോകത്തിലെ ഏറ്റവും പ്രധാന അഞ്ചു മാരത്തൺ. മറ്റു മാരത്തണുകളെ അപേക്ഷിച്ച് അൽപം കാഠിന്യം കുറവാണ് ഷികാഗോയിലേത് എന്ന് സമീൽ പറയുന്നു. മലനിരകളോ കയറ്റിറക്കങ്ങളോ ഇല്ല. രാവിലെ 7.30നായിരുന്നു തുടങ്ങിയത്. യു.എസിലെ കൊളറാഡോയിലും ദുബൈയിലും 21 കിലോമീറ്റർ ഓടിയതാണ് മുമ്പത്തെ റെക്കോഡ്.
ഇതിന്റെ ഇരട്ടിയാണ് ഷികാഗോയിൽ ഓടേണ്ടതെങ്കിലും ആത്മവിശ്വാസം മാത്രം കൈമുതലാക്കിയാണ് ഓട്ടം തുടങ്ങിയത്. ഷികാഗോയിലെ കാണികൾ നൽകിയ പ്രോത്സാഹനമാണ് ഓടിത്തീർക്കാൻ കൂടുതൽ ഊർജം നൽകിയതെന്ന് സമീൽ പറഞ്ഞു. ജഴ്സിയിൽ പേരുണ്ടെങ്കിൽ പേരു വിളിച്ച് പ്രോത്സാഹിപ്പിക്കുന്നവരാണ് അവിടെയുള്ളവർ. രാവിലെ ഓട്ടം തുടങ്ങുമ്പോൾ തണുത്ത കാലാവസ്ഥയായിരുന്നെങ്കിലും ഉച്ചയോടെയാണ് പൂർത്തിയാക്കിയത്.
ഏതെങ്കിലും മാരത്തൺ 3.10 മണിക്കൂറിൽ ഓടിത്തീർക്കുന്നവർക്ക് മാത്രമാണ് ഷികാഗോ മാരത്തണിലേക്ക് പ്രവേശനം. എന്നാൽ, രജിസ്റ്റർ ചെയ്യുന്നവരിൽനിന്ന് നറുക്കിട്ടെടുക്കുന്നവർക്കും പ്രവേശനം നൽകുന്നുണ്ട്. നറുക്കിന്റെ ഭാഗ്യത്തിലൂടെയാണ് സമീൽ ഷികാഗോയിൽ ഓടിയ 42,000 പേരിൽ ഒരാളായത്. മാരത്തണിൽ ഓടുന്നതിന് മുമ്പ് 32 കിലോമീറ്ററെങ്കിലും ഓടി പരിശീലിച്ചിരിക്കണമെന്നാണ് നിർദേശം.
എന്നാൽ, ദുബൈയിൽ ചൂടുകാലമായതിനാൽ ഇതിന് കഴിഞ്ഞിരുന്നില്ല. മുമ്പ് 21 കിലോമീറ്റർ 2.15 മണിക്കൂറിൽ ഓടിത്തീർത്തതിന്റെ ആത്മവിശ്വാസമുണ്ടായിരുന്നു. തായ്ലൻഡിലും പരിശീലനം നടത്തിയിരുന്നു. ഒന്നരവർഷം മുമ്പ് സഹോദരൻ 10 കി.മീ. ഓടിയപ്പോൾ കൂടെ അഞ്ചു കി.മീറ്റർ ഓടിത്തുടങ്ങിയതാണ് സമീൽ. പിന്നീട് ഇത് ആസ്വദിക്കാൻ തുടങ്ങിയതോടെ ഓട്ടം സ്ഥിരമാക്കി. എമിറേറ്റ്സ് റണ്ണിങ് ക്ലബിൽ പരിശീലനം നടത്താറുണ്ട്.
ഷികാഗോയിലുള്ള ഭാര്യാസഹോദരൻ മിൻഹജ് അഷ്റഫിന്റെ പ്രോത്സാഹനമാണ് ഈ മാരത്തൺ തെരഞ്ഞെടുക്കാൻ കാരണം. സഹപ്രവർത്തകനും സുഹൃത്തുമായ മൻസൂറാണ് സമീലിന്റെ സഹ ഓട്ടക്കാരൻ. ഭാര്യ മസ്ലയുടെയും പിതാവ് അഷ്റഫിന്റെയും മക്കളായ ജിയ, സോയ എന്നിവരുടെയും അകമഴിഞ്ഞ പിന്തുണയും പ്രോത്സാഹനവും സമീലിനൊപ്പമുണ്ട്. റാസൽഖൈമ ഹാഫ് മാരത്തണിലും ദുബൈ റണ്ണിലും ഓടാനുള്ള തയാറെടുപ്പിലാണ് സമീൽ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

