പരഗ്വേയിലും തിളങ്ങി നവീൻ പുലിഗില്ല–മൂസാ ഷെരീഫ് സഖ്യം
text_fieldsപോഡിയം നേട്ടം കൈവരിച്ച നവീൻ പുലിഗില്ല–മൂസാ ഷരീഫ് സഖ്യം ട്രോഫിയുമായി
കാസർകോട്: ലോക റാലി ചാമ്പ്യൻഷിപ്പിൽ ഇന്ത്യൻ പതാക വീണ്ടും ഉയർത്തി ചരിത്രം കുറിച്ച് നവീൻ പുലിഗില്ല–മുസാ ഷെരീഫ് സഖ്യം. പരഗ്വേയിൽ നടന്ന എഫ്.ഐ.എ വേൾഡ് റാലി ചാമ്പ്യൻഷിപ്പിന്റെ 11ാം റൗണ്ടായ റാലി ഡെൽ ഡബ്ല്യു.ആർ.സി3 വിഭാഗത്തിൽ മൂന്നാം സ്ഥാനം സ്വന്തമാക്കിയതോടെ തുടർച്ചയായ മൂന്നാം പോഡിയം നേട്ടമാണ് ഇന്ത്യൻ താരജോടി സ്വന്തമാക്കിയത്.
ടീം ഡ്യൂറാൻ റേസിങ്ങിന്റെ ഫോർഡ് ഫീസ്റ്റ റാലി-3 യിൽ മത്സരിച്ച ഹൈദരാബാദ് സ്വദേശി നവീൻ പുലിഗില്ലയും കാസർകോട് സ്വദേശിയും കോഡ്രൈവറുമായ മൂസാ ഷരീഫും പരഗ്വേയിലെ അതിദുഷ്കരമായ റെഡ്-ഗ്രാവൽ ട്രാക്കിൽ മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്.
22 സ്പെഷൽ സ്റ്റേജുകളിലായി 357.64 കിലോമീറ്റർ നീണ്ട മത്സരത്തിലാണ് ഇന്ത്യൻ സഖ്യം മൂന്നാം സ്ഥാനത്തെത്തിയത്. അതിവേഗ വളവുകളും മാറിമറിയുന്ന ഗ്രിപ് സാഹചര്യങ്ങളും സാഹസികത നിറഞ്ഞ പ്രതലവുമെല്ലാം അടങ്ങിയ പരഗ്വേ റാലിയിൽ സ്ഥിരതയാർന്ന പ്രകടനമാണ് ഇരുവരും പുറത്തെടുത്തത്.
2025 നവംബറിൽ നടന്ന ഡബ്ല്യു.ആർ.സി സൗദി അറേബ്യ റാലിയിൽ രണ്ടാം സ്ഥാനവും, 2026ലെ സഫാരി റാലി കെനിയയിൽ മൂന്നാം സ്ഥാനവും നേടിയതിന് പിന്നാലെയാണ് പരഗ്വേയിലും മൂന്നാം സ്ഥാനം നേടിയത്. ഇതോടെ ഡബ്ല്യൂ.ആർ.സി3 വിഭാഗത്തിൽ തുടർച്ചയായ മൂന്ന് പോഡിയം നേട്ടങ്ങളാണ് പുലിഗില്ല–ഷരീഫ് സഖ്യം സ്വന്തമാക്കിയത്. 2025 നവംബറിൽ ഡബ്ല്യു.ആർ.സി വിഭാഗത്തിൽ പോഡിയം നേടുന്ന ആദ്യ ഇന്ത്യൻ ഡ്രൈവർ–കോ-ഡ്രൈവർ കൂട്ടുകെട്ട് എന്ന ചരിത്രനേട്ടം നവീൻ പുലിഗില്ല–മുസാ ഷരീഫ് സഖ്യം സ്വന്തമാക്കിയിരുന്നു.
2026ൽ കെനിയയിലും പരഗ്വേയിലും രണ്ട് പോഡിയങ്ങൾ കൂടി സ്വന്തമാക്കിയതോടെ ലോക റാലി ചാമ്പ്യൻഷിപ്പിലെ ഡബ്ല്യു.ആർ.സി3 വിഭാഗത്തിൽ ഇന്ത്യയുടെ ശക്തമായ സാന്നിധ്യമായി ഇരുവരും മാറുകയാണ്. സഖ്യം ഇനി ഡബ്ല്യു.ആർ.സിയുടെ അടുത്ത റൗണ്ടായ ചിലി റാലിയിൽ പങ്കെടുക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

