സെഞ്ച്വറിയടിക്കുന്ന 'കഥാകഥന'വുമായി ഒരു മരുന്നുകച്ചവടക്കാരന്‍
text_fieldsസലീംനൂര്‍
അജ്മാന്: കഥകളുടെ മായാലോകത്തിൽ മുഴുകി നടന്ന കാലത്ത് ഹമീദ് സ്വപ്നത്തില്‍ പോലും കരുതിയിരുന്നില്ല താനൊരു മരുന്നുകച്ചവടക്കാരനായി വേഷം അണിയേണ്ടി വരുമെന്ന്. ഹൈസ്കൂള്‍ പഠന കാലത്താണ് വായനജ്വരം കയറുന്നത്. നാടകാഭിനയവും സജീവമായിരുന്നു. ചങ്ങരംകുളം സാംസ്കാരിക സമിതി ഗ്രന്ഥശാലയുമായി ബന്ധപ്പെട്ട എല്ലാ പ്രവര്‍ത്തനങ്ങളിലും ഭാഗഭാക്കായിരുന്നു. പ്രീഡിഗ്രി പഠനം കഴിഞ്ഞ് ഇനി എന്ത് ചെയ്യും എന്ന ചോദ്യത്തിനു മുന്നില്‍ പകച്ചുനില്‍ക്കെയാണ് അയല്‍വാസിയായ ഒരാള്‍ ഫാര്‍മസി കോഴ്സിന് കര്‍ണാടകയില്‍ പഠിക്കാന്‍ പോയ വിവരം അറിയുന്നത്. അങ്ങനെ കര്‍ണാടകയിലെ ഹരപ്പനഹള്ളിയിലേക്ക് വണ്ടി കയറി.
പഠനം പൂര്‍ത്തിയായി നാട്ടിലെത്തിയപ്പോള്‍ ചങ്ങരംകുളത്തെ ജോഷി മെഡിക്കല്‍സില്‍ ജോലി കിട്ടി. അവിടെ ജോലി ചെയ്തുകൊണ്ടിരിക്കെ സഹോദരീ ഭര്‍ത്താവ് സംഘടിപ്പിച്ച് നല്കിയ വിസയില്‍ ബഹ്റൈനിലേക്ക് പറന്നു. പഠനത്തിനു ശേഷം രണ്ടു വര്‍ഷത്തെ പ്രവൃത്തി പരിചയമുള്ളവർക്ക് മാത്രമേ ഫാര്‍മസിസ്റ്റ് ആയി ജോലി ചെയ്യാന്‍ കഴിയൂ എന്ന് അവിടെ എത്തിയപ്പോഴാണ് അറിയുന്നത്. രണ്ടു വര്‍ഷം കഴിച്ചുകൂട്ടുന്നതിനായി പല ജോലികള്‍ ചെയ്തു. പ്രിൻറിങ് പ്രസില്‍ ബൈൻഡര്‍, അലൂമിനിയം ബഹ്റൈന്‍ എന്ന കമ്പനിയിലെ പവര്‍ സ്റ്റേഷനില്‍ ഗാര്‍ഡനിങ് അടക്കമുള്ള ജോലികള്‍ ചെയ്തു. ഏകദേശം ഒന്നര വര്‍ഷം പിന്നിടുന്ന സമയത്ത് ഫാര്‍മസിസ്റ്റ് ജോലിക്ക് അപേക്ഷിക്കുന്നതിന് തെൻറ ഔദ്യോഗിക രേഖകള്‍ കോപ്പിയെടുക്കാന്‍ ശ്രമിക്കുന്നത് ശ്രദ്ധയില്‍പ്പെട്ട സൂപ്പര്‍ വൈസര്‍, ഹമീദ് ഫാര്‍മസിസ്റ്റ് ആണെന്ന് അപ്പോഴാണ് തിരിച്ചറിയുന്നത്.
