തേങ്ങയിൽനിന്ന് വിവിധയിനം ഉൽപന്നം നിർമിക്കുന്ന മെഷീനുമായി പോളിടെക്നിക് വിദ്യാർഥി
text_fieldsസ്മാർട്ട് കോക്കനട്ട് ഷെഫുമായി നിഖിൽ
കൊട്ടിയം: തേങ്ങയിൽനിന്ന് വിവിധ ഇനം ഉൽപ്പന്നങ്ങൾ ഉണ്ടാക്കുന്നതിലേക്ക് ആവശ്യമായ മെഷീന്റെ കണ്ടുപിടുത്തവുമായി പോളിടെക്നിക് വിദ്യാർഥി. കൊട്ടിയം ശ്രീനാരായണ പോളിടെക്നിക് കോളജ് വിദ്യാർഥി എസ്. നിഖിൽ ആണ് സമ്പൂർണ തേങ്ങ പ്രോസസ്സിങ് സാധ്യമാക്കുന്ന ‘സ്മാർട്ട് കൊക്കനട്ട് ഷെഫ്’ സാങ്കേതിക വിദ്യ വികസിപ്പിച്ചെടുത്തത്. തേങ്ങയുടെ ഗുണനിലവാരം തിരിച്ചറിയുന്നതുമുതൽ പുറന്തൊലി നീക്കം ചെയ്യൽ, തേങ്ങ പൊട്ടിക്കൽ, ചിരവൽ, തേങ്ങാപ്പീര വേർതിരിച്ചെടുക്കൽ, തേങ്ങാപ്പാൽ വേർതിരിച്ചെടുക്കൽ എന്നിവ വരെ എല്ലാ ഘട്ടങ്ങളും ഒരൊറ്റ സംവിധാനത്തിൽ നിർവഹിക്കാൻ കഴിയും.
സെൻസർ സാങ്കേതികവിദ്യയുടെ സഹായത്തോടെ നല്ലതും കേടായതുമായ തേങ്ങകളെ മുൻകൂട്ടി തിരിച്ചറിയാൻ കഴിയുന്നതിനാൽ ഭക്ഷ്യോൽപാദന രംഗത്ത് ഗുണനിലവാരം ഉറപ്പാക്കാൻ സഹായിക്കും. സമയം ലാഭിക്കാനും തൊഴിലാളി ചെലവ് കുറക്കാനും അപകടസാധ്യതകൾ ഒഴിവാക്കാനും ഉൽപന്നങ്ങളുടെ ഗുണനിലവാരം സ്ഥിരതയോടെ നിലനിർത്താനും മെഷീൻ സഹായകമാകും. ഉപഭോക്തൃ ആവശ്യങ്ങൾക്കനുസരിച്ച് ഭാഗികമായോ പൂർണമായോ പ്രവർത്തിപ്പിക്കാനാകുന്ന രീതിയിലാണ് രൂപകൽപ്പന. തേങ്ങയുടെ തൊലിയും ചിരട്ടയും പോലുള്ള ഉപോൽപ്പന്നങ്ങളെ കയർ ഉൽപന്നങ്ങൾ, ചാർക്കോൾ എന്നിങ്ങനെ മൂല്യവർധിത ഉൽപന്നങ്ങളാക്കി മാറ്റാനും സാധിക്കും. ഭാവിയിൽ എ.ഐ സാങ്കേതിക വിദ്യ ഉൾപ്പെടുത്തി ഗുണനിലവാര പരിശോധന കൂടുതൽ കാര്യക്ഷമമാക്കാനാണ് പദ്ധതിയിടുന്നത്.
കേരള ഡെവലപ്മെന്‍റ് ആൻഡ് ഇന്നവേഷൻ സ്റ്റാറ്റസിക് കൗൺസിലിന്റെ നേതൃത്വത്തിൽ നടന്ന യംഗ് ഇന്നോവേറ്റീവ് പ്രോഗ്രാം 8.0 സംസ്ഥാനതല മത്സരത്തിൽ കെ ഡിസ്ക് സംസ്ഥാനതല അവാർഡ് നിഖിലിനായിരുന്നു. തൃശ്ശൂർ സെന്‍റ് തോമസ് കോളജിൽ നടന്ന സംസ്ഥാനതല ഗ്രാൻഡ് ഫിനാലയിൽ 1200 അധികം ആശയങ്ങളോട് മത്സരിച്ചിട്ടാണ് നേട്ടം സ്വന്തമാക്കിയത്. ജില്ലതലത്തിൽ 25000 രൂപയുടെ ഗ്രാന്റ് നേടുകയും സംസ്ഥാനതല വിജയത്തിലൂടെ 50000 രൂപയുടെ ഗ്രാന്റും കരസ്ഥമാക്കി. കോളജ് പ്രിൻസിപ്പൽ വി. സന്ദീപ്, മെക്കാനിക്കൽ വിഭാഗം മേധാവി ഡോ. വി.എം. വിനോദ് കുമാർ, ഐ.ഡി.സി നോഡൽ ഓഫിസർ എസ്. സനിൽകുമാർ, എസ്.എസ്. ഭരതൻ എന്നിവരുടെ നേതൃത്വത്തിൽ ആയിരുന്നു പ്രവർത്തനങ്ങൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

