Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightLIFEchevron_rightMenchevron_rightജീവന്‍റെ...

ജീവന്‍റെ 'കച്ചി'ത്തുരുത്തിൽ...

text_fields
bookmark_border
ജീവന്‍റെ കച്ചിത്തുരുത്തിൽ...
cancel
camera_alt

വീട് തകർന്ന് മകളെയും ബന്ധുക്കളെയും നഷ്ടപ്പെട്ടത് വിവരിക്കുന്ന യൂസുഫ് റാംജൂം

കച്ചിൽ ഇന്നും ഭൂചലനങ്ങൾ ഉണ്ടായിക്കൊണ്ടേയിരിക്കുന്നു. ആശങ്കയുടെ മുൾമുനയിലാണ് ഇന്നാട്ടുകാർ എന്നുംകഴിഞ്ഞുകൂടുന്നത്. കച്ചിൽ മാത്രം അന്ന് ഭൂകമ്പത്തിനിരയായത് 13,000ത്തിലേറെ പേരാണ്. ആ ഓർമയുടെ നടുക്കത്തിൽനിന്ന് ഇനിയും അവർ മോചിതരായിട്ടില്ല

അഹ്മദാബാദ് ജങ്ഷനിൽനിന്ന് രാത്രി 1.45ന് തുടങ്ങിയ യാത്രക്കൊടുവിൽ കച്ച് എക്സ്പ്രസ് ഭുജ് റെയിൽവേ സ്റ്റേഷനിലെത്തുമ്പോൾ സമയം രാവിലെ 8.50. തിരക്കേറിയ നിരത്തിലൂടെ ബസ് സ്റ്റേഷനിലേക്കുള്ള പത്തുമിനിറ്റ് യാത്രയിൽ റോഡിന് ഇരുവശത്തും കണ്ട കെട്ടിടങ്ങളിൽ ഭൂരിഭാഗവും പുതുക്കിപ്പണിതതാണ്. 21 വർഷം മുമ്പ് ഏകദേശം ഇതേ സമയത്ത് ഗുജറാത്തിലെ പടിഞ്ഞാറൻ അതിർത്തി ജില്ലയായ കച്ചിനെ പിടിച്ചുകുലുക്കിയ ഭൂചലനത്തിന്റെ ബാക്കിപത്രമാണത്. ജീവൻ ബാക്കികിട്ടിയവർ മറ്റെല്ലാം നഷ്ടമായിടത്തുനിന്ന് ഉയിർത്തെണീറ്റ് സാധാരണ നിലയിലേക്ക് തിരിച്ചുവന്നിട്ടുണ്ട്. പക്ഷേ, ഉള്ളിലിപ്പോഴും ആധിയുടെയും ആശങ്കയുടെയും കനലുകൾ കെടാതെ കിടക്കുന്നുണ്ടെന്ന് ആ ദിവസം ഓർത്തെടുക്കുന്നവരുടെ മുഖങ്ങളിൽനിന്ന് വായിച്ചെടുക്കാം.

2001 ജനുവരി 26, രാവിലെ 8.46, ഭുജ്

സ്വതന്ത്ര ഇന്ത്യയുടെ ഭരണഘടന നിലവിൽ വന്നിട്ട് 51 വർഷം തികയുന്ന ദിവസം. ഭുജ് സ്വദേശി ഇംറാൻ ഷക്കൂറിനെ സംബന്ധിച്ച് പിറന്നാൾ ദിനം കൂടിയാണിത്. തനിക്ക് 15 വയസ്സ് തികയുന്ന ദിനം. വൈകീട്ട് കൂട്ടുകാരോട് വീട്ടിൽ വരാൻ പറഞ്ഞിട്ടുണ്ട്. രാവിലെ എട്ടേമുക്കാൽ ആയിക്കാണും. പിറന്നാൾ പാർട്ടിയുടെ ഒരുക്കങ്ങൾ നടത്തുമ്പോൾ വലിയ മുഴക്കം കേട്ടു. വീട് കുലുങ്ങുകയാണ്. എല്ലാവരും നിലവിളിച്ച് പുറത്തേക്കോടുന്നു. പരിസരബോധം പോലും വീണ്ടുകിട്ടാൻ കുറേ സമയമെടുത്തു. പിന്നീടാണ് വലിയ ഭൂചലനമുണ്ടായിട്ടുണ്ടെന്നും ലക്ഷക്കണക്കിന് ആളുകൾ തകർന്ന കെട്ടിടങ്ങൾക്കടിയിൽ കുടുങ്ങിക്കിടക്കുന്നുണ്ടെന്നും അറിഞ്ഞതെന്നും ഇംറാൻ പറയുന്നു.

