ടിക്ടോക്കിൽ ഹിറ്റായി 'കണ്ണൂരാനും കെട്ട്യോളും കുട്ട്യോളും'
text_fieldsസാജിദ് ആറാട്ടുപുഴ
ദമ്മാം: മനുഷ്യനെ അകന്നിരിക്കാനും അകത്തിരിക്കാനും ആവശ്യപ്പെട്ട കോവിഡ് കാലം ചിലർക്ക് സമ്മാനിച്ചത് അപൂർവ നേട്ടങ്ങളാണ്. സൗദി കിഴക്കൻ പ്രവിശ്യയിലെ കലാസാംസ്കാരിക പ്രവർത്തകൻ നിധിൻ കണ്ടമ്പേത്തിനും ഭാര്യയും നർത്തകിയുമായ സരിതക്കും മക്കൾക്കും കോവിഡ് കാലം അപ്രതീക്ഷിത പ്രശസ്തിയാണ് സമ്മാനിച്ചത്. കൗതുകത്തിന് തുടങ്ങിയ ടിക്ടോക്ക് വിഡിയോകളും വ്ലോഗുകളുമാണ് ഇവരുടെ ജീവിതം മാറ്റിമറിച്ചത്. ഇന്ന് സമൂഹമാധ്യമത്തിൽ നിരവധിപേർക്ക് സുപരിചിതരായി ഈ കുടുംബം മാറിക്കഴിഞ്ഞു.
പ്രവാസത്തിൽ ഒരു പതിറ്റാണ്ടിലധികം നൃത്താധ്യാപികയായി ജോലിചെയ്തിട്ടും തിരിച്ചറിയാത്തവർപോലും ഇപ്പോൾ സ്നേഹം കാട്ടി ചിരിക്കുന്നു എന്ന് സരിത പറയുന്നു. കേരളത്തിെൻറ രണ്ടറ്റങ്ങളുടെ സംഗമമാണ് ഈ കുടുംബമെന്നതും പ്രത്യേകതയാണ്. കണ്ണൂർ അഴീക്കോട് സ്വദേശിയാണ് നിധിൻ. തിരുവനന്തപുരം നെടുമങ്ങാട് ആണ് സരിതയുടെ സ്വദേശം.
ഇരുവരും പഠിച്ച ഫാഷൻ ഡിസൈനിങ് ആണ് ഇവരെ ഒന്നിപ്പിച്ചത്. അഞ്ച് വയസ്സ് മുതലേ നൃത്തം അഭ്യസിച്ച് തുടങ്ങിയ സരിത നിരവധി പ്രഫഷനൽ വേദികളിൽ നൃത്തം ചെയ്തിട്ടുണ്ട്. 11 വർഷം മുമ്പ് അൽഖോബാറിൽ ആരംഭിച്ച കൃതിമുഖ നൃത്ത വിദ്യാലയത്തിനു കീഴിൽ ഇതുവരെ അഭ്യസിച്ചിറങ്ങിയത് നൂറുകണക്കിന് കുട്ടികളാണ്. പ്രളയകാലത്ത് കേരളത്തിെൻറ ഐക്യബോധത്തിന് സമർപ്പിച്ച ശിഷ്യരോടൊന്നിച്ചുള്ള ഫ്യൂഷൻ ഡാൻസ് ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. പുൽവാമ ആക്രമണ സമയത്തും കോവിഡ് കാലത്തുമൊക്കെ സാമൂഹിക പ്രതിബദ്ധതയിലൂന്നിയ നൃത്തരൂപങ്ങൾ അവതരിപ്പിച്ച് ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു.
മകൾ അദ്വിക തുടങ്ങിയ ടിക് ടോക് അക്കൗണ്ടിൽ പിന്നീട് അച്ഛനും അമ്മയും സഹോദരനും ഭാഗമാവുകയായിരുന്നു. സ്ത്രീധനത്തിനെതിരെ ഈ കുടുംബം തയാറാക്കിയ ഹ്രസ്വ ചലച്ചിത്രം വൈറലായി. വിവിധ കോണുകളിൽനിന്ന് പ്രോത്സാഹനങ്ങളുണ്ടായി. ഇതോടെ ആവേശമായി.
ടിക്ടോക് വിഡിയോകളിൽ ഇവർ കുടുംബമായി തന്നെ പ്രത്യക്ഷപ്പെടാൻ തുടങ്ങി. അംഗീകരിക്കപ്പെടുകയും കൂടുതൽ പേർ പുതിയ പുതിയ വിഡിയോകൾ ആവശ്യപ്പെടുകയും ചെയ്തു. 'ജോസഫ്' എന്ന സിനിമയിൽ ജോജു ജോർജ് ചെയ്ത വേഷം ടിക് ടോക് ചെയ്ത നിധിനെയും പ്രേക്ഷകർ ഏറ്റെടുത്തു. 'അയ്യപ്പനും കോശിയും' എന്ന സിനിമയിലെ രഞ്ജിത് കഥാപാത്രത്തേയും തന്മയത്വത്തോടെ പുനരവതരിപ്പിക്കാൻ നിധിന് കഴിഞ്ഞു.
മീഡിയവൺ ചാനലിലെ ഹാസ്യപരമ്പരയായിരുന്ന എമ്മെയിറ്റി മൂസയിലെ പാത്തുവിനെ അവതരിപ്പിച്ചാണ് സരിത കൈയടി നേടിയത്. കണ്ണൂരുകാരനായ നിധിൻ 'കണ്ണൂരാൻ' എന്ന പേര് സ്വീകരിച്ചതോടെ കൂടുതൽ ശ്രദ്ധിക്കപ്പെട്ടു. ഇപ്പോൾ 'കണ്ണൂരാനും കെട്ട്യോളും കുട്ട്യോളും' സോഷ്യൽ മീഡിയയിൽ ഏറെ പ്രശസ്തരായി മാറിക്കഴിഞ്ഞു.
ഇരുവരും ചേർന്ന് അഭിനയിച്ച 'നീയോർമകൾ' എന്ന പ്രണയസുന്ദരമായ ആൽബം പ്രേക്ഷകർ നെഞ്ചേറ്റുകയായിരുന്നു. ശിഖണ്ഡിനി, ഇരയും വേട്ടക്കാരനും തുടങ്ങിയ നാടകങ്ങളിലും ഇരുവരും തിളങ്ങി. 'കേരളപ്പെണ്ണ്' എന്ന ആൽബത്തിലും സരിത നായികയായി.
ദമ്മാമിലെ സാംസ്കാരിക ചലനങ്ങളെ ആദ്യം പ്രേക്ഷകരിൽ എത്തിക്കുന്നത് പലപ്പോഴും ഈ കുടുംബമാണ്. പല സ്ഥാപനങ്ങളും ഇപ്പോൾ ഇവരുടെ താരമൂല്യം ഉപയോഗിച്ച് തുടങ്ങിയിട്ടുണ്ട്. അഞ്ചാം ക്ലാസ് വിദ്യാർഥിനി അദ്വികയും ഏഴാം ക്ലാസുകാരൻ ദർവീശും ഒപ്പം അഭിനയവും എഡിറ്റിങ്ങുമായി ഒപ്പമുണ്ട്.