ഇമ്മിണിവല്യ പെരുന്നാളുകൾ
text_fieldsചെറിയ പെരുന്നാൾ, വലിയ പെരുന്നാൾ എന്നില്ലാതെ ഞങ്ങളെ സംബന്ധിച്ചിടത്തോളം എല്ലാ പെരുന്നാളുകളും വലിയ പെരുന്നാളുകളായിരുന്നു. കാരണം, ഞങ്ങളുടേത് വലിയ കുടുംബമാണ്. പുതിയങ്ങാടി ഫാമിലി എന്നാണ് അറിയപ്പെടുന്നത്. ബാപ്പ അസ്ലം കോഴിക്കോട് പുതിയങ്ങാടിയിൽനിന്ന് വന്ന് പെരിന്തൽമണ്ണക്കടുത്ത തിരൂർക്കാട് താമസമാക്കിയതാണ്. ഉമ്മ (റജീന) മലപ്പുറം മക്കരപ്പറമ്പ് സ്വദേശിയാണ്.
അപ്പോൾ ബാപ്പയുടെ പുതിയങ്ങാടി ഫാമിലിയിലുള്ള എല്ലാവരും പെരുന്നാളിന് ഒരുമിച്ചുകൂടും. അതിനാൽ എല്ലാ പെരുന്നാളുകളും ഞങ്ങൾക്ക് വലിയ പെരുന്നാളുകളായിരുന്നു. കുട്ടികളായിരിക്കുമ്പോഴായിരുന്നു പെരുന്നാളിന്റെ തയാറെടുപ്പുകളും ആകാംക്ഷകളുമൊക്കെ ഉണ്ടായിരുന്നത്. എന്നാലും ഇപ്പോഴും അതിന്റെ നിറം മങ്ങാതെ വലിയ രീതിയിൽതന്നെ പെരുന്നാൾ ആഘോഷിക്കാൻ ശ്രമിക്കാറുണ്ട്.
ചെറുപ്പത്തിൽ പെരുന്നാളിന് ഡ്രസ് എടുക്കലായിരുന്നു പ്രധാനം. ബാപ്പയായിരുന്നു എല്ലാവർക്കും ഡ്രസ് എടുത്തുതന്നിരുന്നത്. ഇപ്പോൾ ഞങ്ങൾ ബാപ്പക്ക് എടുത്തുകൊടുക്കും. പിന്നെ പള്ളിയിൽ പെരുന്നാൾ നമസ്കാരത്തിന് പോകും. അത് കഴിഞ്ഞ് വിഭവസമൃദ്ധമായ ഭക്ഷണം. മിക്കവാറും ബിരിയാണിയായിരിക്കും. കുടുംബത്തിലുള്ള എല്ലാവരും തലേന്നുതന്നെ ഞങ്ങളുടെ തറവാട്ടിൽ എത്തുമായിരുന്നു.
പിന്നീട് രാത്രി വളരെ വൈകിയാണ് അവർ പോകാറുള്ളത്. പെരുന്നാൾ നമസ്കാരത്തിനുശേഷം വീണ്ടും അവരെത്തും. പെരുന്നാൾ വിഭവങ്ങൾ നേരത്തേ ഉമ്മയും മൂത്തമ്മമാരുമൊക്കെ ഉണ്ടാക്കുകയായിരുന്നു. ഇപ്പോൾ അവർക്ക് ആരോഗ്യപ്രശ്നങ്ങൾ ഉള്ളതിനാൽ പുറത്തുനിന്ന് ഓർഡർ കൊടുത്തു വാങ്ങുകയാണ്. അതുകഴിഞ്ഞ് ബലിയറുക്കാൻ പോകും. കുട്ടിയായിരിക്കുമ്പോൾ ബലിയറുക്കുന്ന സ്ഥലത്ത് മൂർച്ച കൂട്ടുന്നിടത്തൊക്കെ പോയി ഇരിക്കുമായിരുന്നു. ബലിമാംസവിതരണത്തിനും മറ്റും പോകുമായിരുന്നു. ബാപ്പ കമ്മിറ്റിയുമായി പ്രവർത്തിക്കുന്നതിനാൽ കുറച്ചുകൂടി സജീവമായി ഇത്തരം കാര്യങ്ങളിൽ ഇടപെട്ടിരുന്നു.
കോവിഡ്കാലത്താണ് പെരുന്നാൾ ആഘോഷങ്ങൾക്ക് മങ്ങലേറ്റത്. ബന്ധുക്കൾ എല്ലാവരും വിദേശത്താണ്. അവരൊക്കെ പെരുന്നാളിന് വീട്ടിലെത്തുമായിരുന്നു. എന്നാൽ, കോവിഡ് വന്നതോടെ അതെല്ലാം നിലച്ചു. കുടുംബസമേതം ഒത്തുകൂടലും വീടുകളിലേക്ക് വിരുന്നുപോകലും പുറത്തിറങ്ങിയുള്ള പെരുന്നാൾ ആഘോഷങ്ങളുമൊക്കെ നിന്നു.
അന്നു മുതൽ പെരുന്നാൾ ആഘോഷങ്ങൾക്ക് മങ്ങലേറ്റുതുടങ്ങി. പിന്നെ ഇപ്പോൾ കോവിഡിനുമുമ്പുള്ള ആഘോഷരീതികൾ ഒക്കെ മാറി. പതിവുരീതികളിൽ പെരുന്നാൾ നമസ്കാരം, ബലിയറുക്കൽ, ഭക്ഷണം എന്ന രീതിയിൽ ആഘോഷിക്കുമെന്നു മാത്രം. ഇപ്പോൾ തിയറ്ററിലുള്ള എന്റെ ചിത്രം പടക്കളമാണ്. അൽത്താഫ് സലീമിന്റെ ഫഹദ് ഫാസിൽ-കല്യാണി ചിത്രം ‘ഓടും കുതിര ചാടും കുതിര’യുടെ ഡബ്ബിങ്ങിന്റെ വർക്കിലാണിപ്പോൾ.
തയ്യാറാക്കിയത്: സിദ്ദീഖ് പെരിന്തൽ മണ്ണ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

