ഇവിടെ ബാക്കിയുണ്ട്, ഉരുളെടുക്കാത്ത സ്നേഹം
text_fieldsജംഷീർ,ഫിറോസ്,മനുപ്രസാദ് എന്നിവർ (ഫയൽ ചിത്രം), ഫിറോസിന്റെ വാച്ചും മൊബൈൽഫോണും ലൈസൻസും (മുകളിൽ)
കൽപറ്റ: ‘‘ചിഞ്ചൂ, അതെനിക്ക് വേണം, നീയത് കഴുകുകയോ വൃത്തിയാക്കുകയോ ഒന്നും ചെയ്യല്ലേ, എനിക്കത് അതേപോലെ തന്നെ തരണം’’ -കൂടപ്പിറപ്പിന്റെ ഉറ്റ സുഹൃത്ത് മനുപ്രസാദ് ഗൾഫിൽനിന്ന് അയച്ച ശബ്ദ സന്ദേശത്തിലെ ആവശ്യം പോലെ ഫിർഷാദ് അവ കാത്തുവെച്ചു. ചളി നിറഞ്ഞ കവറിൽ പഴയയൊരു വാച്ചും മൊബൈൽ ഫോണും പാതി മുറിഞ്ഞുപോയ ഡ്രൈവിങ് ലൈസൻസും. മറ്റൊരു കുഞ്ഞുകവറിൽ ഏതാനും നാണയത്തുട്ടുകളും.
ജൂലൈ 30ന് ഇരുളിന്റെ മറവിൽ മൂന്ന് ഗ്രാമങ്ങളെ കശക്കിയെറിഞ്ഞ മുണ്ടക്കൈ ഉരുൾദുരന്തത്തിൽ കാണാമറയത്തുള്ള പുതുപ്പറമ്പിൽ ഫിറോസിന്റെ ഓർമയുടെ ഈ ശേഷിപ്പുകളാണ് സഹോദരൻ ഫിർഷാദ് മാസങ്ങളായി കൂടെപ്പിറപ്പിനെ പോലെ കാത്തുവെച്ചത്, പ്രിയ പെങ്ങൾ ചോദിച്ചിട്ടുപോലും നൽകാതെ. ഫിറോസുമായി സ്കൂൾ തലം മുതൽ ഒന്നിച്ച് പഠിച്ചും കളിച്ചും ഉണ്ടും ഉറങ്ങിയും കൂടപ്പിറപ്പിനുമപ്പുറത്തെ ബന്ധം കോർത്തിണക്കിയ മനുപ്രസാദിനുവേണ്ടി. ദുരന്ത സമയത്ത് വിദേശത്തായിരുന്നു ഫിറോസിന്റെ പ്രിയ കൂട്ടുകാരൻ മുട്ടിച്ചിറ മനുപ്രസാദ്.
ഫിറോസിനൊപ്പം പിതാവും ഉമ്മയും ഭാര്യയും ഒന്നരവയസ്സുള്ള കുഞ്ഞും മണ്ണിലലിഞ്ഞില്ലാതായപ്പോൾ ബാക്കിവെച്ചത് ഇവ മാത്രമായിരുന്നു. ഫിറോസിന്റേതെന്ന് കരുതി ഒരു മൃതദേഹം മേപ്പാടി നെല്ലിമുണ്ടയിലെ പള്ളിക്കാട്ടിൽ ഖബറടക്കിയിരുന്നെങ്കിലും മാസങ്ങൾ കഴിഞ്ഞ് ഡി.എൻ.എ ഫലം വന്നപ്പോഴാണ് മറ്റൊരാളുടേതാണെന്ന് തിരിച്ചറിയുന്നത്. ഗൾഫിൽ ഷെഫായി ജോലി ചെയ്യുന്ന മനുപ്രസാദിന്റെ 22 ബന്ധുക്കളാണ് ഉരുളിൽ ഇല്ലാതായത്. ദുരന്തമറിഞ്ഞ മനുപ്രസാദിന് പാസ്പോർട്ട് കാണാതായതിനാൽ നാട്ടിലേക്ക് വിമാനം കയറാനായില്ല. കാണാമറയത്തായ ഫിറോസ് ജീവിച്ചിരിപ്പുണ്ടെന്നായിരുന്നു മനു ആദ്യം കരുതിയത്. ഇപ്പോഴും അങ്ങനെതന്നെ വിശ്വസിക്കാനാണ് ആഗ്രഹമെന്ന് മനു പറയുന്നു.
ഫിറോസും മനുപ്രസാദും മീത്തൽ ജംഷീറും എന്തിനും ഏതിനും ഒരുമിച്ചായിരുന്നു. പഠനവും പെണ്ണുകാണലും കല്യാണവുമെല്ലാം. 2018ലെ പുത്തുമല ഉരുൾദുരന്തത്തിനുശേഷം മനുപ്രസാദ് മുണ്ടക്കൈയിൽനിന്ന് മാറിത്താമസിച്ചപ്പോഴും പ്രിയ കൂട്ടുകാരെ തേടി അവൻ എപ്പോഴുമെത്തും. ദുരന്തം കഴിഞ്ഞ് ആറു മാസമാകാറാകുമ്പോൾ എത്തിയത് ഫിറോസിന്റെ ശേഷിപ്പുകൾ ഏറ്റുവാങ്ങാൻ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

