വഴിയാധാരമായി ജീവിതം; സമരഭൂമിയിൽ എട്ടുവർഷം
text_fieldsകൽപറ്റ: ഭൂമിയുടെ അവകാശത്തിനായി പ്രളയവും കോവിഡും അതിജീവിച്ച് എട്ടു വർഷമായി കാഞ്ഞിരത്തിനാൽ കുടുംബം നടത്തുന്ന പോരാട്ടം ഈ മഴക്കാലവും സമരപ്പന്തലിൽതന്നെ. വനം വകുപ്പ് അന്യായമായി പിടിച്ചെടുത്ത ഭൂമി തിരിച്ചുകിട്ടണമെന്നും വനം ട്രൈബ്യൂണൽ കോടതി വിധി റദ്ദാക്കണമെന്നും ആവശ്യപ്പെട്ടാണ് മാനന്തവാടി കാഞ്ഞിരങ്ങാട് കാഞ്ഞിരത്തിനാൽ കുടുംബം 2015 ആഗസ്റ്റ് 15ന് വയനാട് കലക്ടറേറ്റ് പടിക്കൽ സമരം തുടങ്ങുന്നത്. കുടുംബം വില കൊടുത്ത് വാങ്ങിയ 12 ഏക്കർ ഭൂമി 2013 ഒക്ടോബർ 21ന് വനഭൂമിയായി വനംവകുപ്പ് വിജ്ഞാപനം പുറപ്പെടുവിച്ചിരുന്നു.
പിന്നീട് വനം വകുപ്പ് പിടിച്ചെടുത്ത ഈ ഭൂമിയിൽ 75 സെന്റ് ഒഴികെ ബാക്കി വനഭൂമിയാണെന്ന് 1985 ഫെബ്രുവരി രണ്ടിന് വനം ട്രൈബ്യൂണൽ വിധിച്ചു. ഈ വിധി നിലനിൽക്കെ 2007 ഏപ്രിൽ 19ന് സഹോദരങ്ങളായ ജോസ്, ജോർജ് എന്നിവർക്ക് ആറേക്കർ വീതം പതിച്ചു നൽകി അച്യുതാനന്ദൻ സർക്കാർ ഉത്തരവിറക്കി. എന്നാൽ, ഉത്തരവിൽ പറയുന്ന ഭൂമിയല്ല തങ്ങളുടേതെന്ന് കുടുംബം സർക്കാറിനെ തെളിവ് സഹിതം അറിയിച്ചു. ഉത്തരവ് തെറ്റാണെന്ന് ബോധ്യപ്പെട്ട സർക്കാർ അന്നത്തെ റവന്യൂ സെക്രട്ടറി കേസിന്റെ വസ്തുത പരിശോധിച്ച് റിപ്പോർട്ട് നൽകാൻ കലക്ടറോട് നിർദേശിച്ചു. പിന്നീട് വനം-റവന്യൂവകുപ്പുമായി ചേർന്ന് നടത്തിയ പരിശോധനയിൽ പിടിച്ചെടുത്ത ഭൂമിയല്ല തിരിച്ചുനൽകിയതെന്ന് കലക്ടർ റിപ്പോർട്ട് നൽകി.
2007 നവംബർ 11ന് ഭൂമിക്ക് നികുതി സ്വീകരിക്കാൻ റവന്യൂ സെക്രട്ടറി ഉത്തരവിട്ടു. എന്നാൽ, വനഭൂമിയാണെന്ന 1985 ലെ ഫോറസ്റ്റ് ട്രൈബ്യൂണൽ വിധി അസാധുവാക്കാതെയാണ് റവന്യൂ സെക്രട്ടറി ഉത്തരവിട്ടത്. തിരിച്ചു കിട്ടിയ ഭൂമിയിൽ കുടുംബം കൃഷി തുടങ്ങുന്നതിനിടെ ട്രൈബ്യൂണൽ വിധിയുടെ രേഖകളുമായി പരിസ്ഥിതി സംഘടന ഹൈകോടതിയിൽ ഹരജി നൽകുകയും കോടതി ഇത് സ്റ്റേ ചെയ്യുകയും ചെയ്തു. ഇതോടെ ഭൂമിയിൽനിന്ന് കുടുംബം പുറത്താക്കപ്പെട്ടു.
ട്രൈബ്യൂണൽ വിധി റദ്ദാക്കാൻ അന്നത്തെ മുഖ്യമന്ത്രിയടക്കമുള്ള ജനപ്രതിനിധികളെ കുടുംബം സമീപിച്ചിരുന്നു. എന്നിട്ടും ഒന്നും നടപ്പായില്ല. അതോടെ നീതി നിഷേധത്തിനും ഭൂമിയുടെ അവകാശത്തിനുമായി കലക്ടറേറ്റ് പടിക്കൽ കുടുംബം പോരാട്ടം തുടങ്ങിയത്. കാഞ്ഞിരത്തിനാൽ ജോർജിന്റെ മകൾ ട്രീസയുടെ ഭർത്താവ് ജെയിംസാണ് മുഴുവൻ സമയവും സമരപ്പന്തലിലുള്ളത്. യഥാർഥ വനംഭൂമി രേഖകൾ തിരുത്തി വനംവകുപ്പ് മറ്റൊരാൾക്ക് കൊടുത്തപ്പോൾ അതിന്റെ അളവൊപ്പിക്കാനാണ് തങ്ങളുടെ ഭൂമി പിടിച്ചെടുത്ത് വനഭൂമിയാക്കിയതെന്നാണ് ജെയിംസ് പറയുന്നത്.
75 സെന്റ് ഭൂമി തിരികെ ഏറ്റെടുക്കണമെന്ന് ആവശ്യപ്പെട്ട് ജൂൺ 23ന് കുടുംബത്തിന് റവന്യൂ വകുപ്പ് നോട്ടീസ് നൽകിയിരുന്നു. നോട്ടീസിൽ എന്തെങ്കിലും ആക്ഷേപമുണ്ടെങ്കിൽ പരാതി നൽകാനും ജില്ല കലക്ടർ ഡോ. രേണുരാജ് നിർദേശം നൽകിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

