കുഞ്ഞിമുഹമ്മദിന്റെ കലിഗ്രഫിക്കുമുന്നിൽ പാർക്കിൻസൻസും തോറ്റു
text_fieldsആർട്ട് ഗാലറിയിൽ ആരംഭിച്ച കുഞ്ഞിമുഹമ്മദ് വടക്കാങ്ങരയുടെ 'വരകൾക്കിടയിലെ വരികൾ' കലിഗ്രഫി പ്രദർശനം
കോഴിക്കോട്: പേനയും റൈറ്റിങ് ബോർഡും എടുക്കുമ്പോൾ വിറയാർന്ന കുഞ്ഞിമുഹമ്മദിന്റെ കൈകളിൽനിന്ന് വിരിയുന്നത് മനോഹരമായ കലിഗ്രഫി ചിത്രങ്ങൾ. പാർക്കിൻസൻസിനെ കീഴ്പ്പെടുത്തി വരച്ച 20 ചിത്രങ്ങളടക്കം ഉൾക്കൊള്ളിച്ച് കോഴിക്കോട് ആർട്ട് ഗാലറിയിൽ നടക്കുന്ന കുഞ്ഞിമുഹമ്മദ് വടക്കാങ്ങരയുടെ അറബിക് കലിഗ്രഫി പ്രദർശനം അതിജീവനത്തിന്റെ കഥകൂടിയാണ് സന്ദർശകരോട് പറയുന്നത്.
സമാധാനത്തിന്റെയും സഹവർത്തിത്തത്തിന്റെയും പ്രാധാന്യം വ്യക്തമാക്കുന്ന ഖുർആൻ സൂക്തങ്ങളാണ് കലിഗ്രഫിയിൽ ഏറെയും. വരകൾക്കിടയിലെ വരികൾ എന്ന തലക്കെട്ടിലുള്ള പ്രദർശത്തിൽ 56 ചിത്രങ്ങളാണുള്ളത്.
നേരത്തേ ലേ ഔട്ട് ആർട്ടിസ്റ്റായും ക്രീയേറ്റിവ് ആർട്ടിസ്റ്റുമായി ജോലി ചെയ്തിരുന്നു. 35 വർഷത്തോളമായി അറബിക് കലിഗ്രഫി വരക്കുന്നുണ്ട്. ദുബൈയിൽ വാട്ടർ ആൻഡ് ഇലക്ട്രിസിറ്റി വിഭാഗത്തിൽ ജോലിചെയ്തിരുന്ന കുഞ്ഞിമുഹമ്മദ് നേരത്തേ ദുബൈ, സൗദി അറേബ്യ എന്നീ വിദേശരാജ്യങ്ങളിലും പ്രദർശനം നടത്തിയിട്ടുണ്ട്. പിന്നീട് പാർക്കിൻസൻസ് ബാധിച്ച അദ്ദേഹം കുടുംബത്തിന്റെ പിന്തുണയോടെ വരയിലേക്ക് തിരിച്ചെത്തുകയായിരുന്നു.
സാമൂഹിക മാധ്യമങ്ങളിൽ ഏറെ പ്രചാരണം ലഭിച്ച അറബിക് സ്റ്റാറിനുള്ളിലെ പ്രാവിന്റെ മാതൃയിലുള്ള കലിഗ്രഫിയും മേളയിലുണ്ട്. മലപ്പുറം മങ്കട സ്വദേശി കുഞ്ഞിമുഹമ്മദ് മാധ്യമം പത്രത്തിലും പ്രബോധനം ആഴ്ചപ്പതിപ്പിലും ജോലി ചെയ്തിട്ടുണ്ട്. മൂന്നു ദിവസങ്ങളിലായി നടക്കുന്ന പ്രദർശനം ഇന്ന് സമാപിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

