പൊന്നോണത്തെ വരവേൽക്കാൻ മഞ്ഞമുണ്ടുകൾ ഒരുങ്ങുന്നു
text_fieldsബാലരാമപുരം: ഇത്തവണത്തെ ഓണത്തിന് മിഴിവേകാൻ ബാലരാമപുരത്തെയും സമീപപ്രദേശങ്ങളിലെയും കൈത്തറികളിൽ മഞ്ഞക്കോടി ഒരുങ്ങുന്നു. കോവിഡിനു ശേഷം തകർന്ന മഞ്ഞമുണ്ട് നെയ്ത്ത് ഇത്തവണ ഏറെ പ്രതീക്ഷയിലാണ്. കഴിഞ്ഞ വർഷത്തെക്കാൾ ഇരട്ടിവിലയാണ് നൂലിനെങ്കിലും ഓണം അതു തരണം ചെയ്യുമെന്ന വിശ്വാസത്തിലാണ് ബാലരാമപുരത്തെ ഓരോ നെയ്ത്ത് പുരകളിലും മഞ്ഞമുണ്ട് നെയ്ത്ത് തുടരുന്നത്.
നെയ്ത്തുകാർക്ക് നഷ്ടത്തിന്റെ കണക്കാണ് പറയാനുള്ളതെങ്കിലും മുണ്ട് ആവശ്യക്കാർ നിരവധിയാണ്. മഞ്ഞമുണ്ട് വാങ്ങാതെ ഓണം ആഘോഷിക്കുന്നവർ ചുരുക്കം. വിശ്വാസത്തിന്റെ ഭാഗമായാണ് പലരും നഷ്ടക്കണക്ക് അറിയിക്കാതെ തറികളിൽ മഞ്ഞമുണ്ട് നെയ്യുന്നത്. തിരുവനന്തപുരം ജില്ലയിലെ ബാലരാമപുരത്തു മാത്രം നിർമിക്കപ്പെടുന്ന മഞ്ഞമുണ്ടുകൾ ഇന്നു വടക്കൻ ജില്ലകളിലും സംസ്ഥാനത്തിന് പുറത്തും പ്രിയങ്കരവും ഓണാഘോഷത്തിന് ഒഴിച്ചുകൂടാനാവാത്തതുമാണ്. നഷ്ടത്തിലാണെങ്കിലും ആചാരത്തിന്റെ ഭാഗമായിട്ടാണ് പലരും ഇപ്പോഴും മഞ്ഞമുണ്ട് നെയ്യുന്നത്.
മാവേലിയുടെ കൊടിയുടെ നിറം മഞ്ഞയായിരുന്നു. ആ മഞ്ഞക്കൊടിയാണ് കലക്രമേണ മഞ്ഞക്കോടിയായതെന്ന് പഴമക്കാർ പറയുന്നു. മഞ്ഞനിറത്തിൽ നിർമിക്കുന്ന മുണ്ടുകൾ ആദ്യകാലത്ത് കൊച്ചുകുട്ടികൾക്കുവേണ്ടി മാത്രമാണ് നിർമിച്ചിരുന്നത്. പിന്നീട് ഇതു വാഹനങ്ങളിലും വീടുകളിലെ ഈശ്വരചിത്രങ്ങളിലും അണിയാൻ തുടങ്ങി.
ബാലരാമപുരം, ഐത്തിയൂർ, അവണാകുഴി, കോഴോട്, പെരിങ്ങമ്മല എന്നിവിടങ്ങളിലാണ് നൂറുക്കണക്കിന് തറികളുള്ളത്. ഒരു വർഷത്തെ അധ്വാനത്തിന് പ്രതിഫലം ലഭിക്കുന്നത് അടുത്ത ചിങ്ങമാസത്തിലാണ്. നൂൽ വാങ്ങി പശയും മഞ്ഞയും ചേർത്ത് ആദ്യം ഉണക്കിയെടുക്കും. പ്രത്യേക പരുവത്തിലാണ് നിറം കൊടുക്കുന്നതെന്ന് 50 വർഷമായി മുണ്ടു നെയ്യുന്ന ഐത്തിയൂർ, വാറുവിളാകത്ത് വീട്ടിൽ രവീന്ദ്രനും വസന്തയും പറയുന്നു.
നെയ്തെടുക്കുന്ന തുപ്പട്ടികൾ ശ്രദ്ധയോടെ കെട്ടിവെക്കും അടുത്ത ഓണക്കാലത്തേക്കായി. ചെറിയ നനവ് തട്ടിയാൽ പോലും മുണ്ടിൽ ചുവപ്പ് നിറം വരും. വളരെ സൂക്ഷിച്ച് കൈകാര്യം ചെയ്തില്ലെങ്കിൽ അധ്വാനത്തോടൊപ്പം മുതൽ മുടക്കും പാഴാവും. പകൽ കൈത്തറി മുണ്ട് നെയ്യാൻ പോകുന്ന പലരും വീടിനോട് ചേർന്ന തറിപ്പുരയിൽ രാത്രികാലങ്ങളിലാണ് മഞ്ഞമുണ്ട് നെയ്യുന്നത്. ആറു മാസം മുമ്പു തന്നെ ഇവർ നെയ്ത്ത് ആരംഭിച്ചു.പുതിയ തലമുറ മഞ്ഞക്കോടി നെയ്ത്തിനെത്തുന്നില്ല. നിലവിലെ നെയ്ത്തുകാരുടെ കാലശേഷം മഞ്ഞമുണ്ടുകൾ ഓർമയായി മാത്രം അവശേഷിക്കും. പഞ്ചായത്തോ സർക്കാറോ ഗൃഹാതുരത്വം നൽകുന്ന ഈ തൊഴിലിനെ സഹായിക്കാൻ മുന്നോട്ടു വരാത്തതിൽ നെയ്ത്തുകാർക്കും പരിഭവമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

