ജീവിതം തിരികെ നൽകിയ നീന്തലിനെ ചേർത്തുപിടിച്ച് അരുൺ രാജ്
text_fieldsഅരുൺ രാജ് നീന്തൽ പരിശീലനത്തിൽ
വാടാനപ്പള്ളി: തളർച്ചയിൽ മുങ്ങിത്താണ തന്നെ ജീവിതത്തിലേക്ക് കൈപിടിച്ചുയർത്തിയ നീന്തൽ എന്ന കായിക വിനോദത്തെ ചേർത്തുപിടിക്കുകയാണ് ഏങ്ങണ്ടിയൂർ സ്വദേശിയായ തയ്യിൽ വീട്ടിൽ അരുൺ രാജ്. രക്തസമ്മർദത്താൽ തലച്ചോറിലെ ഞരമ്പുകൾ പൊട്ടി ഒരുവശം തളർന്ന് ഇനി പഴയ ജീവിതത്തിലേക്ക് തിരിച്ചുവരാനാകില്ലെന്ന് ഡോക്ടർമാർ വരെ വിധിയെഴുതിയിരുന്നു.
എന്നാൽ, ഇച്ഛാശക്തിയും മനസാന്നിധ്യവും കൊണ്ട് വിധിയെ കീഴടക്കി അരുൺരാജ് പതിയെ ജീവിതത്തിലേക്ക് മടങ്ങി. തന്റെ തിരിച്ചുവരവിന് മരുന്നുകൾക്കും ഫിസിയോതെറാപ്പി ചികിത്സകൾക്കുമൊപ്പം നീന്തൽ നൽകിയ സഹായം ഏറെയാണെന്ന് ഇദ്ദേഹം പറയുന്നു. നീന്തലിൽ താൻ നേടിയ അറിവുകൾ ഇപ്പോൾ കുരുന്നുകൾക്ക് പകർന്നുകൊടുക്കുന്നതിലാണ് ഈ 39കാരൻ സന്തോഷം കണ്ടെത്തുന്നത്.
ഏങ്ങണ്ടിയൂർ മാമ്പുള്ളിക്കാവ് അമ്പലക്കുളത്തിലാണ് നീന്തൽ പരിശീലനം നൽകുന്നത്. നാലിനം നീന്തൽ ശൈലികൾക്ക് പുറമെ വാട്ടർപോളോയും ഇവിടത്തെ കുട്ടികളെ പഠിക്കുന്നുണ്ട്. ആറ് മാസത്തിനുള്ളിൽ സ്കൂൾതലം മുതൽ സംസ്ഥാനതലം വരെ തന്റെ കുട്ടികൾക്ക് വിജയം നേടാനായതിൽ ഏറെ സന്തോഷത്തിലാണ് അരുൺരാജ്. ടെലികോം മേഖലയിൽ തൊഴിൽ ചെയ്തിരുന്ന ഇദ്ദേഹം അസുഖം ബാധിച്ചതിനുശേഷം ഓട്ടോ ഓടിച്ചാണ് ഇപ്പോൾ ഉപജീവനം നടത്തുന്നത്.
ഭാര്യ വിദ്യയും നീന്തലിൽ കഴിവുതെളിയിച്ചിട്ടുണ്ട്. നന്നേ ചെറുപ്പത്തിലേ നീന്തൽ അഭ്യസിച്ച വിദ്യ വനിത പൊലീസുകാർക്കടക്കം നീന്തൽ പരിശീലിപ്പിച്ചിട്ടുണ്ട്. ഇപ്പോൾ തീരദേശ പൊലീസിൽ ജോലി ചെയ്യുകയാണ് വിദ്യ. മക്കളായ പത്താം ക്ലാസ് വിദ്യാർഥി അതുൽ രാജും ആറാം ക്ലാസ് വിദ്യാർഥി അജുൽ രാജും എൽ.കെ.ജി വിദ്യാർഥി ആദിലക്ഷ്മിയും നീന്തൽ അഭ്യസിച്ചു. കണ്ടശ്ലാംകടവ് ജലോത്സവത്തിൽ കനോലി പുഴ കുറുകെ നീന്തിയുള്ള മത്സരത്തിൽ അതുൽ രാജ് ഒന്നാം സ്ഥാനവും അജുൽ രാജ് രണ്ടാം സ്ഥാനവും നേടിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