ഭുജ് സ്വദേശി ഷക്കൂർ

ഇംറാന്റെ പിതാവ് ഷക്കൂർ ടൂർ ഓപറേറ്ററാണ്. ആ ദിവസത്തെക്കുറിച്ച് ഷക്കൂറിന്റെ ഓർമ ഇങ്ങനെ: ''ഭചൗ താലൂക്കിലെ പുരാവസ്തു ഗവേഷണ മേഖല‍യായ ധൊലവീര‍യിലേക്ക് മാധ്യമപ്രവർത്തകരുമായി പഠനയാത്ര പോവുകയായിരുന്നു ഞാൻ. ഭുജിൽനിന്ന് 57 കി.മീ. അകലെ ധമാദ്ക ഗ്രാമത്തിലെത്തിയിരുന്നു. ഭുജ്-ഭചൗ ദേശീയപാതയിലൂടെയാണ് യാത്ര. പെട്ടെന്ന് വണ്ടി അസാധാരണമായി കുലുങ്ങാൻ തുടങ്ങി. ബ്രേക്കിട്ട് നിർത്തിയപ്പോഴും കുലുക്കം തുടരുകയാണ്.

റോഡരികെ കെട്ടിടങ്ങളൊന്നുമില്ലാത്ത സ്ഥലമാണ്. പുറത്തിറങ്ങി നോക്കി. കയർ പൊട്ടിച്ച വളർത്തുമൃഗങ്ങളടക്കം അലർച്ചയോടെ ഓടിപ്പോവുക‍യാണ്. ദൂരെനിന്ന് ആളുകളുടെ നിലവിളി കേൾക്കാം. ചുറ്റുംപൊടിപടലങ്ങൾ നിറയുന്നു. ഞങ്ങൾ അവിടെ തീർത്തും ഒറ്റപ്പെട്ടു. എന്ത് ചെയ്യണമെന്നറിയില്ല. പൊടിപടലങ്ങൾ ശമിച്ച് ദൂരക്കാഴ്ച വീണ്ടെടുത്തപ്പോൾ അടുത്ത പ്രദേശത്ത് പോയി നോക്കി. തകർന്നുകിടക്കുന്ന കെട്ടിടങ്ങൾ. അവക്കടിയിൽ ചലനമറ്റവരും ജീവനുവേണ്ടി പിട‍യുന്നവരും. രക്ഷപ്പെട്ടവർ മാനസികവിഭ്രാന്തിയിൽ എന്തൊക്കെയോ പറഞ്ഞ് വിലപിക്കുന്നു. വലിയ ഭൂചലനമുണ്ടായെന്നും ഭുജ്, അൻജാർ, ഭചൗ, മൻഫാര, റാപർ തുടങ്ങിയ നാടുകൾ ഇനിയില്ല എന്നുമൊക്കെ ആളുകൾ പറയുന്നുണ്ട്. ഗതാഗതവും വൈദ്യുതിയും ആശയവിനിമയ സംവിധാനവുമെല്ലാം നിലച്ചുകിടപ്പാണ്''.

