പൂർത്തിയാകാത്തൊരു മാജിക് ട്രിക്ക് പോലെ...
text_fieldsമസ്കത്ത്: ഒരു പതിറ്റാണ്ടിലേറെ ജാലവിദ്യകൾകൊണ്ട് ഒമാനിലെ കുട്ടികളെയും മുതിർന്നവരെയും ഒരുപോലെ ആനന്ദിപ്പിക്കുകയും അമ്പരപ്പിക്കുകയും ചെയ്ത മജീഷ്യൻ പി.എ. സമീറിന്റെ അപ്രതീക്ഷിത വേർപാട് വിശ്വസിക്കാനാവാതെ സ്വദേശികളും വിദേശികളുമായ സുഹൃത്തുക്കളും മാജിക് ആസ്വാദകരും. കോട്ടയം ജില്ലയിലെ വൈക്കം തലയോലപ്പറമ്പ് സ്വദേശിയായ സമീർ ബി.ഇ.സി കമ്പനിയിൽ പ്ലമ്പിങ് സൂപ്പർവൈസറായിട്ടാണ് ജോലിക്ക് വരുന്നത്.
തലയോലപ്പറമ്പ് ദേവസ്വം ബോർഡ് കോളജിലെ പൂർവ വിദ്യാർഥിയാണ്. മാജിക് എന്ന ജനകീയ കലയിലൂടെയാണ് സമീർ ഒമാനിൽ അറിയപ്പെട്ടിരുന്നത്. ഒമാനിലെ ഇന്ത്യൻ സ്കൂളുകളിലെ പരിപാടികളിലും കോർപറേറ്റ് ഇവന്റുകളിലും കുടുംബ സംഗമങ്ങളിലും മാളുകളിലും പ്രവാസി സംഘടന വേദികളിലുമൊക്കെ അദ്ദേഹം ഇന്ദ്രജാല പ്രകടനം നടത്തി. നിരവധി പുരസ്കാരങ്ങളും അദ്ദേഹത്തെ തേടിയെത്തി. പ്രശസ്ത മജീഷ്യൻ വൈക്കം ചിത്രഭാനുവിന്റെ ശിക്ഷണത്തിലാണ് സമീർ മാജിക് പരിശീലിച്ചത്.
സമൂഹമാധ്യമങ്ങളിൽ സജീവമായിരുന്ന സമീർ സ്വതഃസിദ്ധ ശൈലിയിൽ നിരവധി കുറിപ്പുകൾ പങ്കുവെക്കുമായിരുന്നു. ഒമാനിലെ കല-സാമൂഹിക-സാംസ്കാരിക മേഖലകളിൽ നിറഞ്ഞുനിന്നിരുന്നു. നല്ലൊരു കർഷകൻകൂടിയായിരുന്ന സമീർ ഫ്ലാറ്റിലെ പരിമിത സൗകര്യങ്ങൾക്കിടയിൽ കൃഷി ചെയ്ത് ഒമാൻ കൃഷിക്കൂട്ടം അവാർഡും നേടി. 36ാം വയസ്സിൽ തികച്ചും അപ്രതീക്ഷിതമായിരുന്നു വൈക്കം തലയോലപ്പറമ്പ് ഉളുക്കാത്ത വീട്ടിൽ അഹമ്മദിന്റെ മകനായ സമീറിന്റെ വേർപാട്.
ഒമാനിൽ സ്വകാര്യ ആശുപത്രിയിൽ നഴ്സായ കോട്ടയം കൂട്ടിക്കൽ സ്വദേശിനി സജനയാണ് ഭാര്യ. ഐറ മറിയം, ഐസം എന്നിവരാണ് മക്കൾ. കോട്ടയം മെഡിക്കൽ കോളജിൽ പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയാക്കിയശേഷം തലയോലപ്പറമ്പിലെ മുഹ്യുദ്ദീൻ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കി.