ചിത്രകാരന്മാരുടെ സംഗമമായി 'പ്ലെയിൻ എയർ പെയിന്റിങ്'
text_fieldsനവോദയ സംഘടിപ്പിച്ച ‘പ്ലെയിൻ എയർ പെയിന്റിങ്’ പരിപാടി
ദമ്മാം: കാഴ്ചയുടെ വർണവിസ്മയങ്ങൾ നിറങ്ങളിൽ ചാലിച്ച് ഒരുകൂട്ടം കലാകാരന്മാർ ഒത്തുചേർന്നത് ദമ്മാമിൽ സ്വദേശികൾ ഉൾപ്പെടെ നൂറുകണക്കിന് ആളുകൾക്ക് നവ്യാനുഭവമായി. നവോദയ സാംസ്കാരിക വേദിയുടെ നേതൃത്വത്തിൽ മർജാൻ ദ്വീപിലെ പച്ചപ്പ് നിറഞ്ഞ പാർക്കിൽ ഒരുക്കിയ 'പ്ലെയിൻ എയർ പെയിന്റിങ്' പരിപാടി വ്യത്യസ്ത അനുഭവമാണ് സമ്മാനിച്ചത്.
കിഴക്കൻ പ്രവിശ്യയിലെ പ്രമുഖ ചിത്രകാരന്മാർ തീർത്ത വർണവിസ്മയങ്ങളുടെ മനോഹാരിത മാറുന്ന സൗദി അറേബ്യയുടെ സാമൂഹിക, സാംസ്കാരിക ഇടത്തിൽ നവോദയ ചാർത്തിയ പുതുമയുടെ മറ്റൊരു കൈയൊപ്പായി. കിഴക്കൻ പ്രവിശ്യയുടെ ചരിത്രത്തിൽ ആദ്യമായാണ് ഔട്ട് ഡോറിൽ ഇത്തരത്തിലുള്ള ഒരു പെയിന്റിങ് പരിപാടി സംഘടിപ്പിക്കുന്നത്.
27 ചിത്രകാരന്മാർ പങ്കെടുത്ത പരിപാടിയിൽ വിദേശി ഉൾപ്പെടെ ഒമ്പതു പേർ സ്ത്രീകളായിരുന്നു. മർജാൻ ദ്വീപിന്റെ മനോഹാരിത കാൻവാസിൽ പകർത്തിയാണ് ഇവരെല്ലാം ചിത്രരചനയിലുള്ള സർഗാത്മകത പ്രകടിപ്പിച്ചത്. ഹംഗറി സ്വദേശിനിയായ ബീത്തിക്ക് ഫാർക്കാസും നവോദയ ബാലവേദി പ്രവർത്തകയായ എട്ടു വയസ്സുകാരി കീർത്തനയും പരിപാടിയിൽ ചിത്രങ്ങൾ വരഞ്ഞു.
സ്വദേശി പൗരന്മാരും സ്വദേശികളായ കുട്ടികളും പരിപാടിയുടെ ഭാഗമാകാൻ സന്നദ്ധരായി മുന്നോട്ടുവന്നു. ആദ്യവസാനം വരെ വലിയ ജനപങ്കാളിത്തത്തോടെ നടന്ന 'പ്ലെയിൻ എയർ പെയിന്റിങ്' പരിപാടി നവോദയ മുഖ്യ രക്ഷാധികാരി ബഷീർ വരോട് ഉദ്ഘാടനം ചെയ്തു. കേന്ദ്ര സാംസ്കാരിക കമ്മിറ്റി കോഓഡിനേറ്റർ പ്രദീപ് കൊട്ടിയം അധ്യക്ഷത വഹിച്ചു. സംസ്ഥാന ലളിതകലാ അക്കാദമി ജേതാവും ജുബൈൽ ഇന്ത്യൻ സ്കൂൾ ചിത്രകല അധ്യാപകനുമായ സുനിൽ ആദ്യ ചിത്രം വരച്ച് ചിത്രരചനക്ക് തുടക്കം കുറിച്ചു.
ഉദ്ഘാടന ചടങ്ങിൽ ജനറൽ സെക്രട്ടറി റഹീം മടത്തറ, ട്രഷറർ കൃഷ്ണകുമാർ ചവറ, കേന്ദ്ര കുടുംബവേദി പ്രസിഡൻറ് നന്ദിനി മോഹൻ, കേന്ദ്ര സാംസ്കാരിക കമ്മിറ്റി ചെയർമാൻ മോഹനൻ വെള്ളിനേഴി തുടങ്ങിയവർ സംസാരിച്ചു. കേന്ദ്ര സാംസ്കാരിക കമ്മിറ്റി കൺവീനർ ഷമീം നാണത്ത് സ്വാഗതവും എക്സിക്യൂട്ടിവ് അംഗം കെ.പി. ബാബു നന്ദിയും പറഞ്ഞു.
സമാപന ചടങ്ങിൽ കിഴക്കൻ മാധ്യമപ്രവർത്തകനും എഴുത്തുകാരനുമായ സാജിദ് ആറാട്ടുപുഴ മുഖ്യാതിഥിയായിരുന്നു. മോഹനൻ വെള്ളിനേഴി അധ്യക്ഷത വഹിച്ചു. ലോക കേരളസഭാംഗവും നവോദയ രക്ഷാധികാരിയുമായ പവനൻ മൂലക്കീൽ ഉദ്ഘാടനം ചെയ്തു. ചിത്രംവരയിൽ പങ്കെടുത്ത മുഴുവനാളുകളെയും സമാപന ചടങ്ങിൽ നവോദയ ഫലകം നൽകി ആദരിച്ചു.
കേന്ദ്ര സാംസ്കാരിക കമ്മിറ്റി അംഗം സാലു, രക്ഷാധികാരി രഞ്ജിത് വടകര, കേന്ദ്ര വനിതാവേദി കൺവീനർ രശ്മി രാമചന്ദ്രൻ, കുടുംബവേദി നേതാക്കളായ സുരേഷ് കൊല്ലം, രഘുനാഥ് മച്ചിങ്ങൽ, മീനു മോഹൻദാസ്, കൃഷ്ണദാസ്, ജസ്ന ഷമീം തുടങ്ങിയവർ സംബന്ധിച്ചു.