വ്യത്യസ്തനാമൊരു അധ്യാപകൻ; കുട്ടികളുടെ സുരക്ഷക്കായി വേറിട്ട പ്രവർത്തനങ്ങളിലാണ് എൽ. സുഗതൻ
text_fieldsഎൽ. സുഗതൻ
ചാരുംമൂട്: വിദ്യാഭ്യാസരംഗത്തും കുട്ടികളുടെ സുരക്ഷക്കുമായി വേറിട്ട പ്രവർത്തനങ്ങളുമായി ഒരു അധ്യാപകൻ. താമരക്കുളം വി.വി ഹയർ സെക്കൻഡറി സ്കൂളിലെ എൽ. സുഗതനാണ് ഈ അധ്യാപകൻ. സംസ്ഥാന അധ്യാപക അവാർഡ് ജേതാവും വിദ്യാഭ്യാസ പ്രവർത്തകനും ബാലാവകാശ പ്രവർത്തകനുമാണ്.
സുഗതന്റെ ഇടപെടലിലൂടെ സംസ്ഥാനത്തെ സ്കൂൾ കുട്ടികളുടെ സുരക്ഷക്കായി കേരള റോഡ് സേഫ്റ്റി അതോറിറ്റി മുപ്പത് കോടി രൂപയുടെ പദ്ധതിയാണ് നടപ്പാക്കുന്നത്. സുരക്ഷ നടപടികൾക്ക് സ്‌കൂൾ മേഖലകളുടെ പട്ടിക ശേഖരിച്ച് ആറരക്കോടിയുടെ പദ്ധതി ഇതിനകം യാഥാർഥ്യമാക്കി. പത്തുവർഷം മുമ്പ് താൻ ജോലിചെയ്യുന്ന സ്കൂളിന് മുൻവശത്തെ തിരക്കേറിയ കെ.പി റോഡിൽ രാവിലെയും വൈകുന്നേരവുമുള്ള അപകടാവസ്ഥക്ക് പരിഹാരം കാണാൻ, കുട്ടികളുടെ സുരക്ഷയെ മുൻനിർത്തി അന്നത്തെ പൊതുമരാമത്ത് മന്ത്രിയായ ജി. സുധാകരന് പരാതി നൽകിയതാണ് തുടക്കം. കൃത്യം രണ്ടു മാസത്തിനുള്ളിൽ മന്ത്രിയുടെ മറുപടിയെത്തി. എട്ട് ലക്ഷം രൂപ ചെലവാക്കി സ്കൂളിന് മുന്നിൽ സുരക്ഷാവേലിയും നടപ്പാതയും നിർമിക്കാൻ തീരുമാനിച്ചുവെന്നായിരുന്നു മറുപടി.
കേവലം രണ്ടു മാസങ്ങൾക്കുള്ളിൽ സ്കൂളിന് മുൻവശം നടപ്പാതയും സുരക്ഷാവേലിയും നിർമിച്ചു. അവിടം കൊണ്ട് തീർന്നില്ല, ഇടപെടൽ. സ്വദേശമായ ശാസ്താംകോട്ട ജെ.എം.എച്ച്.എസിന് മുൻവശവും ഇതേ അവസ്ഥ ചൂണ്ടിക്കാട്ടി ജില്ല കലക്ടർക്ക് പരാതി അയച്ചു. അവിടെയും കുട്ടികൾക്കായി നടപ്പാത യാഥാർഥ്യമായി. പിന്നീട് സംസ്ഥാനത്തെ ഇത്തരം പ്രശ്നങ്ങൾ അഭിമുഖീകരിക്കുന്ന എല്ലാ സ്കൂളുകൾക്ക് മുന്നിലും പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് ഇപ്പോഴത്തെ പൊതുമരാമത്ത് മന്ത്രി പി.എ. മുഹമ്മദ് റിയാസിനെ സമീപിച്ചു.
അതിന്റെ ആദ്യപടിയായി കേരളത്തിൽ ഇത്തരം വിഷമങ്ങൾ അഭിമുഖീകരിക്കുന്ന സ്കൂളുകളുടെ വിവരങ്ങൾ ശേഖരിക്കുകയും തുടർന്ന് അമ്പതിൽപരം സ്കൂളുകൾക്ക് മുന്നിൽ പദ്ധതി നടപ്പാക്കുകയും ചെയ്തു. മറ്റു നിരവധി വിഷയങ്ങളിലും അദ്ദേഹത്തിന്റെ കൈയൊപ്പ് ചാർത്തിയിട്ടുണ്ട്. കുട്ടികളുടെ മാനസിക സമ്മർദം ഒഴിവാക്കുന്നതിനായി കലാ, കായിക പിരിയഡുകളിൽ മറ്റു വിഷയങ്ങൾ പഠിപ്പിക്കരുതെന്ന ആവശ്യവുമായി ബാലാവകാശ കമീഷനെ സമീപിച്ച് അനുകൂല ഉത്തരവ് നേടി. ഈ ഉത്തരവിനെ തുടർന്നാണ് കഴിഞ്ഞ നവംബർ 17ന് വിദ്യാഭ്യാസ വകുപ്പ് സ്കൂളുകളിൽ ഈ നിയമം കർശനമായി നടപ്പാക്കാൻ തീരുമാനിച്ചത്. ഇതിന്റെ തുടർച്ചയായി ഈയടുത്ത സമയത്ത് സ്കൂളുകളിൽ കുട്ടികൾക്ക് കളിക്കുന്നതിനായി ആഴ്ചയിൽ രണ്ട് പിരിയഡുകൾ നിർബന്ധമാക്കി.
സ്കൂൾ ഉച്ചഭക്ഷണത്തിലെ വിഷംതീണ്ടിയ പച്ചക്കറിക്കെതിരെയും ടൂറിസ്റ്റ് ബസുകളിലെ അമിത ശബ്ദത്തിനെതിരെയും നടത്തിയ ഒറ്റയാൾ പോരാട്ടത്തിൽ അനുകൂല തീരുമാനം ഉണ്ടാക്കാനും സുഗതന്‍റെ ന്റെ ഇടപെടൽ കൊണ്ട് കഴിഞ്ഞു.
കൊല്ലം ശാസ്താംകോട്ട പൗർണമിയിൽ വി.എസ്. അനൂപ (വില്ലേജ് ഓഫിസർ) ഭാര്യയും, വിദ്യാർഥികളായ ഭവിൻ സുഗതൻ, ഭവിക ലക്ഷ്മി മക്കളുമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

