ചലച്ചിത്ര പോസ്റ്ററുകളിൽനിന്ന് പറിച്ചെടുക്കാനാവുന്നില്ല മണികണ്ഠന്റെ ജീവിതം
text_fieldsസിനിമ പോസ്റ്റർ ഒട്ടിക്കുന്ന മണികണ്ഠൻ
പാലക്കാട്: സൈക്കിളിന് പിറകിലെ വീതികൂടിയ കാരിയറിൽ അടുക്കിവെച്ച സിനിമ പോസ്റ്ററുകൾ, ചെറു ബക്കറ്റിൽ പൂളപ്പശ, മുഷിഞ്ഞ ഒരു തോർത്തും... കാലവും ലോകവും നെഞ്ചോടുചേർത്ത സിനിമകളും തിയറ്ററുകളും ഏറെ മാറിയെങ്കിലും അയ്യപുരം സ്വദേശി മണികണ്ഠന്റെ ചില ദിനചര്യകൾ മാറുന്നില്ല, അരനൂറ്റാണ്ട് പിന്നിട്ടിട്ടും. ഹൃദിസ്ഥമായ പൊതു മതിലുകൾക്ക് മുന്നിൽ സൈക്കിൾ നിറുത്തി സിനിമ പോസ്റ്റർ തിരിച്ചിട്ട് പൂളപ്പശ ചേർത്ത് ഒറ്റ ഒട്ടിപ്പാണ്. നാലായി കീറിമുറിച്ച വലിയ സിനിമ പോസ്റ്ററാണെങ്കിലും കയറ്റിറക്കങ്ങളില്ലാതെ പോസ്റ്ററുകൾ ചേർന്ന് നിൽക്കും. അത്ര പെർഫെക്ടാണ് മണികണ്ഠന്റെ ഒട്ടിപ്പ്.
ഏഴാം ക്ലാസിൽ കൽപാത്തി സ്കൂളിൽ പഠിക്കുമ്പോൾ അപ്പനെ കടലവണ്ടിയിൽ സഹായിക്കാൻ പോയി വരവേ കിട്ടുന്ന സമയങ്ങളിൽ ചെയ്തുതുടങ്ങിയതാണ് സിനിമ പോസ്റ്റർ ഒട്ടിക്കൽ. അന്ന് പുതിയ സിനിമ പാലക്കാട്ടെ തിയറ്ററിൽ മാത്രമായിരുന്നു റിലീസ്. സൈക്കിളിൽ പോസ്റ്ററും പശപ്പാത്രവും വെച്ച് കോങ്ങാട്, പത്തിരിപ്പാല, മുണ്ടൂർ , വടക്കഞ്ചേരി, കൊല്ലങ്കോട് മുതൽ വാളയാർ സംസ്ഥാന അതിർത്തി വരെയെത്തി പോസ്റ്ററുകൾ ഒട്ടിക്കുമായിരുന്നു. 2000 പോസ്റ്ററോളം ഉണ്ടാകും. ആയിരം രൂപയിലേറെ അന്ന് ലഭിക്കുമായിരുന്നു.
കാലം കുറേ പിന്നിട്ടിട്ടും സിനിമ പോസ്റ്റർ പതിക്കലിൽനിന്ന് വിട്ടുനിൽക്കാൻ മണികണ്ഠനായിട്ടില്ല. പല ജോലികളും ഈ കാലയളവിനിടെ നോക്കി. ഒടുവിൽ കടലക്കച്ചവടവും. എന്നാൽ, ഇന്നും പഴയ സിനിമ പരിചയക്കാർ ഒട്ടിക്കലിന് മണികണ്ഠനെ മാത്രമേ വിളിക്കാറുള്ളൂ. സിനിമ മേഖലയിലെ പുതുപ്രവണതകൾ മണികണ്ഠന്റെ തൊഴിലിനെ ബാധിച്ചിട്ടുണ്ട്. മുമ്പ് സിനിമ തിയറ്ററുടമകളായിരുന്നു ജോലി ഏൽപിച്ചിരുന്നതെങ്കിൽ ഇപ്പോൾ വിതരണ കമ്പനികളായി. റിലീസിങ് ജില്ലയിൽ ഒന്നോ രണ്ടോ ഇടത്തു മാത്രമായിരുന്നെങ്കിൽ ഇന്ന് സർവത്ര റിലീസിങ് തിയറ്ററുകളായി.
അതിനാൽ കിട്ടുന്ന തുകയും കുറഞ്ഞു. ചെറുകിട തിയറ്ററുകൾ പൂട്ടിയതും ബാധിച്ചു. സിനിമ പോസ്റ്ററുകളിൽ വൻ മാറ്റങ്ങളുണ്ടായി. വെറും പേപ്പറുകളിൽനിന്ന് മൾട്ടികളർ ഗ്ലോസി പേപ്പറായതും മാറ്റമാണ്. വിതരണ കമ്പനികൾ പ്രചാരണച്ചുമതല ഏറ്റെടുത്തപ്പോൾ അവർ റിലീസ് ചെയ്യുന്ന തിയറ്ററുകൾ ഒക്കെ വെച്ചുള്ള പോസ്റ്ററുകളാണ് പതിപ്പിക്കുക. അതിനാൽ ഒരേ പണി കൂടുതൽ തിയറ്ററുകൾക്കായി എടുക്കേണ്ടിവരുന്നുണ്ടെന്ന് മണികണ്ഠൻ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

