മുഹമ്മദ് റഫിയുടെ പേരിലുള്ള 100 രൂപ നാണയം സ്വന്തമാക്കി ലത്തീഫ്
text_fieldsമുഹമ്മദ് റഫിയുടെ പേരിൽ പുറത്തിറക്കിയ 100 രൂപ നാണയവുമായി ഗിന്നസ് ലത്തീഫ്
കോഴിക്കോട്: ഗായകൻ മുഹമ്മദ് റഫിയുടെ നൂറാം ജന്മ വാർഷികത്തോടനുബന്ധിച്ച് പുറത്തിറക്കിയ 100 രൂപ നാണയം സ്വന്തമാക്കി നടക്കാവ് സ്വദേശി ഗിന്നസ് ലത്തീഫ്. കേന്ദ്ര സർക്കാർ കഴിഞ്ഞ ദിവസമാണ് നാണയം പുറത്തിറക്കിയത്.
44 എം.എം വ്യാസവും രണ്ട് മില്ലിമീറ്റർ കനവും 35 ഗ്രാം ഭാരവുമാണ് നാണയത്തിനുള്ളത്. 50 ശതമാനം വെള്ളിയും 40 ശതമാനം കോപ്പറും അഞ്ചു ശതമനം നിക്കലും അഞ്ചു ശതമാനം സിങ്കും ചേർന്നാണ് നാണയം നിർമിച്ചത്. മുൻവശം അശോകസ്തംഭത്തിലെ സിംഹം മുദ്രയും മധ്യഭാഗത്ത് ഇന്ത്യ എന്നും ആലേഖനം ചെയ്തിട്ടുണ്ട്. നാണയത്തിന്റെ പിറകുവശത്ത് മുഹമ്മദ് റഫിയുടെ ചിത്രം ആലേഖനം ചെയ്തിട്ടുണ്ട്.
മുകൾഭാഗത്ത് ദേവനാഗരി ലിപിയിലും ഇംഗ്ലീഷിലും മുഹമ്മദ് റഫിയുടെ നൂറാം ജന്മവാർഷികം എന്നും നാണയത്തിൽ ചേർത്തിട്ടുണ്ട്. നാണയം കൽക്കത്തയിലെ കേന്ദ്ര സർക്കാർ മിൻറിൽ ആണ് നിർമിച്ചത്. മുംബൈയിലെ ചന്ദ്രശേഖര സരസ്വതി ഓഡിറ്റോറിയത്തിൽ കേന്ദ്ര സാംസ്കാരിക -വിവരസാങ്കേതിക മന്ത്രി അശിഷ് ഷെലാറാണ് മുഹമ്മദ് റാഫിയോടുള്ള ആദരസൂചകമായുള്ള നാണയം പ്രകാശനം ചെയ്തത്.
കോഴിക്കോട് ഉടൻ വരുന്ന മുഹമ്മദ് റഫി മ്യൂസിയത്തിലേക്ക് ഈ നാണയം സംഭാവന നൽകാനാണ് ലത്തീഫിന്റെ തീരുമാനം. ഒരു രൂപ മുതൽ 1000 രൂപ വരെയുള്ള നാണയങ്ങൾ ഇതുപോലെ കേന്ദ്ര സർക്കാർ നേരത്തേ ഇറക്കിയിട്ടുണ്ട്. ഇത്തരം നാണയങ്ങൾ റിസർവ് ബാങ്കിൽ ബുക്ക് ചെയ്തവർക്ക് മാത്രമേ ലഭിക്കൂ. പലപ്പോഴും ബുക്ക് ചെയ്താലും അഞ്ചും ആറും മാസം കാത്തിരുന്നാലാണ് നാണയം ലഭിക്കുക.
ഇതിന്റെ വിലയിലും മാറ്റങ്ങൾ ഉണ്ടാവാറുണ്ട്. നാണയത്തിന്റെ തുകക്കു പകരം കൂടുതൽ വില റിസർവ് ബാങ്കിൽ നൽകേണ്ടിവരും. പുരാവസ്തു, നാണയ ശേഖരം വിനോദമാക്കിയ ലത്തീഫ് ആർക്കിയോളജി ആൻഡ് ഹെറിറ്റേജ് അസോസിയേഷൻ പ്രസിഡന്റ് കൂടിയാണ്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.