തൊഴിലിനായി ഈ ഒളിമ്പ്യൻ മുട്ടാത്ത വാതിലുകളില്ല
text_fieldsസുമേഷ്
ചെറുവത്തൂർ: സ്പെഷൽ ഒളിമ്പിക്സിൽ രാജ്യത്തെ നയിച്ച അഭിമാനതാരം തൊഴിലിനായി അധികൃതരുടെ കനിവുതേടുന്നു. 2015ൽ അമേരിക്കയിലെ ലോസ് ആഞ്ജലസിൽ നടന്ന സ്പെഷൽ ഒളിമ്പിക്സിൽ വെങ്കല മെഡൽ നേടിയ ഇന്ത്യൻ വോളിബാൾ ടീമിന്റെ നായകനായിരുന്ന ചെറുവത്തൂർ കുട്ടമത്തെ സുമേഷാണ് ജോലിക്കായി അലയുന്നത്. ഇതിനായി വർഷങ്ങളായി നിയമപോരാട്ടത്തിലുമാണ് സുമേഷ്.
തന്റെ പരിമിതികളെ കായികരംഗത്തിലൂടെ മറികടന്ന് നാടിനും രാജ്യത്തിനും അഭിമാനമായ താരമാണ് സുമേഷ്. 2015ൽ അമേരിക്കയിൽ നടന്ന സ്പെഷൽ ഒളിമ്പിക്സിൽ ലൂസേഴ്സ് ഫൈനലിൽ ജപ്പാനെ തോൽപിച്ച് വോളിബാളിൽ ഇന്ത്യ വെങ്കലം നേടിയപ്പോൾ ക്യാപ്റ്റനും ടീമിലെ ഏക മലയാളിയുമായ സുമേഷ് ഏറ്റുവാങ്ങാത്ത സ്വീകരണങ്ങളില്ല. സർക്കാർ ജോലി ഉൾപ്പെടെ വാഗ്ദാനത്തിന്റെ ലിസ്റ്റിൽ വന്നു. വർഷങ്ങൾ പിന്നിട്ടിട്ടും ജോലി ഇപ്പോഴും സ്വപ്നമായി തുടരുകയാണ്.
ക്ഷേത്രങ്ങളിലേക്ക് പൂമാല കെട്ടിയാണ് സുമേഷ് ഉപജീവനം തേടുന്നത്. വോളിബാൾ ഇന്നും ജീവശ്വാസമാണ് സുമേഷിന്. പ്രദേശത്തെ കുട്ടികൾക്ക് പരിശീലനം നൽകുന്നുമുണ്ട്. ഭിന്നശേഷിക്കാരുടെ കായികനേട്ടങ്ങൾ സ്പോർട്സ് നിയമനങ്ങൾക്ക് പരിഗണിക്കുമെങ്കിലും മാനസിക വെല്ലുവിളി ഉള്ളവർക്ക് അർഹതയില്ല എന്നായിരുന്നു മുഖ്യമന്ത്രിക്ക് നൽകിയ നിവേദനത്തിന് സ്പോർട്സ് കൗൺസിലിന്റെ മറുപടി.
ഇതിനെതിരെ കേരള അഡ്മിനിസ്ട്രേറ്റിവ് ട്രൈബ്യൂണലിൽ നൽകിയ ഹരജിയിൽ അനുകൂലവിധി ഉണ്ടായിട്ടും ജോലിക്കായുള്ള കാത്തിരിപ്പിലാണ് സുമേഷ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

