കാർട്ടൂണിസ്റ്റ് മുജീബ് പട്ല
text_fieldsമുജീബ് പട്ല
കാർട്ടൂൺ രക്തത്തിൽ അലിഞ്ഞുചേർന്നതാണ് കാസർകോട്ട് പട്ല സ്വദേശി മുജീബിന്. പിതാവ് മുഹമ്മദ് ഷാഫിയിൽ നിന്ന് പൈതൃകമായി ലഭിച്ച കഴിവാണത്. ഉപ്പയാണ് ആദ്യത്തെ ഗുരു. പ്രൈമറി ക്ലാസുകളിൽ പഠിക്കുന്ന കാലം മുതൽ വരക്കാറുണ്ട്. ആദ്യത്തെ കാർട്ടൂൺ പത്രത്തിൽ വന്നത് 12ാം വയസിലാണ്. ചിത്രങ്ങൾ വരച്ചു കാണിക്കുകയും ചിത്ര പ്രദർശനങ്ങളിലും പരിപാടികളിലും താൽപര്യപൂർവ്വം പങ്കെടുപ്പിക്കുകയും ചെയ്ത് വരെയ പരിപോഷിപ്പിച്ചത് പിതാവ് തന്നെയായിരുന്നു.
ഉത്തരദേശം, കാരവൽ, ഗസൽ, ചന്ദ്രഗിരി, കാസർകോട് വാർത്ത തുടങ്ങി ഉത്തര മലബാറിലെ പത്രങ്ങളിലെല്ലാം മുജീബ് സാന്നിധ്യമറിയിച്ചിട്ടുണ്ട്. മംഗലാപുരത്ത് നിന്ന് പ്രസിദ്ധീകരിക്കുന്ന ഇംഗ്ലീഷ് പത്രങ്ങളിലും പലപ്പോഴും കാർട്ടൂണുകൾ പ്രത്യക്ഷപ്പെട്ടു. അതിനിടയിൽ ദേശീയ-സംസ്ഥാന തലങ്ങളിൽ അംഗീകാരങ്ങളും ഇദ്ദേഹത്തെ തേടിയെത്തി. പ്രഗൽഭ കാർട്ടൂണിസ്റ്റുകളായ ഗഫൂർ, യേശുദാസൻ, സന്ദീപ് അദ്വർയു, വെങ്കിടേഷ് ജി നരേന്ദ്ര, പി.വി കൃഷ്ണൻ തുടങ്ങിയവരുമായുള്ള ബന്ധം പ്രചോദനമായി.
'കാർട്ടൂൺ ക്ലബ് ഓഫ് കേരള'യിലും അംഗമാണ്. 2016മുതൽ യു.എ.ഇയിൽ പ്രവാസിയായ ഇദ്ദേഹത്തിെൻറ കാർട്ടൂൺ 17ാമത് അന്താരാഷ്ട്ര ലിമായിറ ഹ്യൂമർ ഹാൾ-2021 പ്രദർശനത്തിന് തെരഞ്ഞെടുക്കപ്പെട്ടിരിക്കയാണ്. ബ്രസീലിൽ നടക്കുന്ന പ്രദർശനത്തിൽ ആഗോള താപനം വിഷയമാക്കി മുജീബ് വരച്ച ചിത്രമാണ് വിവിധ രാജ്യങ്ങളിലെ 100 ചിത്രകാരുടെ രചനകൾക്കൊപ്പം കാഴ്ചക്കാരുടെ മുന്നിലെത്തുക.
അബൂദബിയിൽ പ്രോജക്ട് മാനേജ്മെൻറ് പ്രഫഷണൽ കൺസൽട്ടൻറായി ജോലി ചെയ്യുന്ന മുജീബ്, എഡ്യുക്കേഷൻ കൺസൽട്ടൻറ്, കരിയർ ട്രെയിനർ, എഴുത്തുകാരൻ, ബ്ലോഗർ, പോഡ്കാസ്റ്റർ, യൂട്യൂബർ എന്നീ നിലകളിലും ശ്രദ്ധനേടിയിട്ടുണ്ട്. ആമസോൺ പ്രസിദ്ധീകരിച്ച 'സ്റ്റാർട് ഫ്രം യു-കരിയർ സെൽഫ് ഹെലപ് ബുക്ക്' എന്ന പുസ്തകവും ആറ് ശാസ്ത്ര പ്രബന്ധങ്ങളും ഇതിനകം എഴുത്ത് ജീവിതത്തിൽ പുറത്തിറക്കിയിട്ടുണ്ട്. പിതാവ് മാതാവ് ജമീലയും ഭാര്യ ഫൈസയും മക്കളായ ഒമർ, ഒവൈസ്, ഒസൈർ എന്നിവരുമടങ്ങുന്നതാണ് കുടുംബം. മൂത്തമകൻ ഒമറും പിതാവിെൻറ വഴിയിൽ വരച്ചുതുടങ്ങിയിട്ടുണ്ട്.
അവാർഡുകൾ, പ്രദർശനങ്ങൾ
സ്കൂളിൽ പഠിക്കുന്ന കാലം മുതൽ നിരവധി സമ്മാനങ്ങളും അവാർഡുകളും കാർട്ടൂണിസ്റ്റെന്ന നിലയിൽ മൂജീബിനെ തേടിയെത്തിയിട്ടുണ്ട്. 1999ൽ സ്കൂൾ തല സംസ്ഥാന കാർട്ടൂൺ മൽസരത്തിൽ ഒന്നാം സ്ഥാനം, 2000ൽ സ്കൂൾ തല മൽസരത്തിൽ കാർട്ടൂണിനും കാരിക്കേച്ചറിനും ഒന്നാം സ്ഥാനം, 2006ൽ മികച്ച കാരിക്കേച്ചർ അവാർഡ്, 2008ൽ ബംഗളൂരു ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കാർട്ടൂണിസ്റ്റ്സിെൻറ ബെസ്റ്റ് ബഡ്ഡിങ് കാർട്ടൂണിസ്റ്റ് ഓഫ് ദ ഇയർ പുരസ്കാരം എന്നിവ ഇതിൽ ചിലതാണ്.
2012ൽ കേരള ലളിതകലാ അക്കാദമി, 2013ൽ എൻഡോസൾഫാൻ ദുരിത കാഴ്ച(കുമ്പള), 2015 മൈൻഡ്ലോട്ട് കാർട്ടൂണ് കാരിക്കേച്ചർ(കാസർകോട്) തുടങ്ങിയ എക്സിബിഷനുകൾ സംഘടിപ്പിച്ചിട്ടുണ്ട്. 2019ൽ മുഖ്യമന്ത്രിയുടെ പ്രളയ ദുരിതാശ്വാസ ഫണ്ടിന് പണം സ്വരൂപിക്കാൻ കേരളത്തിലെ മികച്ച കാർട്ടൂണിസ്റ്റുകളെ അണിനിരത്തി കാസർകോട് തത്സമയ കാരിക്കേച്ചർ ഷോയും നടത്തി.