ഇവിടെയുണ്ട്, മാണിക്യന്റെയും കാർത്തുമ്പിയുടെയും കാളവണ്ടി
text_fieldsകർഷകസംഘം സംസ്ഥാന സമ്മേളനത്തിനു മുന്നോടിയായി നാഗമ്പടം ഇൻഡോർ സ്റ്റേഡിയത്തിൽ ആരംഭിച്ച കാർഷിക
വിപണനമേളയിൽ പ്രദർശനത്തിനെത്തിച്ച ‘തേൻമാവിൻ
കൊമ്പത്ത്’ സിനിമയിൽ ഉപയോഗിച്ച കാളവണ്ടി
കോട്ടയം: 'തേൻമാവിൻകൊമ്പത്ത്' എന്ന സിനിമയിൽ കാർത്തുമ്പി കയറിയിരുന്ന മാണിക്യന്റെ കാളവണ്ടി, കായംകുളം കൊച്ചുണ്ണിയിൽ പ്രത്യക്ഷപ്പെട്ട ഒട്ടകം ഹൈദ, കുതിര ആമി, പത്തൊമ്പതാം നൂറ്റാണ്ട് സിനിമയിലെ രഥം, റോമൻസ് സിനിമയിലെ കുതിരവണ്ടി, ബാഹുബലി സിനിമയിലെ തടിയിൽ തീർത്ത പീരങ്കി തുടങ്ങി ആകെ 'സിനിമാതാര'ങ്ങളുടെ ബഹളമാണ് നാഗമ്പടം ഇൻഡോർ സ്റ്റേഡിയത്തിൽ.
കർഷകസംഘം സംസ്ഥാന സമ്മേളനത്തിന് മുന്നോടിയായി ആരംഭിച്ച കാർഷിക പ്രദർശന വിപണനമേളയിലാണ് ഈ കൗതുകക്കാഴ്ചകൾ. അടൂരിന് സമീപം നന്ദന ഫാം ഉടമ ചിക്കുവാണ് ഇവയെല്ലാം മേളയിൽ പ്രദർശനത്തിനെത്തിച്ചിട്ടുള്ളത്. ഷൂട്ടിങ്ങിന് വാഹനങ്ങളും മൃഗങ്ങളെയും നൽകുന്ന ആളാണ് ചിക്കു. രാജസ്ഥാനിൽനിന്നാണ് ഏഴുവയസ്സുള്ള ഹൈദയെ ചിക്കു സ്വന്തമാക്കിയത്.
ആറുവയസ്സുള്ള ആമിയെന്ന വെള്ളക്കുതിരയെ കർണാടകയിലെ സത്യമംഗലത്തുനിന്നും. കത്യാവരി ഇനത്തിൽപെട്ടതാണ് കുതിര. പത്തൊമ്പതാം നൂറ്റാണ്ട് എന്നീ സിനിമയിലും ഉണ്ട് ആമി. കണ്ണൻ, സുധി, ലാൽ എന്നീ ജീവനക്കാരാണ് ഇവയുടെ പരിപാലനത്തിനുള്ളത്. വാഹനത്തിലാണ് ഇവയെ ഇവിടെയെത്തിച്ചത്. രാവിലെ സ്റ്റേഡിയത്തിനകത്ത് ആമിയുടെ വക റൈഡും ഉണ്ടാവാറുണ്ട്.
മിയ എന്ന കുതിര കൂടി ഉണ്ട് ചിക്കുവിന്റെ ഫാമിൽ. സിനിമകൾക്കു മാത്രമല്ല കല്യാണാഘോഷങ്ങൾക്കും ഹൈദയെയും ആമിയെയും കൊണ്ടുപോകാറുണ്ട്. ഹൈദയെയും ആമിയെയും കാണാനും ഒപ്പം നിർത്തി സെൽഫിയെടുക്കാനും കുട്ടികളടക്കം നിരവധി പേരാണ് മേളയിൽ എത്തുന്നത്. 'തേൻമാവിൻകൊമ്പത്തിലെ കാളവണ്ടിയാണ് മറ്റൊരാകർഷണം.
110 വർഷം പഴക്കമുണ്ട് ഈ വണ്ടിക്കെന്ന് രേഖപ്പെടുത്തിയിരുന്നു. തേക്കും വാകമരവും ഉപേയാഗിച്ചാണ് നിർമാണം. സിനിമയിലുപയോഗിച്ച കാളവണ്ടി ഒന്നരലക്ഷം രൂപ നൽകി വാങ്ങുകയായിരുന്നു ചിക്കു. കാർഷിക ഉപകരണങ്ങൾ, വിവിധ ഇനം തൈകൾ, വിത്തുകൾ, മധുരപലഹാരങ്ങൾ, തുണിത്തരങ്ങൾ, കുത്താമ്പുള്ളി മുണ്ടുകൾ, അടുക്കള ഉപകരണങ്ങൾ, ഗൃഹോപകരണങ്ങൾ, നാടൻ ഉൽപന്നങ്ങൾ തുടങ്ങി നിരവധി സ്റ്റാളുകൾ മേളയിൽ ഉണ്ട്.
പാടത്തും പറമ്പിലും ഒരുപോലെ ഉപയോഗിക്കാവുന്ന മിനി ടില്ലറുകൾ മേളയിലുണ്ട്. കല്ലുള്ളയിടങ്ങളിലും ഈ ടില്ലർ ഉപയോഗിക്കാം. 12 മണിക്കൂർ തുടർച്ചയായി ഉപയോഗിക്കാൻ കഴിയുന്ന ടില്ലറിന് സബ്സിഡി ലഭ്യമാണ്. 21നാണ് മേള സമാപിക്കുന്നത്. സമ്മേളനത്തിന്റെ ഭാഗമായി തിരുനക്കര പഴയ പൊലീസ് സ്റ്റേഷൻ മൈതാനത്ത് പുസ്തകമേളയും നടക്കുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