വീട്ടുകാർക്ക് എന്ത് സംഭവിച്ചിട്ടുണ്ടാവുമെന്ന ആധിയിലായിരുന്നു ഷക്കൂർ. തിരിച്ചുപോകണമെന്നും കുടുംബത്തെ കാണണമെന്നും കൂടെയുള്ളവരോട് പറഞ്ഞു. ദേശീയപാത‍യിൽ വലിയ തടസ്സങ്ങൾ ഇല്ലാതിരുന്നതിനാൽ ഉച്ചയോടെ വീട്ടിലെത്തി. വീട് പകുതിയോളം തകർന്നെങ്കിലും ആർക്കും ജീവപായം സംഭവിച്ചില്ലെന്ന ആശ്വാസം. പക്ഷേ, കേൾക്കുന്നത് മുഴുവൻ പ്രിയപ്പെട്ട പലരും മരിച്ചുപോയെന്ന വാർത്തകൾ. തൊട്ടടുത്ത ത്രയ ഗ്രാമത്തിൽ താമസിക്കുന്ന ഷക്കൂറിന്റെ അമ്മായി മജോട്ടി അടക്കം മഹാദുരന്തത്തിന്റെ ഇരയായി.

ഇവിടെ ചെറിയൊരു വീടും തൊട്ടിലിലൊരു കുഞ്ഞുമുണ്ടായിരുന്നു

അതിനുശേഷം ഒരിക്കൽകൂടി മാധ്യമപ്രവർത്തകരുടെ ഗൈഡാവുമ്പോൾ പകുതിയിൽ അവസാനിച്ച ആ യാത്രയും ആ ദിവസവും വിഷയമായത് അദ്ഭുതപ്പെടുത്തുന്നുവെന്ന് ഭൂചലനത്തിൽ തകർന്ന ജൂബിലി ആശുപത്രി കാണിക്കാൻ കൊണ്ടുപോകവേ ഷക്കൂർ ഓർക്കുന്നു. ഈ ആശുപത്രി പ്രവർത്തനം മുമ്പേ നിർത്തിയിരുന്നതിനാൽ ഇവിടെ ആളപാ‍യമുണ്ടായില്ല. എന്നാൽ, പുനർനിർമിക്കുകയോ പൊളിച്ചുമാറ്റുകയോ ചെയ്യാതെ ഭൂചലനത്തിന്റെ ദുരന്തസ്മാരകമായി അതേപടി നിലനിൽക്കുകയാണ് ആശുപത്രി. അതൊരു ഓർമപ്പെടുത്തൽ കൂടിയാണ്. ആശുപത്രി കണ്ട് മടങ്ങവേ തൊട്ടടുത്ത അങ്ങാടിയിൽ ഷക്കൂർ വണ്ടിനിർത്തി. പീടികക്ക് മുന്നിലെ ബെഞ്ചിലിരുന്ന് ബീഡി വലിക്കുകയും സംസാരിക്കുകയും ചെയ്തുകൊണ്ടിരുന്ന രണ്ട് വയോധികരുടെ അടുത്തേക്ക് പോയി.

കച്ചി ഭാഷയിലാണ് ഷക്കൂർ അവരോട് സംസാരിച്ചത്. ഇത് യൂസുഫ് റാംജൂം. 60 വയസ്സായിക്കാണും. കഴുതവണ്ടിയിൽ ചരക്ക് കൊണ്ടുപോവലായിരുന്നു ജോലി. ഇപ്പോൾ അനാരോഗ്യം കാരണം പുറത്തൊന്നും പോവുന്നില്ലെന്ന് ഷക്കൂർ പരിചയപ്പെടുത്തി. സംസാരം തുടരവെ പലപ്പോഴും യൂസുഫിന്റെ മുഖം മങ്ങുകയും വാക്കുകൾ മുറിയുകയും ചെയ്തു. അടുത്ത വളവ് തിരിഞ്ഞാലാണ് വീട്. അവിടേക്ക് കൊണ്ടുപോയി. ചെറിയൊരു ടെറസ് വീടാണ്. ഏതാനും കൊല്ലംമുമ്പ് നിർമിച്ചത്. ഇവിടെ യൂസഫും ഭാര്യ ഹവ്വാബായിയും ആറ് മക്കളും സന്തോഷത്തിൽ ദാരിദ്ര്യമൊന്നുമില്ലാതെ കിടന്നുറങ്ങിയിരുന്നൊരു കൊച്ചുവീടുണ്ടായിരുന്നു.

