കുഞ്ഞുമുഹമ്മദിെൻറ ചിലങ്കക്കുമുണ്ട് പറയാനേറെ
text_fieldsകുഞ്ഞുമുഹമ്മദ് നർത്തക വേഷത്തിൽ
റിയാദ്: രണ്ടര പതിറ്റാണ്ടിലേറെയായി റിയാദിലെ വേദികളിൽ നടന വിസ്മയം തീർക്കുന്ന കുഞ്ഞുമുഹമ്മദിനുമുണ്ട് പറയാനേറെ. ചിലങ്ക കെട്ടിത്തുടങ്ങിയ നാൾ മുതൽ ഇന്ന് പ്രവാസി വേദികളിൽ പരിചിതമായിക്കഴിഞ്ഞ ‘കുഞ്ഞുമുഹമ്മദ് കലാക്ഷേത്ര’ എന്ന നാമംവരെയുള്ള അനുഭവങ്ങൾ. റിയാദിലെ ഒട്ടുമിക്ക പ്രവാസിവേദികളിലും കുഞ്ഞു മുഹമ്മദും ശിഷ്യരും ഒഴിച്ചുകൂട്ടാൻപറ്റാതായി മാറിയിരിക്കുന്നു. നൃത്തം ചെയ്തും നൃത്തം അഭ്യസിപ്പിച്ചും ഇദ്ദേഹം സ്വതഃസിദ്ധമായ കലയെ നെഞ്ചോടു ചേർത്തുവെക്കുന്നു.
28 വർഷമായി റിയാദിൽ പ്രവാസിയായ കുഞ്ഞുമുഹമ്മദ് നിലമ്പൂർ, വണ്ടൂർ സ്വദേശിയാണ്. സ്വകാര്യ സ്ഥാപനത്തിൽ അലൂമിനിയം ഫാബ്രിക്കേഷൻ ടെക്നീഷ്യനായി ജോലിചെയ്യുന്നു. കുച്ചിപ്പുടി, ഭരതനാട്യം, മോഹിനിയാട്ടം, കേരള നടനം, നാടോടി നൃത്തം, ഒപ്പന, തിരുവാതിര തുടങ്ങി നൃത്തത്തിലെ എല്ലാ മേഖലയിലും കുഞ്ഞുമുഹമ്മദ് പരിശീലനം നൽകുന്നുണ്ട്. ഇദ്ദേഹത്തിെൻറ ശിഷ്യഗണങ്ങളായി റിയാദിൽ നൂറിലേറെപ്പേർ ഇന്ന് വേദികളിൽ സജീവമാണ്.
റിയാദിൽ ആദ്യമായി കുരുന്നുകൾക്ക് നൃത്തം അഭ്യസിപ്പിച്ച പുരുഷ നൃത്താധ്യാപകൻ കുഞ്ഞുമുഹമ്മദാണെന്നു പറയാം. തുടക്കക്കാലത്ത് റിയാദിലും നാട്ടിലെപോലെ വിമർശനങ്ങൾ നേരിടേണ്ടിവന്നെന്ന് കുഞ്ഞുമുഹമ്മദ് പറയുന്നു. ജോലിക്കിടയിൽ നിലച്ചുപോകുമായിരുന്ന തെൻറ നൃത്തത്തോടുള്ള അടങ്ങാത്ത ഇഷ്ടം വീണ്ടും പുറത്തുകൊണ്ടുവന്നതും ചിലങ്ക കെട്ടാൻ പ്രേരിപ്പിച്ചതും കുട്ടികളെ അഭ്യസിപ്പിക്കാൻ ഇടം ഒരുക്കിത്തന്നതും നാട്ടുകാരനായ യൂസുഫായിരുന്നു.
ഇതുവരെ അയ്യായിരത്തോളം കുട്ടികളെ നൃത്തം അഭ്യസിപ്പിച്ചിട്ടുണ്ടാകുമെന്ന് ഇദ്ദേഹം പറയുന്നു. ആദ്യകാലത്ത് ചെറിയ ഭയത്തോടെയാണ് വേദികളിൽ ചിലങ്ക കെട്ടി ആടിയിരുന്നത്. എന്നാൽ ഇന്ന് റിയാദ് ആകെ മാറിയതിനാൽ ഭയപ്പാടില്ലാതെ നൃത്തരങ്ങുകൾ ഒരുക്കാൻ കഴിയുന്നു. അതിൽ വലിയ സന്തോഷമാണുള്ളത്. സൗദിയിൽ ആദ്യമായി കുച്ചിപ്പുടി വേദിയിൽ അവതരിപ്പിച്ചതിൽ അഭിമാനമുണ്ട്.
കുട്ടിക്കാലം മുതൽ നടനകലയോട് വലിയ അഭിനിവേശമാണുണ്ടായിരുന്നത്. എന്നാൽ അതിലേക്കുള്ള അരങ്ങേറ്റം അത്രയെളുപ്പമായിരുന്നില്ല. സാമൂഹികമായിത്തന്നെ പല എതിർപ്പുകളും അന്നൊക്കെ നേരിടേണ്ടിവന്നു. പത്താം വയസ്സിൽ പിതാവ് മരണപ്പെട്ടു. കുട്ടിക്കാലം മുതൽ ജീവിത പ്രാരബ്ധം കാരണം ഹോട്ടൽ ജോലി, തുന്നൽ പണി തുടങ്ങിയവ ചെയ്യേണ്ടിവന്നു.
ഇതിൽനിന്നുള്ള തുച്ഛവരുമാനത്തിൽ അൽപം മാറ്റിവെച്ചാണ് നൃത്തം അഭ്യസിക്കാനുള്ള പണം കണ്ടെത്തിയത്. ഇലങ്കൂർ ബാലകൃഷ്ണൻ, നിലമ്പൂർ കോവിലകം മോഹൻദാസ് എന്നിവരായിരുന്നു ആദ്യ ഗുരുക്കൾ. പിന്നെയങ്ങോട്ട് നിരവധി ഗുരുക്കന്മാരുടെ കീഴിൽ വിവിധ നൃത്തരൂപങ്ങൾ അഭ്യസിച്ചു.
ചിലങ്ക അണിയലിനും പരിശീലനത്തിലും കുടുംബത്തിെൻറ പൂർണ പിന്തുണയുള്ളത് ഈ മേഖലയിൽ നിലകൊള്ളാൻ ബലവും പ്രചോദനവും നൽകുന്നുണ്ട്. കുഞ്ഞുനാളിൽ നൃത്തം അഭ്യസിച്ചതിെൻറ പേരിൽ മദ്റസയിൽനിന്ന് പുറത്താക്കിയിട്ടുണ്ട്. എന്നാൽ ആ കാലം മാറി.
ഇന്ന് മുസ്ലിം കുട്ടികൾ ഈ മേഖലയിൽ ഏറെ മുന്നേറിയിട്ടുണ്ടെന്നും കുഞ്ഞുമുഹമ്മദ് കൂട്ടിച്ചേർത്തു. പഠനകാലത്ത് കലാപ്രതിഭ പട്ടം വരെ നേടിയിട്ടുണ്ട്. പ്രവാസലോകത്തും നാട്ടിലും നിരവധി അംഗീകാരങ്ങൾ തന്നെ തേടിവരുന്നത് ഏറെ അഭിമാനം നൽകുന്നതായും കുഞ്ഞുമുഹമ്മദ് പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

