റഷീദ് ഇമേജ്; നഗരത്തിന്റെ മുഖച്ഛായ മാറ്റിയ കലാകാരൻ
text_fieldsറഷീദ് ഇമേജ്
സുൽത്താൻ ബത്തേരി: നഗരത്തിന്റെ മുഖച്ഛായ മാറ്റിയ കലാകാരനാണ് ചൊവ്വാഴ്ച രാവിലെ മരണപ്പെട്ട റഷീദ് ഇമേജ്. നഗരത്തിന്റെ സൗന്ദര്യവത്കരണത്തിൽ അദ്ദേഹത്തിനുള്ള പങ്ക് വിലപ്പെട്ടതായിരുന്നു. വൃത്തിഹീനമായ ചുമരുകളും ഉപേക്ഷിക്കപ്പെട്ട കെട്ടിടങ്ങളും റഷീദ് മനോഹര കലാരൂപങ്ങളാക്കി.
നഗരത്തിൽ എത്തുന്നവർക്ക് കുളിർമയേകുന്ന കാഴ്ചയായിരുന്നു ഓരോ ചുമർചിത്രവും. ബത്തേരി പഴയ ബസ് സ്റ്റാൻഡിലെ പ്രവേശന കവാടത്തിലും സമീപത്തെ കെട്ടിടത്തിന്റെ ചുമരിലും പഴയ താലൂക്ക് ആശുപത്രിയുടെ ഭിത്തികളിലും റഷീദിന്റെ കരവിരുത് ദൃശ്യമാണ്.
ചുങ്കത്തും കോട്ടക്കുന്നിലും അസംപ്ഷന് ജങ്ഷനിലും റഷീദിന്റെ സാമീപ്യമില്ലാത്ത ഒരിടം പോലുമില്ല. ചായ കൂട്ടങ്ങൾ നിറച്ച പാത്രങ്ങളുമായി തെരുവോരങ്ങളിൽ ചിത്രം വരയ്ക്കുന്ന റഷീദ് ബത്തേരിക്കാർക്ക് സാധാരണ കാഴ്ചയാണ്. നഗരത്തിൽ നിന്ന് അൽപം വിട്ടുള്ള ഫെയർലാൻഡിലെ താലൂക്ക് ആശുപത്രിക്ക് മുന്നിൽ ഉപേക്ഷിപ്പിക്കപ്പെട്ട ആംബുലൻസും മനോഹരമായ ഒരു ചിത്രമാക്കിമാറ്റി.
പരിസ്ഥിതിയെ സ്നേഹിച്ച ഇദ്ദേഹം അതുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളിലും സജീവമായിരുന്നു. റഷീദിന്റെ നിര്യാണത്തിൽ ചൊവ്വാഴ്ച വൈകീട്ട് ബത്തേരി സ്വതന്ത്ര മൈതാനിയിൽ അനുസ്മരണയോഗം ചേർന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

