ജീവന് തുടിക്കുന്ന സുഭാഷിയൻ ചിത്രങ്ങൾ
text_fieldsജീവന് തുടിക്കുന്ന ചിത്രങ്ങള്‍ ഒരുക്കുകയാണ് പ്രവാസിയായ സുഭാഷ്. ചിത്ര രചനയോടുള്ള അടങ്ങാത്ത അഭിനിവേശമാണ് കൊല്ലം പരവൂര്‍ സ്വദേശിയായ സുഭാഷിനെ ഈ മേഖലയില്‍ പിടിച്ചുനിര്‍ത്തുന്നത്. ചെറുപ്പം മുതലേ ചിത്രം വരയോട് ആഭിമുഖ്യമുണ്ടെങ്കിലും ചിത്രരചന പഠിക്കാനുള്ള സാഹചര്യങ്ങള്‍ ഒത്തുവന്നിരുന്നില്ല. സ്കൂള്‍ പഠന കാലത്ത് യുവജനോത്സവങ്ങളില്‍ നിരവധി സമ്മാനങ്ങള്‍ നേടിയിട്ടുണ്ട്. മന്ത്രിയായിരുന്ന കെ.ആര് ഗൗരിയമ്മയില്‍ നിന്ന് സമ്മാനം നേടിയാണ് ഇതിൽ പ്രധാനം.
2008ലാണ് സുഭാഷ് ജീവിതോപാധി തേടി യു.എ.ഇയില്‍ എത്തുന്നത്. ആദ്യത്തെ ഏഴു വര്‍ഷം ലേബര്‍ സപ്ലൈ കമ്പനിയിലായിരുന്നു ജോലി. ഒരൊഴിവും ഇല്ലാത്ത കാലത്ത് വരയെ കുറിച്ചുള്ള ചിന്തകള്‍ തന്നെ മനസ്സില്‍ നിന്നും ഒഴിഞ്ഞു പോയിരുന്നു. പിന്നീടാണ് ദുബൈ ഡി.പി വേള്‍ഡില്‍ ജോലി ചെറിയ ഒരു ജോലി ലഭിക്കുന്നത്.
വാട്ടര്‍ കളര്‍, കളര്‍ പെന്‍സില്‍, ഡോട്ട് വര്‍ക്ക്, പെന്‍സില്‍ ഡ്രോയിങ്, അക്രലിക്ക്, ഓയില്‍ പെയിന്റ് എന്നിവയിലാണ് സുഭാഷ് തന്റെ രചനകള്‍ ഒരുക്കിയിട്ടുള്ളത്. യു.എ.ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് ആല് മക്തൂമിന്റെ ചിത്രം കുത്തുകളാല്‍ ഒരുക്കിയിട്ടുണ്ട്.
ശൈഖ് മുഹമ്മദിന്റെ ഏഴ് മീറ്റര്‍ ഉയരവും മൂന്ന് മീറ്റര്‍ വീതിയുമുള്ള വലിയൊരു ചിത്രം ഡി.പി. വേള്‍ഡ് ആസ്ഥാനത്ത് സുഭാഷ് ഒരുക്കിയിട്ടുണ്ട്. നിരവധി പ്രഗല്ഭരുടെ ചിത്രങ്ങള്‍ ചെയ്ത സുഭാഷ് അവസാനമായി ചെയ്ത് തീര്‍ത്തത് സിനിമാ നടന് പ്രിഥ്വരാജിന്റെ ചിത്രമാണ്. അദ്ദേഹത്തിന്റെ ഏറ്റവും പുതിയ ചിത്രമായ ആടുജീവിതത്തിലെ വേഷപ്പകര്‍ച്ചക്കാണ് സുഭാഷ് നിറം പകർന്നത്.
കളര്‍ പെന്സിലുകള് കൊണ്ടാണ് ഈ ചിത്രം ഒരുക്കിയിരിക്കുന്നത്. പരിമിതമായ സൗകര്യങ്ങളില്‍ നിന്നാണ് ഇദ്ദേഹം തന്റെ കഴിവിനെ പരിപോഷിപ്പിക്കുന്നത്. ഈ മേഖലയില്‍ കൂടുതല്‍ അറിവുകള്‍ നേടണമെന്നും കിട്ടാവുന്ന സാധ്യതകള്‍ ഉപയോഗപ്പെടുത്തി ഇനിയും ഒരുപാട് മുന്നോട്ട് പോകണം എന്നതുമാണ് സുഭാഷിന്റെ അഭിലാഷം. പ്രിയതമ അശ്വതിയുടെ അകമഴിഞ്ഞ പിന്തുണയും തന്റെ കരവിരുതുകള്‍ക്ക് ഏറെ സഹായകമാണെന്ന് ഇദ്ദേഹം പറയുന്നു.