കരവിരുതിൽ കണ്ണാടി വിസ്മയങ്ങൾ തീർത്ത് ലെന്ഷിന്
text_fieldsകണ്ണാടി മാതൃകകളുടെ പ്രദർശനം
തിരുവനന്തപുരം: സ്ഫടികത്തിൽ തൽസമയം വിസ്മയരൂപങ്ങൾ തീർത്ത് യൂറി ലെൻഷിൻ. റഷ്യൻ ഹൗസിന്റെ ആഭിമുഖ്യത്തില് തലസ്ഥാനത്തെ കുട്ടികള്ക്കായി പരിശീലന ക്ലാസിലും പ്രദർശനത്തിലുമാണ് റഷ്യയിലെ കലിനിന്ഗ്രാഡ് പ്രവിശ്യയില്നിന്നുള്ള കണ്ണാടി ഗ്ലാസ് ബ്ലോവറായ ലെന്ഷിന് കണ്ണാടി മാതൃകകൾ വാർത്തത്.
ഇന്ത്യയും റഷ്യയും തമ്മില് നയതന്ത്രബന്ധം നിലവില് വന്നതിന്റെ 75ാം വാര്ഷികാഘോഷങ്ങളുടെ ഭാഗമായാണ് യൂറി ലെന്ഷിന്റെ പ്രദര്ശനം സംഘടിപ്പിക്കുന്നത്. റഷ്യക്ക് പുറമേ ബൽഗേറിയ, വെനീസ് എന്നിങ്ങനെ വിവിധ രാജ്യങ്ങളിൽനിന്നുള്ള കണ്ണാടികളാണ് പുതിയ നിർമിതികൾക്കായി ലെന്ഷിന് ഉപയോഗിച്ചത്.
റഷ്യൻ കൾച്ചറൽ സെന്ററിൽ നടന്ന കണ്ണാടി മാതൃകകളുടെ
പ്രദർശനത്തിനിടെ വിദ്യാർഥികൾക്കായി യൂറി യെൻഷിൻ നടത്തിയ പരിശീലനവും തത്സമയ നിർമാണവും
1400 ഡിഗ്രി സെൽഷ്യസ് ചൂടിലാണ് രൂപങ്ങൾ ഗ്ലാസിൽ ഉരുക്കി വാർത്തെടുക്കുന്നത്. ഇത്തരത്തിൽ വലിയ കളക്ഷനുകളുടെ പ്രദർശനവും റഷ്യൻ കൾച്ചറൽ സെന്ററിൽ നടന്നു. റഷ്യയുടെ ചിഹ്നം, നൃത്തരൂപങ്ങൾ, ജലയാനങ്ങൾ, സർക്കസ് മാതൃകകൾ, അലങ്കാര വിളക്കുകൾ, നൃത്തം ചെയ്യുന്ന പാവകൾ, കുപ്പിക്കുള്ളിലെ കപ്പൽ തുടങ്ങി കണ്ണാടിയിൽ തീർത്ത വിവിധ വിസ്മയ രൂപങ്ങളാണ് പ്രദർശനത്തിലുള്ളത്.
55 വർഷമായി മേഖലയിൽ പ്രവർത്തിക്കുന്ന ലെൻഷിൻ 40 ഓളം രാജ്യങ്ങളിൽ പ്രദർശനം നടത്തിയിട്ടുണ്ട്. ബുധനാഴ്ച വെള്ളാര് ക്രാഫ്റ്റ് വില്ലേജില് പരിശീലന കളരിയും എക്സിബിഷനും നടത്തും.