അഭിമാനകരമായ ഈ മാതൃകയില്‍ ഞാനുമുണ്ട്
text_fieldsഇർ ഫാൻ പകര
കാത്തുകാത്തിരുന്ന മുഹൂർത്തം പൊടുന്നനെ കൊഴിഞ്ഞുപോയതുപോലെയുള്ള വീര്‍പ്പുമുട്ടൽ ഇപ്പോഴും ഉള്ളിലുണ്ട്. ദോഹയിലെത്തിയിട്ട് പത്തുവര്‍ഷമായി. ലോകകപ്പ് പോലൊരു മഹാമേളയിൽ പങ്കെടുക്കുന്നതും അതിന്റെ ഭാഗമാകുന്നതും അഭിമാനകരമായിരുന്നു. കേരളത്തിലെ സാധാരണ നാട്ടിന്‍പുറത്തുകാരനായ എനിക്ക് ലോകകപ്പ് ടെലിവിഷനില്‍ മാത്രം ലഭ്യമായിരുന്ന അനുഭൂതിയായിരുന്നു മുമ്പുവരെ.
ഫാന്‍ഫെസ്റ്റിവല്‍ സോണിലായിരുന്നു ഈ ലോകകപ്പിലെ വളന്റിയര്‍ സേവനം. ലോകകപ്പില്‍ എല്ലായിടത്തും ഉത്തരവാദിത്തത്തോടുകൂടി പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞതിന്റെ ചാരിതാർഥ്യമുണ്ട്. അർജന്റീനയുടെ വിഖ്യാത താരം ഗബ്രിയേൽ ബാറ്റിസ്റ്റ്യൂട്ട, ആസ്ട്രേലിയൻ ഫുട്ബാൾ ഇതിഹാസം ടിം കാഹിൽ, മലയാളിയുടെ അഭിമാനമായ ഐ.എം. വിജയന് തുടങ്ങി നക്ഷത്രശോഭയാർന്ന എത്രയോ മഹാരഥന്മാരെ നേരില്‍ കാണാൻ അവസരം ലഭിച്ചത് ലോകകപ്പ് കാലത്തെ ഇരട്ടിമധുരമായി.
ഫുട്ബാളിലെ താരരാജാക്കന്മാരുടെ പോരാട്ടം, ഓരോ രാജ്യത്തുനിന്നും ആവേശത്തോടെ പറന്നെത്തിയ ആരാധകര്‍, എല്ലാവരെയും ഹൃദയംകൊണ്ട് ഇരുകൈയും നീട്ടി സ്വീകരിച്ച ഖത്തര്‍... എല്ലാം ചേർത്താണ് 2022 ലോകകപ്പ് പുതിയ ചരിത്രം സൃഷ്ടിച്ചത്. ഇനി സംഘടിപ്പിക്കാന്‍ പോകുന്ന ലോകകപ്പുകൾക്ക് തകർപ്പൻ മാതൃക പകർന്നുനൽകിയാണ് ഖത്തര്‍ ലോകത്തെ വിസ്മയിപ്പിച്ചത്.
ഈ മാതൃകയില്‍ ഞാനുള്‍പ്പെടുന്ന 20000 വളന്റിയര്‍ സേനയുമുണ്ടെന്നത് ഇനി കാലങ്ങളോളം മനസ്സിൽ സൂക്ഷിക്കാനുള്ള അഭിമാനമാണ്. ഓർമകളില്ലാത്ത ജീവിതം വിരസമാണല്ലോ. ഞാനെന്റെ ഓര്‍മകളെ ഫുട്ബാള്‍ മൈതാനങ്ങളിലും ഫാൻ ഫെസ്റ്റിവല്‍ സോണുകളിലും തൂക്കിയിട്ടിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

