ചായപ്പെരുമ ബാക്കിവെച്ച് നാണ്യാപ്പ ഓർമയായി
text_fieldsതുവ്വൂർ: തുവ്വൂരിന്റെ ചായപ്പെരുമ ഇനി ഓർമ. പാതയോരത്തെ ഓലഷെഡിൽ പതിറ്റാണ്ടുകളായി ചായക്കട നടത്തിയിരുന്ന നാട്ടുകാരുടെ നാണ്യാപ്പയാണ് ബുധനാഴ്ച വൈകീട്ട് യാത്രയായത്. മരുതത്തിലെ പറവെട്ടി മുഹമ്മദ് എന്ന നാണ്യാപ്പ (73) നാലരപ്പതിറ്റാണ്ട് മുമ്പ് തുടങ്ങിയതാണ് ഹോട്ടൽ കച്ചവടം.
ആദ്യം കമാനത്തിന് സമീപത്തെ കെട്ടിടത്തിലായിരുന്നു കട നടത്തിയിരുന്നത്. ഭാര്യയും മക്കളുംതന്നെയായിരുന്നു ജോലിക്കാർ. ഈ കെട്ടിടം പൊളിച്ചതോടെ ടൗണിൽ സംസ്ഥാന പാതയോരത്ത് ഓലഷെഡ് കെട്ടി തട്ടുകട തുടങ്ങിയതാണ്. ചായയും എണ്ണക്കടികളും മാത്രമേ ഇവിടെയുള്ളൂ.
രാവിലെ ഏഴിന് തുറക്കുന്ന കട രാത്രി എട്ടുവരെയുണ്ടാവും. സംസാരപ്രിയനായ നാണ്യാപ്പ സ്കൂൾ കുട്ടികൾ മുതൽ സർവരോടും ഒരുപോലെ കൂട്ടാണ്. സൗഹൃദം സമം ചേർത്ത് നൽകുന്ന ചായയും കടികളും രുചിക്കാത്ത ഒരാളും തുവ്വൂരിലും പരിസര പ്രദേശങ്ങളിലുമില്ല. ഈ ചായകുടിക്കാൻ പതിവായി വാഹനങ്ങളിലെത്തുന്നവരുണ്ട്.
ദൂരയാത്രക്കാരും ഈ ഷെഡിന് മുന്നിൽ വണ്ടി നിർത്തി ചായ കുടിച്ചേ പോകാറുള്ളൂ.
40 വർഷം മുമ്പ്, മഞ്ഞപ്പിത്തം ബാധിച്ച മുഹമ്മദ് മരിച്ചു എന്ന് ഡോക്ടർ സ്ഥിരീകരിച്ചിരുന്നുവത്രെ.
അന്ന് ഖബർ വരെ ഒരുക്കിയതായും കൂട്ടുകാർ സ്മരിക്കുന്നു. രണ്ടു മാസം മുമ്പ് കണ്ടെത്തിയ അർബുദ ബാധയാണ് മരണകാരണം. ബുധനാഴ്ച രാത്രിയോടെ നൂറുകണക്കിന് പേരാണ് ജനാസ കാണാനെത്തിയത്. വ്യാഴാഴ്ച രാവിലെ എട്ടരക്കാണ് ഖബറടക്കം. ഭാര്യയും ആറു മക്കളുമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