അന്ന് രാവിലെ ജോലിയാവശ്യാർഥം പുറത്താ‍യിരുന്നു യൂസുഫ്. ഹവ്വാബായി വീടിന് പുറത്തെ അടുക്കളയിൽ ഭക്ഷണം പാകം ചെയ്യുന്നു. ഇവരുടെ ഇളയ കുഞ്ഞ് രണ്ടുവയസ്സുകാരി നസീമ വീടിനകത്ത് തൊട്ടിലിൽ ഉറങ്ങുന്നുണ്ട്. മറ്റു മക്കൾ സ്കൂളിലും കളിസ്ഥലങ്ങളിലുമൊക്കെയായി വെളിയിലാണ്. ഭൂചലനത്തിൽ നിലംപതിച്ച വീടിനൊപ്പം കുഞ്ഞുനസീമയും പോയി. ഹവ്വാബായിയുടെ നിലവിളി കേൾക്കാൻപോലും ആ നേരം ആരുമുണ്ടായില്ല.

തൊട്ടടുത്ത വീട്ടിൽ താമസിച്ചിരുന്ന യൂസുഫിന്റെ സഹോദരൻ അമീൻ, മക്കളായ സീന, ഹുസൈൻ തുടങ്ങിയവരും മരിച്ചിരുന്നു, ഭൂചലനത്തിൽ. തകർന്നുവീണ കെട്ടിടങ്ങൾക്കും കുടുങ്ങിക്കിടക്കുന്ന ജീവനുകൾക്കുമിടയിലൂടെ യൂസുഫ് പാഞ്ഞെത്തുമ്പോൾ മറ്റു മക്കളുടെയും ഭാര്യയുടെയും ജീവനൊഴിച്ച് ഒന്നും ബാക്കിയുണ്ടായിരുന്നില്ല. ഹവ്വാബായിയെ കാണണമെന്ന് പറഞ്ഞപ്പോൾ 'ഇല്ല' എന്ന് ആംഗ്യം കാണിച്ചു, യൂസുഫ്. മൂന്നുവർഷം മുമ്പ് അവരും വിടപറഞ്ഞു. മക്കളിൽ ഏക ആൺതരിയായ സിക്കന്തറിന്റെ സംരക്ഷണത്തിലാണ് കുടുംബം. കുഞ്ഞുപെങ്ങളുടെ ജീവനില്ലാത്ത ശരീരം കാണേണ്ടിവന്ന ഏഴ് വയസ്സുകാരന്റെ ഭീതി ഇപ്പോഴും സിക്കന്തറിനെ വിട്ടുപോയിട്ടില്ല.

അൻജാറിലടക്കം സ്കൂൾ കെട്ടിടങ്ങൾ തകർന്ന് അധ്യാപകരും കുട്ടികളും മരിച്ചത് സിക്കന്തർ ഓർത്തെടുത്തു. സ്കൂളിൽ റിപ്പബ്ലിക് ദിന പരിപാടിയിൽ പങ്കെടുത്തുകൊണ്ടിരിക്കുകയായിരുന്നു സിക്കന്തറും കൂട്ടുകാരും. ബിരുദാനന്തര ബിരുദധാരിയായ സിക്കന്തർ സ്വകാര്യ സ്കൂളിൽ അധ്യാപകനാണിപ്പോൾ. ചെറിയ ശമ്പളമേയുള്ളൂവെന്നും സർക്കാർ ജോലിയാണ് സ്വപ്നമെന്നും 28കാരൻ പറയുന്നു. ജോലി കിട്ടിയാലും ഇല്ലെങ്കിലും എല്ലാവരും വിദ്യാഭ്യാസം നേടണമെന്നും ഇക്കാര്യത്തിൽ കേരളം മാതൃകയാണെന്നും സിക്കന്തർ പറയുന്നു.

