ജീവിതം മുച്ചക്രത്തില്‍; നെഞ്ചില്‍ കളിയും സംഗീതവും
text_fieldsമുച്ചക്രത്തില്‍ നിയാസ് കളിക്കളത്തിൽ
കൂറ്റനാട്: മുച്ചക്രത്തിലേക്ക് വഴിമാറിയെങ്കിലും ജീവിതത്തിലെ ആസ്വാദനം കാല്പന്ത് കളിയിടങ്ങളിലാക്കി ചാലിശ്ശേരി സ്വദേശി നിയാസ്. കാൽപന്ത് കളിയുടെ ആവേശം നെഞ്ചിലേറ്റി മൈതാനങ്ങളിൽ നിറസാന്നിധ്യമാകുകയാണ് നിയാസ്. ചാലിശേരി സോക്കർ അസോസിയേഷൻ സംഘടിപ്പിച്ച അഖിലേന്ത്യ ഫ്ലഡ് ലൈറ്റ് ഫുട്ബാൾ ടൂർണമെന്റിൽ ഇതിനകം ഒട്ടുമിക്ക കളികളിലും നിയാസ് എത്തി.
പോളിയോ ബാധിതനായ നിയാസ് കഴിഞ്ഞ 23 വർഷമായി മുച്ചക്ര വാഹനത്തിലാണ് യാത്ര. മെസിയും നെയ്മറേയും ഇഷ്ടപ്പെടുന്ന ഇദ്ദേഹം ഗ്രാമങ്ങളിലെ എല്ലാ ഫുട്ബാൾ മേളകളിലും കാണിയായി എത്തും. കഴിഞ്ഞയാഴ്ച പി.എഫ്.എ ക്ലബ് ഒരുക്കിയ ടൂർണമെന്റിൽ മുഖ്യാതിഥിയായി വാഹനം ഓടിച്ച് ടീമംഗങ്ങളെ പരിചയപ്പെട്ടത് മറക്കാനാകാത്ത ഓർമയാണെന്ന് നിയാസ് പറഞ്ഞു.
കൂറ്റനാട് സഹയാത്ര ചാരിറ്റബിൾ ഡേ കെയർ അംഗമായ നിയാസ് മികച്ച മാപ്പിളപ്പാട്ട് ഗായകൻ കൂടിയാണ്. കേരളത്തിന്റെ പലഭാഗങ്ങളിലും സംഗീത പരിപാടികളിൽ പങ്കെടുത്തിട്ടുണ്ട്. കഴിഞ്ഞ മാസം ചെറിയ പെരുന്നാളിന്റെ ഭാഗമായി ഷാർജയിൽ നടത്തിയ ഈദ് കിരാത്ത് സംഗീതനിശയിലും പങ്കെടുത്തു. ഭാര്യ ഫാത്തിമക്കൊപ്പമായിരുന്നു ദുബൈ സന്ദർശനം.
ചാലിശേരി പഞ്ചായത്ത് ഓഫിസ്, വില്ലേജ് ഓഫിസ് എന്നിവിടങ്ങളിൽ സാധാരണക്കാരുടെ അപേക്ഷ ഫോറങ്ങൾ പൂരിപ്പിച്ച് നൽകി സഹായിക്കുന്നതിനാൽ ഗ്രാമത്തിൽ ഏറെ സുപരിചിതനാണ് പാലക്കപീടിക അരക്കുളം വീട്ടിൽ സൈയ്തലവി-നഫീസ ദമ്പതിമാരുടെ മൂന്ന് മക്കളിൽ മൂത്തവനായ നിയാസ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

