64ലും ചിലങ്കകെട്ടി കുഞ്ഞിരാമൻ
text_fields1. കുഞ്ഞിരാമൻ, 2. കുഞ്ഞിരാമൻ നൃത്ത വേഷത്തിൽ
ചെറുവത്തൂർ: നൃത്ത കലയോടുള്ള അടങ്ങാത്ത അഭിനിവേശത്താൽ 64ാം വയസിലും ചിലങ്കക്കെട്ടി കുഞ്ഞിരാമൻ. ഉദിനൂരിലെ കുഞ്ഞിരാമനാണ് ചിലങ്ക കെട്ടി കാണികളെ വിസ്മയിപ്പിക്കുന്നത്. ജീവിത യാത്രയുടെ തുടക്കത്തിൽ ബീഡി തെറുപ്പുകാരനായും പിന്നീടിതുവരെ നിർമാണത്തൊഴിലാളിയായും തുടരുന്ന ഉദിനൂരിലെ പയ്യ കുഞ്ഞിരാമൻ ഉദിനൂരുക്കാർക്ക് വെറുമൊരു നിർമാണത്തൊഴിലാളി മാത്രമല്ല. ഉദിനൂരിന്റെ നർത്തകനാണ്. ഭരതനാട്യവും, നാടോടിനൃത്തവും വർഷങ്ങളോളം ശാസ്ത്രീയമായി പഠിച്ച കുഞ്ഞിരാമൻ നൃത്തം തനിക്ക് ജീവവായുവാണെന്ന് തെളിയിക്കുകയാണ്. ചെറുപ്പത്തിലെ നൃത്തത്തോട് അതീവ താത്പര്യമായിരുന്നു. കൗമാരത്തിലും യൗവനത്തിലും അത് തുടർന്നു. 22-ാം വയസിൽ നൃത്ത പഠനം തുടങ്ങി. നീലേശ്വരം തൈക്കടപ്പുറത്തെ പി.കെ. റാമായിരുന്നു ഗുരു. കൈ വിരലുകളിലെ ഞരമ്പുകൾ ബീഡി തെറുക്കാൻ കൂട്ടാക്കാതെയായപ്പോൾ 35 -ാം വയസിൽ തെറുപ്പ് അവസാനിപ്പിച്ച് നിർമാണ മേഖലയിലെത്തി. എന്നാൽ അദ്ദേഹം നൃത്തത്തെ കൈവിട്ടില്ല. വാർപ്പുപണിക്കാരൻ ചിലങ്ക കെട്ടിയാടുന്നത് കണ്ടു ചിലർ അടക്കം പറഞ്ഞു. മറ്റു ചിലർ പരിഹസിച്ചു.
ജില്ലക്ക് അകത്തും പുറത്തും സംസ്ഥാനത്തിനു പുറത്തും വേദികളിൽ ചിലങ്ക കെട്ടി. 64-ാം വയസ്സിലെത്തി നിൽക്കുമ്പോഴും നിരവധി സ്റ്റേജ് പരിപാടികളിലും കാഴ്ച, റോഡ് ഷോകളിലും നിറസാന്നിധ്യമാണ് കുഞ്ഞിരാമേട്ടൻ. നടക്കാവ് ശിവപാർവതി നൃത്ത ട്രൂപ്പ് അംഗമാണ്. എ.കെ.ജി. കലാവേദി അവതരിപ്പിച്ച 10 ഓളം നാടകങ്ങളിൽ ചെറുതും വലുതുമായ വേഷങ്ങൾ അവതരിപ്പിച്ചിട്ടുണ്ട്..
'തിരുമ്പി വന്താൻ തമ്പി, കഴുകന്മാരുടെ ആകാശം, ശവംതീനി ഉറുമ്പുകൾ, സമസ്യ, സമുദായം തുടങ്ങിയവ അതിലുൾപ്പെടുന്നു. വി. ബിന്ദുവാണ് ഭാര്യ. പഞ്ചമി, വൈഷ്ണവ് എന്നിവർ മക്കളാണ്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