ഇപ്പോഴും ഭീതിയുടെ തുടർചലനങ്ങൾ

വിസ്തൃതിയിൽ കേരളത്തേക്കാൾ വലുപ്പമുള്ള കച്ച് രാജ്യത്തെതന്നെ ഏറ്റവും വലിയ ജില്ലയാണ്. ജില്ലയുടെ ഭരണസിരാകേന്ദ്രമാണ് ഭുജ്. ഇന്തോ-പാക് അതിർത്തിയായ കച്ച് മേഖല എക്കാലവും ഭൂചലന മേഖലയാണ്. ഇവിടെ ക്രിസ്താബ്ദത്തിനു മുമ്പേ ഭൂകമ്പങ്ങളുണ്ടായതായി ചരിത്ര രേഖകളിൽ കാണാം. 2001 ജനുവരി 26ന് റിക്ടർ സ്കെയിലിൽ 7.7 രേഖപ്പെടുത്തിയ ഭൂചനമാണ് സമീപകാലത്തെ ഏറ്റവും വലുത്. ഇന്ത്യയിലും പാകിസ്താനിലുമായി 20,000ത്തിലധികം പേർക്ക് ജീവഹാനിയുണ്ടായി.

രണ്ടുലക്ഷത്തോളം പേർക്ക് പരിക്കേൽക്കുകയും അതിലേറെപേർ ഭവനരഹിതരാവുകയും ചെയ്തു. പലരും ഇന്നും കാണാമറയത്ത് തുടരുന്നു. 14 വയസ്സ് വരെയുള്ള 7065 കുട്ടികൾ മരിച്ചുവെന്നാണ് കണക്കുകൾ. കച്ച് ജില്ലയിൽ മാത്രം 13,000ത്തിലേറെ പേരുടെ ജീവനെടുത്തു. പ്രഭവകേന്ദ്രത്തിൽനിന്ന് 20 കി.മീ. പരിധിയിൽ തുടങ്ങുന്നതാണ് ഭുജ്. ഭൂചലനം ഭുജിന്റെ ഭൂരിഭാഗവും തകർത്തു. 38,000 വീടുകൾ പോയി. 2,370 പേർ മരിച്ചു. അവശിഷ്ടങ്ങൾക്കിടയിൽനിന്ന് ഉയർന്നുവന്നത് ഒറ്റനില മാത്രമുള്ള പുതിയ കെട്ടിടങ്ങളും വിശാലമായ റോഡുകളുമാണ്.

തകർന്ന ഭുജിനു പകരം ന്യൂ ഭുജ് എന്ന പേരിലൊരു നഗരംതന്നെ ഉണ്ടാക്കിയെടുത്തിട്ടുണ്ട്. രക്ഷാപ്രവർത്തനം ദുഷ്കരമായതിൽനിന്ന് പാഠമുൾക്കൊണ്ട് വീതി കൂടി‍യ റോഡുകളും വന്നു. 2001ൽ നഗര റോഡുകൾക്ക് 2.5 മീ. വീതി ഉണ്ടായിരുന്നില്ല. ഇതാണ് രക്ഷാപ്രവർത്തനവും ദുരിതാശ്വാസവും സമയത്തിന് നടത്തുന്നതിന് തടസ്സമായത്. ഇന്ന് ഏത് പുതിയ പ്രദേശത്തും കുറഞ്ഞത് ഒമ്പത് മീ. വീതിയുള്ള പ്രധാന റോഡുകളും 7-7.5 മീ. വീതിയുള്ള ഉൾറോഡുകളും എന്ന നിലയിലാണ്.

