തയ്യിൽ കാദർ ഹാജി; വിടവാങ്ങിയത് നിശ്ശബ്ദ കർമയോഗി
text_fieldsതയ്യിൽ കാദർ ഹാജി
തിരൂർ: സഫിയ ട്രാവൽസ് ഉടമ തയ്യിൽ കാദർ ഹാജിയുടെ വിയോഗത്തോടെ നഷ്ടമായത് ജീവകാരുണ്യ, സാമൂഹിക രംഗത്തെ നിശ്ശബ്ദ കർമയോഗിയെ. തിരൂർ കട്ടച്ചിറ സ്വദേശിയായിരുന്നു. വെള്ളപ്പൊക്ക കാലത്ത് ദുരിതബാധിതർക്ക് ക്യാമ്പിന് ടി.കെ.എച്ച് ഓഡിറ്റോറിയം സൗജന്യമായി നൽകിയും രാപകലില്ലാതെ അവരുടെ ക്ഷേമന്വേഷണം നടത്തിയും ആശ്വസിപ്പിച്ചും നിശബ്ദ സേവനമാണ് കാദർ ഹാജി നടത്തിയത്.
നാട്ടിൽ പട്ടിണിയും ദാരിദ്ര്യവും നിറഞ്ഞ കാലത്ത് ജോലി തേടി ബോംബെയിലേക്ക് വണ്ടികയറിയ ഹാജി എത്തിയത് കോതി സീ പോർട്ടിലായിരുന്നു. അവിടെ ജോലി ചെയ്യവേ ആളുകളെ ലോഞ്ചുകൾ വഴി വിദേശത്തേക്ക് അയക്കുന്ന പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു. ട്രാവൽ രംഗത്തെ ഹാജിയുടെ ആദ്യത്തെ ചുവടുവെപ്പായിരുന്നു അത്.
വിശ്വസ്തനും സത്യസന്ധനുമായിരുന്ന ഹാജിയെ ജനങ്ങൾ പെട്ടെന്ന് അംഗീകരിച്ചു. 1984ൽ ഔദ്യോഗികമായി ലൈസൻസ് ലഭിച്ചതോടെ അദ്ദേഹത്തിന്റെ ബിസിനസ് വലിയ രീതിയിൽ വളർന്നു. പിടിച്ചുപറിയും കൊള്ളയും കൊലയും അരങ്ങുതകർത്തിരുന്ന അന്നത്തെ ബോംബെ നഗരത്തിൽ, വിദേശത്തേക്ക് പോകാൻ നാട്ടിൽ നിന്നെത്തുന്നവർക്കും വിദേശത്തുനിന്ന് ബോംബെ എയർപോർട്ടിൽ ഇറങ്ങുന്നവർക്കും കാദർ ഹാജിയുടെ ഓഫീസ് ഒരു സുരക്ഷിത താവളമായി മാറി.
ബോംബെ എയർപോർട്ട്, റെയിൽവേ സ്റ്റേഷൻ, ടൂറിസ്റ്റ് ബസ് സ്റ്റോപ്പുകൾ എന്നിവിടങ്ങളിൽ ഹാജിയുടെ ജീവനക്കാർ നേരിട്ടെത്തി ആളുകളെ സ്വീകരിച്ച് സുരക്ഷിതമായി ഓഫീസിൽ എത്തിച്ചിരുന്നു. മികച്ച സേവനത്തിലൂടെയും കൃത്യമായ ഇടപെടലുകളിലൂടെയും പ്രവാസികൾക്കിടയിൽ അദ്ദേഹം ഒരു വലിയ ആശ്വാസമായി മാറി. മികച്ച സേവനത്തിലൂടെ പ്രവാസികൾക്കിടയിൽ കാദർ ഹാജി എന്ന പേര് ഒരു തണലായി മാറി. മുംബൈ എന്ന മഹാ നഗരത്തിൽ വഴിമുട്ടി നിന്ന പലർക്കും അദ്ദേഹം ആഹാരവും അഭയവും നൽകി. കേവലം ഒരു ബിസിനസ് എന്നതിലുപരി, സഹജീവികളോടുള്ള കരുണയാണ് അദ്ദേഹത്തിന്റെ വളർച്ചക്ക് അടിത്തറയായത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

