പൊട്ടിത്തകർന്ന ഫുട്ബാൾ സ്വപ്നങ്ങളിൽ നിന്ന് ചിത്രകാരെൻറ വർണങ്ങളിലേക്ക്...
text_fieldsഅബ്ദുല്ല അൽയൂസുഫ് ചിത്ര പ്രദർശനത്തിനിടയിൽ
റിയാദ്: നിറയെ സ്വപ്നങ്ങളുണ്ടായിരുന്ന ഒരു കുട്ടിയായിരുന്നു അബ്ദുല്ല അൽയൂസഫ്. ലോകം അറിയുന്ന ഒരു ഫുട്ബാൾ കളിക്കാരനാവണം എന്നതായിരുന്നു അവെൻറ വലിയ ആഗ്രഹം. സ്വപ്നം നിറയെ വലിയ ആരവങ്ങളുയരുന്ന കളിമൈതാനങ്ങളായിരുന്നു. കാൽപ്പന്തടിച്ച് മുന്നേറുന്ന വലിയ കളിക്കാരനായി അവൻ കനവുകളിൽ നിറഞ്ഞുകളിച്ചു. ചെറിയ കുട്ടിയായിരിക്കുേമ്പാൾ മുതൽ താലോലിച്ച് വളർത്തിയ സ്വപ്നം യാഥാർഥ്യമാക്കാൻ അവൻ വഴികൾ തേടി. പത്തോ പന്ത്രണ്ടോ വയസ്സുള്ളപ്പോൾ സ്വന്തമായി ഒരു ഫുട്ബാൾ ടീമുണ്ടാക്കി. സുഹൃത്തുക്കളും നാട്ടുകാരുമൊക്കെയായ മികച്ച കളിക്കാരെ തന്നെ സ്വന്തം ടീമിൽ ഉൾപ്പെടുത്തി. പക്ഷേ, എല്ലാം പെട്ടെന്നൊരുനാൾ ഒരു പാഴ്സ്വപ്നം പോലെ പൊലിഞ്ഞുപോയി.
14 വയസ്സുള്ളപ്പോൾ പിടികൂടിയ രോഗം അവനെ ശാരീരികമായും മാനസികമായും തളർത്തി. സ്വപ്നങ്ങളിൽ മൈതാനങ്ങളുടെ പച്ചപ്പുണ്ടായില്ല. സൗദിക്കാരായ മാതാപിതാക്കൾക്ക് അമേരിക്കയിൽവെച്ച് ജനിച്ച മകനായിരുന്നു അബ്ദുല്ല അൽയൂസഫ്. അവെൻറ ഉപ്പ അന്ന് അമേരിക്കയിൽ സ്കോളർഷിപ്പോടെ പഠനം നടത്തുകയായിരുന്നു. അബ്ദുല്ലക്ക് മൂന്നുവയസ്സുള്ളപ്പോൾ കുടുംബം സൗദിയിലേക്ക് മടങ്ങി. സൗദിയിൽ സ്കൂൾ പഠനം തുടർന്നു. അതിനിടയിൽ, ആസ്തമയുടെ രൂപത്തിലാണ് വിധിയുടെ വിളയാട്ടമുണ്ടായത്.
ഒരുവേനൽക്കാലത്ത് മറ്റൊരു അറബ് രാജ്യത്ത് കോൺഫറൻസിൽ പങ്കെടുക്കാൻ ഉപ്പ പോയപ്പോൾ കുടുംബവും കൂടെ പോയതായിരുന്നു. അവിടെ വെച്ച് ആസ്തമ മൂർച്ഛിച്ചു. അവിടെ ഒരു ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിക്കപ്പെട്ടു. എന്നാൽ, ചികിത്സയിൽ പിഴവുണ്ടായി. ആശുപത്രിയിൽനിന്ന് പുറത്തുവന്നത് ഏറക്കുറെ ശാരീരിക ശേഷി നഷ്ടപ്പെട്ട നിലയിൽ. എഴുന്നേറ്റ് നിൽക്കാനോ നടക്കാനോ കഴിയാതായി. കൈകാലുകൾ ശരിയായി ചലിപ്പിക്കാൻ കഴിയാതെയായി. വലതുകൈയും കാലുകളും ഒട്ടും ചലിപ്പിക്കാനാവില്ല. ഇടതുകൈ മാത്രം അൽപമൊന്ന് ഉയർത്താനാവും. എന്നാലും അതുകൊണ്ട് ഒന്നും ചെയ്യാനാവില്ല. ജീവിതം എന്നന്നേക്കുമായി വീൽച്ചെയറിലായി.
പക്ഷേ, അവനിലെ സ്വപ്നം കാണുന്ന കുട്ടി തോറ്റുകൊടുക്കാൻ തയാറായിരുന്നില്ല. കളിമൈതാനങ്ങളിലെ പച്ചപ്പിനെ അവൻ വീണ്ടെടുത്തു. അവൻ വീണ്ടും സ്വപ്നങ്ങൾ കാണാൻ തുടങ്ങി. അതിൽ നിറയെ വർണങ്ങളുണ്ടായി. ചെറുതായൊന്ന് ഉയർത്താൻകഴിയുന്ന ഇടതുകൈയിൽ ബ്രഷ് പിടിക്കാൻ സ്വയം പരിശീലിച്ചു. സ്വപ്നങ്ങളിലെ നിറക്കൂട്ടുകൾ കാൻവാസിൽ ചാലിച്ചെഴുതാൻ തുടങ്ങി, മനോഹരമായ ചിത്രങ്ങൾ.
കളിമൈതാനങ്ങളിലെ മിന്നൽപ്പിണറായ കളിക്കാരൻ കാൻവാസിലെ വർണക്കൂട്ടുകളിൽ പുനർജനിച്ചു. അവ കൊണ്ട് വലിയ പ്രദർശനങ്ങളൊരുക്കി. ശിൽപശാലകളിൽ പെയിൻറിങ് ക്ലാസുകൾ നയിക്കാൻ തുടങ്ങി. രാജ്യത്തെ ദേശീയാഘോഷങ്ങളിലെല്ലാം അവെൻറ ചിത്രപ്രദർശനങ്ങൾ പതിവ് പരിപാടിയായി മാറി. അവനറിയപ്പെടുന്ന ഒരു വലിയ ചിത്രകാരനായി മാറി. ഫുട്ബാൾ കളിക്കാരെൻറ പൊലിഞ്ഞുവീണ സ്വപ്നങ്ങളിൽനിന്ന് ചിത്രകാരെൻറ പുതിയ ആകാശങ്ങളിലേക്ക് അവൻ പറന്നുയരുകയായിരുന്നു.
കുട്ടിയായിരുന്നപ്പോൾ
അംഗീകാരങ്ങൾ തേടിയെത്തിയപ്പോൾ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

