അതിദരിദ്രരില്ലാത്ത കേരളം; ദുരിതകാലം പിന്നിട്ടതിന്റെ ആശ്വാസത്തിൽ റോയി
text_fieldsകോട്ടയം: അതിദരിദ്രരിത്തിലാത്ത സംസ്ഥാനമായി കേരളം മാറുമ്പോൾ ദുരിതകാലം താണ്ടിയതിന്റെ ആശ്വാസത്തിലാണ് ആയാംകുടി ചിറയിൽ വീട്ടിൽ റോയി. കടുത്തുരുത്തി പഞ്ചായത്തിലെ 17ാം വാർഡിലാണ് 56കാരനായ റോയി ഭാര്യ നാൻസിക്കും പ്ലസ്ടു വിദ്യാർഥിനി മകൾ കെസിയക്കുമൊപ്പം താമസിക്കുന്നത്. മുമ്പ് ഓട്ടോറിക്ഷ ഓടിച്ച് കുടുംബം പുലർത്തിയിരുന്ന ഇദ്ദേഹം മൂന്നുവർഷത്തിലധികമായി വൃക്കസംബന്ധമായ അസുഖങ്ങൾമൂലം അവശനാണ്.
മകളുടെ പഠനാവശ്യങ്ങൾക്കുപോലും പണം കണ്ടെത്താൻ ബുദ്ധിമുട്ടിയിരുന്ന ഘട്ടത്തിലാണ് സംസ്ഥാന സർക്കാർ അതിദാരിദ്ര്യ നിർമാർജ്ജന പദ്ധതി (ഇ.പി.ഇ.പി) പ്രഖ്യാപിക്കുന്നതും കുടുംബം പട്ടികയിൽ ഉൾപ്പെടുന്നതും. ജീർണിച്ച് നിലംപൊത്താറായ വീട്ടിലായിരുന്നു അന്ന് താമസം.
ലൈഫ് പദ്ധതിയുടെ ഗുണഭോക്തൃ ലിസ്റ്റിൽ ഇല്ലാതിരുന്ന കുടുംബത്തെ ഇ.പി.ഇ.പി പദ്ധതിയുടെ ഭാഗമായി ലൈഫ് പദ്ധതിയിൽ ഉൾപ്പെടുത്തുകയും വീട് നിർമിക്കാൻ സർക്കാർ ധനസഹായം നൽകുകയും ചെയ്തു. ഒരു കൊച്ചുവീടെന്ന കുടുംബത്തിന്റെ ദീർഘനാളത്തെ സ്വപ്നം അങ്ങനെ യാഥാർഥ്യമായി. കടുത്തുരുത്തി പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ മെഡിക്കൽ ഓഫിസർ മുഖേന മരുന്നുകൾ എത്തിക്കുന്നുണ്ട്. എല്ലാ മാസവും വീട്ടിലെത്തി പരിശോധനയും നടത്തുന്നുണ്ട്. പദ്ധതിയുടെ ഭാഗമായി സൗജന്യമായി ഇൻസുലിൻ കുത്തിവെപ്പും ലഭിക്കുന്നുണ്ട്.
മുട്ടുചിറയിലെ സ്വകാര്യ ആശുപത്രിയിൽ ആഴ്ചയിൽ മൂന്നുദിവസം ഡയാലിസിസ് നടത്തണം. ഇതിനായി സർക്കാർ ആരോഗ്യവകുപ്പ് മുഖേന 48,000 രൂപ ആശുപത്രിക്ക് കൈമാറിയിട്ടുള്ളതിനാൽ ഡയലാസിസ് മുടങ്ങാറില്ല. കുടുംബത്തിനാവശ്യമായ ഭക്ഷ്യവസ്തുക്കൾ കൃത്യമായി വീട്ടിലെത്തിച്ചുനൽകുന്നുമുണ്ട്. സ്വകാര്യ കമ്പനിയിൽ ജോലിക്കുപോകുന്ന ഭാര്യക്ക് കിട്ടുന്ന തുശ്ചമായ ശമ്പളം മാത്രമാണ് കുടുംബത്തിന്റെ വരുമാനം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

