രൂപഭേദം വരുത്തിയ സ്കൂട്ടറിനെ പറക്കും തളികയാക്കി രാജൻ
text_fieldsലൈറ്റുകൾ മിന്നിത്തിളങ്ങുന്ന സ്കൂട്ടറുമായി രാജൻ
കായംകുളം: പ്രകാശ വിസ്മയവുമായി ടി.വി.എസ് മോപഡിൽ കുതിക്കുന്ന രാജൻ ഫ്രീക്കൻമാരെ അസൂയപ്പെടുത്തുന്നു. ടാക്സി ഡ്രൈവറായ പത്തിയൂർ കിഴക്ക് തിരുവിനാൽ തറയിൽ രാജന്‍റെ (62) സ്കൂട്ടറും ഹെൽമറ്റുമാണ് നഗരത്തിന് കൗതുകക്കാഴ്ച. മിന്നിത്തിളങ്ങുന്ന പ്രകാശ വിസ്മയമാണ് വാഹനത്തിന്‍റെയും ഹെൽമറ്റിന്‍റെയും പ്രത്യേകത.
അധിക ഫിറ്റിങ്ങുകളും സ്റ്റിക്കറുകളും ഉപയോഗിച്ചാണ് സ്കൂട്ടറിനെ രൂപഭേദം വരുത്തിയത്. ഒ.ഡിയുടെയും മാരുതി സ്വിഫ്റ്റിന്‍റെയും ലോഗോകളും പതിച്ചിരിക്കുന്നു.വാഹനത്തിന്‍റെ പിറകിലെ എൽ.ഇ.ഡി ലൈറ്റുകൾ രാത്രിയാത്രയിലെ ഭംഗിക്ക് ഒപ്പം അപകടസാധ്യത ഒഴിവാക്കാനും സഹായിക്കുന്നു.
ഹെൽമറ്റിലും ഇതുതന്നെയാണ് സ്ഥിതി. മിന്നിത്തിളങ്ങുന്ന ഹെൽമറ്റ് രാത്രിയാത്രയെ സുരക്ഷിതമാക്കുന്നതായി രാജൻ പറയുന്നു. വശങ്ങളിലും പിറകിലും എൽ.ഇ.ഡി ലൈറ്റുകളും മുൻവശത്ത് കണ്ണാടിയുമാണ് ഹെൽമറ്റിൽ ഘടിപ്പിച്ചിരിക്കുന്നത്. ഒന്നര വർഷം മുമ്പ് അപകടത്തിൽ പരിക്കേറ്റതിന്‍റെ അനുഭവങ്ങളാണ് വാഹനത്തിൽ ഇത്തരം പരിഷ്കരണത്തിന് കാരണമായതെന്ന് രാജൻ പറയുന്നു.
കൊറ്റുകുളങ്ങരയിൽവെച്ചാണ് പിന്നാലെ വന്നവർ രാജനെ ഇടിച്ചിട്ടത്. കൈക്ക് സാരമായി പരിക്കേറ്റ് മൂന്ന് മാസത്തോളം കിടക്കേണ്ടി വന്നു. നാല് പല്ലും നഷ്ടമായിരുന്നു. ഇതിനുശേഷമാണ് ഇനിയൊരു അപകടമുണ്ടാകാതിരിക്കാൻ വാഹനത്തിന് എന്തെങ്കിലും പ്രത്യേകതയുണ്ടാകണമെന്ന് തീരുമാനിച്ചത്. ആശുപത്രിയിൽനിന്നിറങ്ങി ഒരാഴ്ച കഴിഞ്ഞപ്പോഴാണ് സ്കൂട്ടറിലും ഹെൽമറ്റിലും അധികമായി ലൈറ്റുകൾ ഘടിപ്പിച്ചത്.
45 വർഷമായി നഗരത്തിൽ ടാക്സി ഡ്രൈവറായി ജോലി ചെയ്യുന്ന രാജൻ അപകടരഹിത ഡ്രൈവിങ്ങാണ് ഇഷ്ടപ്പെടുന്നത്. ഭാര്യ സിന്ധുവും മക്കളായ രാജീവും സജയുമാണ് സ്കൂട്ടറിലെ പരിഷ്കരണത്തിന് സഹായികളായി ഒപ്പമുണ്ടായിരുന്നതെന്നും ഇദ്ദേഹം പറഞ്ഞു.