അദ്ദേഹത്തിെൻറ ശിപാര്‍ശയില്‍ അവിടെ സ്റ്റോര്‍ കീപ്പര്‍ ആയി സ്ഥാനക്കയറ്റം കിട്ടി. രണ്ടു വർഷം പിന്നിട്ടപ്പോൾ കമ്പനിയുടെ പുതിയ പ്രോജക്ട് നഷ്ടപ്പെട്ടതോടെ ഹമീദിെൻറ ജോലിയും പോയി. പിന്നീടുള്ള ഒമ്പതു മാസത്തോളം ജോലി അന്വേഷിച്ച് നടന്നു. ആ സമയത്ത് വേതനമില്ലാത്ത തന്നെ തീറ്റിപ്പോറ്റാന്‍ സന്മനസ്സ് കാണിച്ചത് കണ്ണൂര്‍ ജില്ലയിലെ ഇരട്ടി സ്വദേശിയും സഹമുറിയനുമായ ബെന്നിയാണെന്ന് ഇന്നും നന്ദിയോടെ സ്മരിക്കുന്നു. പെരുന്നാള്‍ പോലുള്ള പ്രത്യേക സമയങ്ങളില്‍ താന്‍ പോലുമറിയാതെ ഹമീദിെൻറ വീട്ടിലേക്ക് കാശ് അയച്ച മനുഷ്യ സ്നേഹിയായ ബെന്നിയെ നന്ദിയോടെ ഹമീദ് അനുസ്മരിക്കുന്നു.
കഷ്ടതകള്‍ പേറുന്ന ഘട്ടത്തില്‍ ആരുടെയൊക്കെയോ പ്രാര്‍ഥനയുടെ ഫലമെന്നോണം ബഹ്റൈനിലെ ഗള്‍ഫ് ഫാര്‍മസി ഗ്രൂപ്പില്‍ ഫാര്‍മസിസ്റ്റ് ആയി ജോലി കിട്ടി. നീണ്ട ഒമ്പതു വർഷത്തെ അവിടത്തെ ജോലിക്കിടയില്‍ ഫാര്‍മസിസ്റ്റ് ആയും മെഡിക്കല്‍ റെപ് ആയും ജോലി ചെയ്തു. 99ല്‍ ബഹ്റൈനില്‍ നിന്ന് തിരികെ പോന്നു. ഒമ്പതു വര്‍ഷത്തെ ബഹ്റൈന്‍ പ്രവാസത്തിനിടക്ക് കഷ്ടിച്ച് ഒന്നരമാസമാണ് നാട്ടില്‍ നില്ക്കാന് കഴിഞ്ഞിരുന്നത്. അതിനാല്‍തന്നെ ഗൃഹാതുരത്വം പേറുന്ന മനസ്സ് മൂന്നു വര്‍ഷത്തോളം നാട്ടില്‍ പിടിച്ചിട്ടു. ഇടക്കാലയളവില്‍ എടപ്പാളിലെ ഒരു ഫാര്‍മസിയില്‍ ജോലി നോക്കി.
ആയിടക്കാണ് വഴിവക്കിലെ വീട്ടുകാരി മിസ്രിയ ജീവിത സഖിയായി എത്തുന്നത്. 2002ലാണ് ഹമീദ് യു.എ.ഇയിലെ അല്‍ ഐനിലെ ഫാര്‍മസിയിലേക്ക് വരുന്നത്. ആ സ്ഥാപനം ഇടക്കുവെച്ച് പൂട്ടിയതിനെ തുടര്‍ന്ന് അബൂദബിയിലെ ഒരു മരുന്ന് വിതരണ കമ്പനിയില്‍ ജോലി കിട്ടി. കൂടുതല്‍ മെച്ചപ്പെട്ട സൗകര്യം ലഭിച്ചതോടെ മെട്രോ മെഡ് എന്ന സമാന സ്വഭാവമുള്ള മറ്റൊരു കമ്പനിയിലേക്ക് ജോലി മാറി. നിന്നുപോയ വായനക്ക് പിന്നീട് അവസരം ലഭിക്കുന്നത് ദുബൈയില്‍ എത്തിയപ്പോഴാണ്. മാധ്യമത്തിലടക്കം നിരവധി ആനുകാലികങ്ങളില്‍ കഥകളും കവിതകളും പ്രസിദ്ധീകരിച്ചു വന്നു. സലാം കൊടിയത്തൂരിെൻറ 'ഒരു ദിര്‍ഹം കൂടി' എന്ന ഹോം സിനിമയില്‍ നായക വേഷം തേടിയെത്തി. ഹമീദിെൻറ ശബ്ദം കൊള്ളാമെന്ന അടുത്ത സുഹൃത്തുക്കളുടെ അഭിപ്രായത്തെ തുടര്‍ന്ന് പരസ്യങ്ങള്‍ക്കും ശബ്ദം നല്കി.
