മുറാദിന്റെ കഴുകന് മോണ്ട് ഫോട്ടോ പുരസ്കാരം
text_fieldsമുഹമ്മദ് മുറാദിന് ഒന്നാം സ്ഥാനം നേടിക്കൊടുത്ത ‘ഡോമിനേഷൻ’ ചിത്രം
കുവൈത്ത് സിറ്റി: സ്പെയിനിൽ നടന്ന മോണ്ട് ഫോട്ടോ ഇന്റർനാഷനൽ നേച്ചർ ഫോട്ടോഗ്രഫി മത്സരത്തിൽ കുവൈത്ത് വൈൽഡ് ലൈഫ് ഫോട്ടോഗ്രാഫർ മുഹമ്മദ് മുറാദിന് ഒന്നാം സ്ഥാനം. ഒരുകൂട്ടം കഴുകന്മാരെ മറ്റൊരു കഴുകൻ ആക്രമിക്കുന്നതും ഇരയെ തട്ടിയെടുക്കുന്നതുമായ മുറാദിന്റെ 'ഡോമിനേഷൻ' എന്ന ചിത്രമാണ് പക്ഷികളുടെ വിഭാഗത്തിൽ ഒന്നാം സ്ഥാനം നേടിയത്.
ദക്ഷിണാഫ്രിക്കയിലെ പ്രകൃതിസംരക്ഷണ കേന്ദ്രത്തിൽനിന്നാണ് ചിത്രം പകർത്തിയത്. അവിടെ പുലർച്ചെ മുതൽ രാത്രി വരെ ദിവസങ്ങളോളം ഈ നിമിഷം പകർത്താൻ ചെലവഴിച്ചതായി മുറാദ് പറഞ്ഞു.
മുഹമ്മദ് മുറാദ്
രണ്ടാം തവണയാണ് മുറാദിന് ഈ പുരസ്കാരം ലഭിക്കുന്നത്. നേരത്തേ 2016ൽ ഓഡിയൻസ് ചോയ്സ് വിഭാഗത്തിലാണ് പുരസ്കാരം ലഭിച്ചത്. 2015 മുതൽ ഫോട്ടോഗ്രഫി കരിയർ ആരംഭിച്ച മുറാദ് ഇതിനകം നിരവധി ശ്രദ്ധേയ ദൃശ്യങ്ങൾ പകർത്തിയിട്ടുണ്ട്. അന്താരാഷ്ട്ര നേച്ചർ ഫോട്ടോഗ്രഫി മത്സരരംഗത്ത് ശ്രദ്ദേയമായ പുരസ്കാരമാണ് മോണ്ട് ഫോട്ടോ.
പർവതങ്ങൾ, സസ്തനികൾ, പക്ഷികൾ, പ്രകൃതിദൃശ്യങ്ങൾ തുടങ്ങിയവ ഇനങ്ങളിൽ ഇവർ പുരസ്കാരങ്ങൾ നൽകുന്നു. ലോകമെമ്പാടുമുള്ള പ്രശസ്തരുടെ 11,200 ഫോട്ടോകളിൽ നിന്നാണ് വിജയികളെ കണ്ടെത്തിയത്.