അജയ്, അതുൽ, ഇംതിയാസ്, അർജുൻ

2001ലെ ദുരന്തത്തിനുശേഷം കച്ച് ജില്ലയിൽ 70,000ത്തിലധികം പുതിയ കെട്ടിടങ്ങൾ പണിതു. പാർപ്പിടങ്ങളും വാണിജ്യാവശ്യങ്ങൾക്കുള്ളതുമെല്ലാം ഇതിലുണ്ട്. ഭാവിയിലെ ഭൂകമ്പങ്ങൾ മനസ്സിൽ കണ്ടാണ് നിർമാണം. ഭുജ് നഗരം ഇന്ന് 56 ചതുരശ്ര കിലോമീറ്ററിൽ വ്യാപിച്ചുകിടക്കുകയാണ്. 2001ലേതിന്റെ നാലിരട്ടി വലുപ്പം. ഭൂകമ്പത്തെ അതിജീവിച്ച എഴുപതോളം എണ്ണം മാത്രമാണ് ഇപ്പോൾ നഗരത്തിലെ ഏക ബഹുനില കെട്ടിടങ്ങൾ.

എല്ലാ വർഷവും റിക്ടർ സ്കെയിലിൽ 0.5നും 5നും ഇടയിലുള്ള ശരാശരി 1,500 ചെറിയ ഭൂചലനങ്ങൾ കച്ചിൽ രേഖപ്പെടുത്തുന്നു. 2006ൽ ജനവാസ മേഖലയിൽ നാലുതവണ താരതമ്യേന വലിയ ഭൂചലനങ്ങൾ ഉണ്ടായി. ഭാഗ്യത്തിന് ആളപായമുണ്ടായില്ല. ഇപ്പോഴത്തെ കൗമാരക്കാർക്കും കുട്ടികൾക്കും മുതിർന്നവരിൽനിന്ന് കേട്ട ആകുലതയുടെ കഥകളാണ് 2001ലെ ഭൂചലനം. 20 വയസ്സിനടുത്ത് പ്രായമുള്ള അജയിയോടും അതുലിനോടും അർജുനോടും ഇംതിയാസിനോടും ചോദിച്ചപ്പോൾ കൂടുതലൊന്നും അറിയില്ലെന്ന് പറഞ്ഞ് കൈമലർത്തി. ഇംതിയാസിന്റെ മുത്തച്ഛൻ ഭൂചലനത്തിലാണ് മരിച്ചത്.

ഇന്ന് ജീവിച്ചിരിക്കുന്നവരിൽ സ്വന്തം വീട്ടുകാരെയോ ബന്ധുക്കളെയോ അയൽക്കാരെയോ ദുരന്തത്തിൽ നഷ്ടമാവാത്തവർ വിരളം. മരണംകണ്ട് മരവിച്ചവരാണ്.ഉള്ളംകുലുങ്ങി ദിവസങ്ങളോളം ഉറക്കം നഷ്ടപ്പെട്ടവർ. ചെറിയ പ്രകമ്പനങ്ങളുണ്ടാകുമ്പോൾ ഇവർ പുറത്തേക്കിറങ്ങിയോടും. കുറച്ചുകഴിഞ്ഞാൽ തിരിച്ചുകയറും. അത് ജീവിതത്തിന്റെ ഭാഗമായിരിക്കുന്നു. ജീവനും വീടും രാവുപുലരുമ്പോൾ ബാക്കിയുണ്ടാവണേയെന്ന പ്രാർഥനയോടെയാണ് ഓരോ രാത്രിയും ഇവർ ഉറങ്ങാൻ കിടക്കുന്നത്.

ചിത്രങ്ങൾ: ആർ. അകുൽ

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kutch earthquake
News Summary - Kutch was shaken Of those left in the earthquake Unstoppable memories
Next Story