ജനകീയ കലക്ടർക്ക് സ്ഥാനമാറ്റം; എൻ.എസ്.കെ. ഉമേഷ് പുതിയ പദവിയിലേക്ക്
text_fieldsഎൻ.എസ്.കെ. ഉമേഷ്
കാക്കനാട്: രണ്ടുവര്ഷവും നാലു മാസവും കൊണ്ട് ജനഹൃദയങ്ങൾ കീഴടക്കിയ ജനകീയ കലക്ടർ എൻ.എസ്.കെ. ഉമേഷ് ജില്ല ആസ്ഥാനത്തുനിന്ന് പടിയിറങ്ങുന്നു. പൊതു വിദ്യാഭ്യാസ വകുപ്പ് ഡയറക്ടറായാണ് പുതിയ നിയമനം. സേലം സ്വദേശിയായ ഉമേഷ് 2014ലാണ് ഐ.എ.എസ് നേടുന്നത്. ചീഫ് സെക്രട്ടറി ഓഫിസിലെ ജോലിക്കിടയിൽ 2023 മാർച്ച് എട്ടിനാണ് ജില്ല കലക്ടറായി അദ്ദേഹം നിയമിതനായത്.
കേരളം സാക്ഷ്യം വഹിച്ച ബ്രഹ്മപുരം തീപിടിത്തമെന്ന ദുരന്തം കൈകാര്യം ചെയ്യാനുള്ള ദൗത്യവുമായാണ് അദ്ദേഹം കലക്ടറുടെ ചുമതലയേറ്റെടുക്കുന്നത്. നഗരത്തിലെ മാലിന്യ നീക്കത്തിനായി കൊച്ചി മേയറുമായി കൈകോർത്തു. മന്ത്രിമാരായ പി. രാജീവും എം.ബി. രാജേഷും കലക്ടർക്ക് പിന്തുണയുമായി എത്തിയതോടെ ബ്രഹ്മപുരത്തെ മാലിന്യ പ്രശ്നങ്ങൾക്ക് ശാശ്വത പരിഹാരമായി.
കളമശ്ശേരി ബോംബ് സ്ഫോടന വിഷയവും കരുതലും കൈത്താങ്ങും താലൂക്ക് അദാലത്തുകളും പട്ടയ പ്രശ്നങ്ങൾ പരിഹരിക്കുന്നതും റീ സർവേയും ലോക്സഭ തെരഞ്ഞെടുപ്പും കൊച്ചിയിലെ കനാൽ നവീകരണവുമെല്ലാം കൃത്യമായ ഇടപെടലിലൂടെ കൈകാര്യം ചെയ്തത് അദ്ദേഹത്തിന്റെ നേട്ടങ്ങളിൽ ചിലതാണ്. 2025 ജനുവരിയിൽ എറണാകുളം കാക്കനാട് സീപോർട്ട് റോഡിൽ രണ്ടാഴ്ചയിലേറെയായി തകർന്ന ലോറിയിൽ ദുരിതമനുഭവിച്ച് കഴിഞ്ഞ സേലം സ്വദേശി മൂർത്തിക്ക് സഹായഹസ്തവുമായി ഉമേഷ് നേരിട്ടെത്തിയതും വാർത്തയായിരുന്നു. ലോറിയിടിച്ച് തകർന്ന പോസ്റ്റിന്റെ പിഴത്തുക എൻ.എസ്.കെ ഉമേഷ് സ്വന്തം കൈയ്യിൽ നിന്ന് അടയ്ക്കാൻ തയാറായതോടെയാണ് മൂർത്തിയുടെ ദുരിതമവസാനിച്ചത്.
സംസ്ഥാനത്തെ മികച്ച കലക്ടറായും കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഏറ്റവും മികച്ച പ്രവർത്തനം നടത്തിയ ജില്ല വരണാധികാരിയായി സംസ്ഥാന മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസർ ഏർപ്പെടുത്തിയ പുരസ്കാരവും എൻ.എസ്.കെ. ഉമേഷിനെ തേടിയെത്തി. തമിഴ്നാട് മധുര സ്വദേശിയായ ഉമേഷിന്റെ ജീവിത പങ്കാളിയാണ് ഇടുക്കി കലക്ടറായിരുന്ന വി. വിഗ്നേശ്വരി. കൃഷി വകുപ്പ് അഡീഷനൽ സെക്രട്ടറിയായാണ് വിഗ്നേശ്വരിക്ക് പുതിയ നിയമനം ലഭിച്ചിരിക്കുന്നത്.
ജി. പ്രിയങ്ക ജില്ലയുടെ പുതിയ കലക്ടർ
കൊച്ചി: പാലക്കാട്ടുനിന്ന് സ്ഥലം മാറുന്ന ജി. പ്രിയങ്ക എറണാകുളത്തിന്റെ പുതിയ ജില്ല കലക്ടർ. 2017 ഐ.എ.എസ് ബാച്ചിലുള്ള പ്രിയങ്ക കർണാടക സ്വദേശിയാണ്. മുമ്പ് സാമൂഹിക നീതി വകുപ്പിന്റെ ഡയറക്ടറായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷനിൽ എൻജിനീയറിങ് ബിരുദധാരിയായ പ്രിയങ്ക പബ്ലിക് മാനേജ്മെന്റിലും പബ്ലിക് അഡ്മിനിസ്ട്രേഷനിലും ബിരുദാനന്തര ബിരുദവും നേടിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

