ശൈത്യമായാൽ സലാഹുദ്ദീൻ കൃഷിത്തോട്ടത്തിൽ തിരക്കിലാണ്
text_fieldsസലാഹുദ്ദീൻ താൻ വിളയിച്ച പച്ചക്കറിയുമായി
ദോഹ: തന്റെ പിതാവിൽനിന്ന് സ്വായത്തമാക്കിയ കൃഷി പാഠങ്ങളുടെ നേരറിവുമായി പ്രവാസി മലയാളി സലാഹുദ്ദീൻ തുമാമയിലെ വില്ലയിൽ കൃഷിയിൽ സജീവമാണ്. താൻ പഠിച്ച കൃഷിപാഠങ്ങൾ ഗൾഫിലെ ശൈത്യ കാലാവസ്ഥക്ക് അനുകൂലമായി ഉപയോഗപ്പെടുത്തി നട്ടുപിടിപ്പിച്ച തൈകളുടെ വിളവെടുപ്പിലാണ് അദ്ദേഹം. പച്ചമുളക്, തക്കാളി, വെണ്ടക്ക, കൈപ്പക്ക, വെള്ളരിക്ക തുടങ്ങി മലയാളികളുടെ ഇഷ്ട പച്ചക്കറികളെല്ലാം സലാഹുദ്ദീന്റെ തോട്ടത്തിൽ വിളഞ്ഞുനിൽക്കുന്നു.
പാകമായത് വിളവെടുക്കുകയും അതേ സ്ഥാനത്ത് പുതിയവ നട്ടുപിടിപ്പിക്കുകയും ചെയ്യുന്നു. വിളവെടുത്തവ സുഹൃത്തുക്കളെ വിളിച്ചു കൊടുക്കാറാണ് പതിവ്. കൂടാതെ അറബ് നാടുകളിലെ പ്രിയപ്പെട്ട പഴവർഗമായ ശമാമും ഇദ്ദേഹത്തിന്റെ തോട്ടത്തിൽ യഥേഷ്ടം വിളയുന്നു.
കൃഷിയെ സംബന്ധിച്ച് കൃത്യമായ കാഴ്ചപ്പാടുള്ള കൃഷിക്കാരനാണ് സലാഹുദ്ദീൻ. തന്റെ കൃഷിയിടത്തിൽ രാസവളങ്ങൾ ഉപയോഗിക്കാറില്ല. പകരം, സ്വന്തമായി നിർമിച്ച ജൈവ വളങ്ങളാണ് ഉപയോഗിക്കുന്നത്. മൂത്ത തൈകളുടെ പഴുത്ത ഇലകളും കൊഴിഞ്ഞുവീഴുന്ന മറ്റു ഇലകളും വെള്ളത്തിൽ 30 ദിവസം കുതിർത്തി ഉണ്ടാക്കുന്ന മിശ്രിതമാണ് ഉപയോഗിക്കുന്നത്. ഈ വളം ഉപയോഗിച്ചാൽ ഫലങ്ങളെ ആക്രമിക്കുന്ന കീടങ്ങളെ തുരത്താനാകുമെന്ന് സലാഹുദ്ദീൻ അനുഭവം പങ്കുവെക്കുന്നു.
വെർട്ടിക്കൽ കൃഷി രീതിയാണ് ഇദ്ദേഹം അവലംബിക്കുന്നത്. മുകളിലേക്ക് ഏണികൾ വെച്ചുകൊടുത്തു വള്ളികൾ അതിലൂടെ പടർത്തി കയറ്റുന്നതാണ് ഈ കൃഷിരീതി. ഇതുമൂലം വിസ്തൃതമായ തറയുടെ ആവശ്യമില്ല. മലപ്പുറം ജില്ലയിലെ വാഴക്കാട് സ്വദേശിയായ സലാഹുദ്ദീൻ തന്റെ കൃഷിരീതി മറ്റുള്ളവർക്ക് പകർന്നുനൽകാനും തയാറാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

