റൈഡർ റഹീം
text_fieldsപ്രധാനമായും ഇമാറാത്തികളെ ലക്ഷ്യമിട്ട് നടത്തുന്ന സൈക്ലിങ് ചാമ്പ്യൻഷിപ്പാണ് അൽ സലാം ചാമ്പ്യൻഷിപ്പ്. ഒരുകാലത്ത് ഇമാറാത്തികൾക്ക് മാത്രമായിരുന്ന ഈ ചാമ്പ്യൻഷിപ്പിലേക്ക് അടുത്തിടെയാണ് മറ്റ് രാജ്യക്കാർക്കും എൻട്രി നൽകി തുടങ്ങിയത്. രണ്ട് ലക്ഷം ദിർഹം സമ്മാനതുകയുള്ള ഈ ചാമ്പ്യൻഷിപ്പ് യു.എ.ഇ വൈസ്പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂമിന്റെ ഓഫിസ് നേരിട്ട് നടത്തുന്നതാണ്. ഇതിന്റെ കഴിഞ്ഞ എഡിഷനിലെ ഏക ഇന്ത്യൻ സാന്നിധ്യമായി മാറിയിരിക്കുകയാണ് പാലക്കാട് മണ്ണാർകാട് സ്വദേശി അബ്ദുൽ റഹീം. യോഗ്യത കടമ്പയിൽ പരീക്ഷണം നടത്താൻ പല ഇന്ത്യക്കാരുമുണ്ടായിരുന്നെങ്കിലും യോഗ്യത ലഭിച്ചത് റഹീമിന് മാത്രമായിരുന്നു. സൈക്ലിങ് ഫെഡറേഷനിൽ രജിസ്റ്റർ ചെയ്തവരെയും ഇൻഷ്വർ ചെയ്ത സൈക്കിളുള്ളവരെയും മാത്രമാണ് അൽ സലാം ചാമ്പ്യൻഷിപ്പിലേക്ക് പരിഗണിക്കുന്നത്.
ഷിന്ദഗ മ്യൂസിയം മുതൽ അൽ ഖുദ്ര വരെ 172 കിലോമീറ്ററാണ് അൽ സലാം ചാമ്പ്യൻഷിപ്പ്. ഈ ഭാഗത്തെ റോഡുകൾ േബ്ലാക്ക് ചെയ്തായിരുന്നു മത്സരം. 4.45 മണിക്കൂറിലാണ് റഹീം ഈ ദൂരം താണ്ടിയത്. 4.10 മണിക്കൂർ ആയിരുന്നു കട്ട് ഓഫ് സമയമെങ്കിലും അൽപം വൈകിയാണെങ്കിലും ലക്ഷ്യത്തിലെത്തിയത് വലിയ നേട്ടമാണ്. 160ഓളം പേർ പങ്കെടുത്ത മത്സരത്തിൽ ഷബാബ് അൽ അഹ്ലി ടീമിന്റെ താരമാണ് കിരീടം സ്വന്തമാക്കിയത്. ഷാർജ നസ്വയിലായിരുന്നു യോഗ്യത മത്സരം. 100 കിലോമീറ്റർ മൂന്ന് മണിക്കൂറിനുള്ളിൽ താണ്ടുന്നവർക്കായിരുന്നു യോഗ്യത.
ദുബൈ ഡി.എക്സ്.ബി റൈഡേഴ്സ് അംഗമായ റഹീം വർഷങ്ങളായി സൈക്കിൾ റൈഡ് തുടങ്ങിയിട്ട്. എന്നാൽ, ഒരു വർഷം മുൻപാണ് റേസിങ് മത്സരം ഗൗരവമായെടുത്തത്. നാട്ടിൽ മണ്ണാർകാട് പെഡലേഴ്സ് എന്ന സെക്ലിങ് ക്ലബ്ബ് അംഗമാണ്. നാല് റൈഡ് ഫിനിഷ് ചെയ്ത് സൂപ്പർ റാൻഡോണെയർ പദവി നേടിയിരുന്നു. 200, 300, 400, 600 കിലോമീറ്റർ റൈഡുകൾ നിശ്ചിത സമയത്ത് പൂർത്തീകരിച്ചാണ് ഈ നേട്ടം കൊയ്തത്. ചെന്നൈയിലെത്തിയാണ് 400 കിലോമീറ്റർ റൈഡ് ചെയ്തത്. കോഴിക്കോട്ട് നിന്ന് ഉടുപ്പിയിലേക്കായിരുന്നു 600 കിലോമീറ്റർ യാത്ര. യു.എ.ഇയിൽ 200 കിലോമീറ്റർ ബി.ആർ.എം പൂർത്തിയാക്കി. റിഡ്ലിയുടെ സൈക്കിളിലാണ് പ്രയാണം. ദുബൈയിൽ ചെറിയ മൗണ്ടെയ്ൻ റേസുകളിലും പങ്കെടുത്തുവരുന്നു. 10 വർഷമായി യു.എ.ഇയിലുള്ള റഹീം സർക്യൂട്ട് വീൽസ് സൈക്കിൾ ഷോപ്പ് മാനേജരാണ്. സൈക്കിളിനോടുള്ള ഇഷ്ടമാണ് ഈ ഫീൽഡിൽ റഹീമിനെ എത്തിച്ചത്. ഫെബ്രുവരിയിൽ നടക്കുന്ന സ്പിന്നീസ് റേസിലും പങ്കെടുക്കുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

