നഗരമധ്യത്തില്‍ നടപ്പാതയില്‍ കിടന്ന് പാട്ട് കേള്ക്കുകയാണയാള്; റേഡിയോ ചെവിയോട് ചേര്‍ത്ത്...
text_fieldsകെ.വി. അബ്ദുള്‍ ഖാദര്‍ ഫേസ്ബുക്കില്‍ പങ്കുവെച്ച ചിത്രം
ഗുരുവായൂര്‍: താടിയും മുടിയും നീട്ടിയൊരു വയോധികന് ഗുരുവായൂര്‍ പടിഞ്ഞാറെനട ബസ് സ്റ്റോപ്പിന് സമീപത്തെ നടപ്പാതയില്‍ കിടക്കുന്നത് കണ്ടപ്പോള്‍ മദ്യപിച്ച് നിലതെറ്റിയയാള് കിടക്കുകയാണെന്ന് കരുതി പലരും കടന്നുപോയി. എന്നാല്‍ അതുവഴി പോയ മുന്‍ എം.എല്‍.എ കെ.വി. അബ്ദുള്‍ ഖാദറിനെ ഈ കാഴ്ച പിടിച്ചുവലിച്ചു. എന്താണ് ഇദ്ദേഹത്തിന്റെ കിടപ്പിന് കാരണമെന്നറിയാന്‍ അടുത്തുചെന്ന് നോക്കിയപ്പോള്‍ അതുവരെയുണ്ടായിരുന്ന ധാരണകളെല്ലാം മാറിമറിഞ്ഞു.
തനിക്ക് ചുറ്റുമുള്ള ലോകം തിരക്കിട്ട് പായുന്നതൊന്നും കാര്യമായെടുക്കാതെ റേഡിയോ ലോകമാക്കി പാട്ട് കേള്‍ക്കുകയായിരുന്നു അയാള്‍. അദ്ദേഹത്തിന്റെ ആസ്വാദനത്തെ മുറിക്കേണ്ടെന്ന് കരുതി ഒന്നും ചോദിക്കാതെ അല്പസമയം താനും പാട്ടുകേട്ട് നിന്നുവെന്ന് അബ്ദുള്‍ ഖാദര്‍ പറഞ്ഞു. ജീവിത യാത്രയിലെവിടെയോ അടിപതറിയെങ്കിലും കൈയിലുള്ള റേഡിയോ മാത്രം കൈവിടാതെ തന്റെ സംഗീത ആസ്വാദനം തുടരുകയായിരുന്നു അയാള്‍.
കഴിഞ്ഞ ശനിയാഴ്ച വൈകീട്ട് കണ്ട ദൃശ്യം അബ്ദുള്‍ ഖാദര്‍ ഫേസ്ബുക്കിലൂടെ പങ്കുവെക്കുകയായിരുന്നു.ഇടക്കൊക്കെ റേഡിയോയുമായി ഈ വയോധികനെ കാണാറുണ്ടെന്ന് പരിസരത്തെ വ്യാപാരികള്‍ പറഞ്ഞു. ലോകം തിരക്കില്‍ പായുമ്പോള്‍, ആ തിരക്കിനെ കളിയാക്കി പാട്ടും കേട്ട് മയങ്ങുകയാണ് അയാളെന്ന് ഫേസ്ബുക്ക് പോസ്റ്റിന് താഴെയുള്ള കമന്റുകളിലുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

