ബുർജ് അൽ അറബിലേക്ക് വിമാനമിറക്കി പോളിഷ് പൈലറ്റ്
text_fieldsദുബൈ: ലോകത്തിലെ ഏറ്റവും വലിയ ഹോട്ടലുകളിലൊന്നായ ബുർജ് അൽ അറബിന് മുകളിലേക്ക് വിമാനമിറക്കി പോളിഷ് പൈലറ്റ്. 56 നിലയുള്ള കെട്ടിടത്തിന് മുകളിലെ 27 മീറ്റർ മാത്രം വ്യാസമുള്ള ഹെലിപാഡിലാണ് പോളണ്ടുകാരൻ ലൂക്ക് ഷെപീല സാഹസികമായി വിമാനമിറക്കിയത്. ആദ്യമായാണ് ബുർജ് അൽ അറബിന് മുകളിൽ വിമാനമിറങ്ങുന്നത്.

ലോകത്തിലെ ഏറ്റവും ചെറിയ റൺവേക്ക് പോലും 400 മീറ്റർ നീളുണ്ട്. വിമാനം ഇറങ്ങുന്നതിനും പറന്നുയരുന്നതിനും മുമ്പ് ദീർഘദൂരം ഓടേണ്ടതുണ്ട്. എന്നാൽ, ചുരുങ്ങിയ സൗകര്യത്തിൽ ചെറുവിമാനത്തിൽ ലൂക്ക് പറന്നിറങ്ങുകയായിരുന്നു. സപ്ത നക്ഷത്രഹോട്ടലായ ബുർജ് അൽ അറബിന് മുകളിലിറങ്ങാൻ 650 തവണയാണ് ലൂക്ക് പരിശീലനം നടത്തിയത്. വെറും 20.76 മീറ്ററിനകം വിമാനം പറന്നിറങ്ങി. ഇതിനായി ചെറുവിമാന നിർമാതാക്കളായ കബ്ക്രാഫ്ര്റ്റേഴ്സിലെ എൻജിനീയർമാർ അമേരിക്കൻ ഏവിയേഷൻ എൻജിനീയർ മൈക്ക് പാറ്റേയുമായി ചേർന്ന് വിമാനത്തിൽ പലമാറ്റങ്ങളും വരുത്തി.

വിമാനത്തിന്റെ ഭാരം 425 കിലോയാക്കി കുറച്ചു. ഇന്ധന ടാങ്ക് പിന്നിലേക്ക് മാറ്റി. ബ്രേക്കിങ് ശേഷി വർധിപ്പിച്ചു. ഹെലിപാഡിൽനിന്ന് ടേക്ക് ഓഫ് സാധ്യമാവുംവിധം വിമാനത്തിന്റെ കരുത്തും വർധിപ്പിച്ചു. ‘ബുൾസ് ഐ’ എന്ന് പേരിട്ട് സാഹസിക ദൗത്യമാണ് വിജയകരമായി പൂർത്തിയാക്കിയത്.