സമൂഹ മാധ്യമങ്ങള്‍ വ്യാപകമായതോടെ എന്തുകൊണ്ട് തെൻറ ശബ്ദം ഉപയോഗപ്പെടുത്തി കഥയും കവിതകളും ആളുകളുടെ ചെവിയിലെത്തിച്ചുകൂടാ എന്ന അന്വേഷണ ഭാഗമായാണ് കഥാകഥനം എന്ന പേരില്‍ സ്വന്തമായി പരിപാടി ആരംഭിക്കുന്നത്. കേള്‍ക്കാന്‍ നിരവധി ശ്രോതാക്കളുണ്ടായി. സമൂഹ മാധ്യമങ്ങള്‍ വഴി ഏറെ പ്രചാരം ലഭിച്ചു. ശ്രോതാക്കളില്‍നിന്നു ലഭിച്ച മികച്ച പ്രതികരണം ഈ മേഖലയില്‍ ഉറച്ചുനില്ക്കാന് പ്രേരിപ്പിച്ചു. പകര്പ്പവകാശത്തിെൻറ നൂലാമാലകളില്പെടാത്ത പ്രമുഖ എഴുത്തുകാരുടെ കഥകളാണ് ഹമീദ് തിരഞ്ഞെടുത്ത് അവതരിപ്പിക്കാറുള്ളത്. ഇപ്പോള്‍ സെഞ്ച്വറി കഴിഞ്ഞിരിക്കുന്നു.
നൂറ് ആഴ്ചകള്‍ പിന്നിട്ട് ഹമീദ് ചങ്ങരംകുളം എന്ന മരുന്നുകച്ചവടക്കാരെൻറ കഥാകഥനം മുന്നോട്ട് നീങ്ങുകയാണ്. ആഴ്ചകളിലെ ഒഴിവുവേളകള്‍ ഉപയോഗപ്പെടുത്തി കവിതകളും ഖലീല്‍ ജിബ്രാെൻറ തത്വോപദേശ കഥകളും ശ്രോതാക്കളിലെത്തിക്കും. ഫോട്ടോഗ്രഫിയിലും കമ്പക്കാരനായ ഹമീദ് മികച്ച ഒരു ഫാമിലി കൗണ്‍സലര്‍ കൂടിയാണ്. കോവിഡ് പ്രതിസന്ധിയെ തുടര്‍ന്ന് വര്‍ക്ക് അറ്റ് ഹോമിലേക്ക് മാറിയ ഈ സീനിയര്‍ സെയില്‍സ് എക്സിക്യൂട്ടിവ് വീണുകിട്ടുന്ന സമയമത്രയും വായനയുടെ ലോകത്താണ്. തനിക്ക് ലഭിക്കുന്ന പുതിയ അറിവുകളെയും കഥകളേയും കവിതകളേയും ശബ്ദ മാധുര്യത്തിെൻറ അകമ്പടിയോടെ മലയാളി ശ്രോതാക്കളുടെ ഹൃദയങ്ങളിലേക്ക് എത്തിക്കുകയാണ് ഈ മരുന്നുകച്ചവടക്കാരന്‍.