തുരീയം സംഗീതോത്സവം:സാമ്പ്രദായിക ശൈലി കൈവിടാതെ ജമനീഷ്; കൊട്ടിക്കയറി തിരുവാരൂർ
text_fieldsപയ്യന്നൂരിൽ നടക്കുന്ന തുരീയം സംഗീതോത്സവത്തിൽ കോട്ടയം ജമനീഷ് ഭാഗവതർ കച്ചേരി അവതരിപ്പിക്കുന്നു
പയ്യന്നൂർ: മഴയൊഴിഞ്ഞ സായന്തനത്തിൽ കർണാടക സംഗീതത്തിന്റെ സാമ്പ്രദായിക ശൈലി കൈവിടാതെയുള്ള ആലാപന സൗന്ദര്യമായിരുന്നു തുരീയം സംഗീതോത്സവത്തിന്റെ മൂന്നാം ദിനത്തെ ധന്യമാക്കിയത്. ശുദ്ധസംഗീത വേദിയിലെ മലയാളി തിളക്കം കോട്ടയം ജമനീഷ് ഭാഗവതരാണ് തുരീയം വേദിയിൽ രാഗപ്പെരുമഴ തീർത്ത് ആസ്വാദക ഹൃദയത്തിൽ ഇടം നേടിയത്.
ജമനീഷിന്റെ ആലാപനം ലളിതസുന്ദരമായി മുന്നേറിയപ്പോൾ മൃദംഗത്തിൽ സംഗീതപ്പെരുമഴ വർഷിച്ച് ഡോ. തിരുവാരൂർ ഭക്തവത്സലം കാണികൾക്ക് നൽകിയത് നാദസൗന്ദര്യത്തിന്റെ വെടിക്കെട്ട്. സംഗീതലോകത്തെ പ്രമുഖനിര പക്കമേളമൊരുക്കി കച്ചേരിയെ ഭാവദീപ്തമാക്കാൻ വേദിയിലെത്തിയതും മറ്റൊരു പ്രത്യേകത.
ഡോ. തിരുവാരൂരിന് പുറമെ പാട്ടിനൊപ്പവും പാട്ടിനു പിന്നാലെയും ഗാനനൂലിഴ മുറിയാതെ അനുഗ്രഹീത കലാകാരൻ സായ് രക്ഷിത് വയലിനിലും ചന്ദ്രശേഖര ശർമ്മ ഘടത്തിലും തീർത്ത മേളങ്ങൾ കച്ചേരിയെ ഗംഭീരമായ അനുഭവമാക്കി. ബുധനാഴ്ച എം.എ. മുംതാസ് മുഖ്യാതിഥിയായി. സ്വാമി കൃഷ്ണാനന്ദ ഭാരതി സ്വാഗതം പറഞ്ഞു.
തുരീയം സംഗീതോത്സവത്തിനെറ നാലാം ദിനമായ വ്യാഴാഴ്ച കർണാടക സംഗീത ലോകത്തെ യുവശബ്ദം സാകേത് രാമന്റെ കച്ചേരിയാണ്. ഡൽഹി സുന്ദർ (വയലിൻ),തിരുവാരൂർ ഭക്തവത്സലം (മൃദംഗം), അനിരുദ്ധ ആത്രേയ (ഗഞ്ചിറ) എന്നിവർ മേളമൊരുക്കും. കൊമ്പങ്കുളം വിഷ്ണു സോമയാജി അതിഥിയാവും.