മലയാളമടക്കം 11 ഭാഷകളിൽ ആംഗ്യഭാഷ പഠന പുസ്തകവുമായി അസം സ്വദേശി
text_fieldsമുഹമ്മദ് ഇഖ്ബാൽ
ഷാർജ: മലയാളമടക്കം 11 ഭാഷകളിൽ ആംഗ്യഭാഷ പഠനത്തിന് സഹായിക്കുന്ന പുസ്തകം തയാറാക്കി അസം സ്വദേശി മുഹമ്മദ് ഇഖ്ബാൽ. സംസാരശേഷി ഇല്ലാത്തവർ പരസ്പരം ആശയ വിനിമയത്തിന് ഉപയോഗിക്കുന്ന ആംഗ്യഭാഷ എല്ലാവർക്കും പഠിച്ചെടുക്കാൻ സഹായിക്കുന്നതാണ് പുസ്തകമെന്ന് പുസ്തകോത്സവത്തിൽ പ്രദർശനത്തിന് എത്തിയ ഇഖ്ബാൽ 'ഗൾഫ് മാധ്യമ'ത്തോട് പറഞ്ഞു. അറബി, ഇംഗ്ലീഷ്, തമിഴ്, ബംഗാളി, അസമീസ്, നേപ്പാളി തുടങ്ങിയ ഭാഷകളുടെ അക്ഷരമാലയും മറ്റും പഠിച്ചെടുക്കാൻ സഹായിക്കുന്ന പുസ്തകമാണിത്.
പുസ്തകത്തിന് വലിയ സ്വീകാര്യതയാണ് ലഭിക്കുന്നതെന്ന് 22 ഭാഷകൾ അറിയാവുന്ന ഇഖ്ബാൽ പറഞ്ഞു. ഭാഷാപഠനത്തോട് ചെറുപ്പം മുതലുള്ള താൽപര്യമാണ് വിവിധ ഭാഷകൾ പഠിക്കാനും ആംഗ്യഭാഷ സംബന്ധിച്ച് പുസ്തകം ഇറക്കാനും പ്രേരണയായത്. മലയാളികൾക്കിടയിൽനിന്ന് നല്ല സ്വീകാര്യതയാണ് പുസ്തകത്തിന് ലഭിക്കുന്നതെന്നും ബധിരരും മൂകരുമായവരെ ഖുർആൻ പഠിപ്പിക്കാൻ സഹായിക്കലാണ് തന്റെ ഉദ്യമത്തിന്റെ ലക്ഷ്യമെന്നും അദ്ദേഹം വ്യക്തമാക്കി.
ഷാർജ അന്താരാഷ്ട്ര പുസ്തകോത്സവത്തിൽ മുൻവർഷങ്ങളിലും സ്ഥിര സാന്നിധ്യമായ ഇദ്ദേഹം ആപ്പ്ൾ അടക്കമുള്ള കമ്പനികൾക്ക് ഭാഷയിലെ തിരുത്തുകൾ നിർദേശിച്ച് ശ്രദ്ധേയനാണ്. അടുത്ത തവണ കൂടുതൽ ഭാഷകളിൽ ഇത്തരം പുസ്തകങ്ങൾ പുറത്തിറക്കാൻ ഉദ്ദേശിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

