36 വർഷത്തെ പ്രവാസത്തിന് വിട; കബീർ പാറോപ്പടി മടങ്ങുന്നു
text_fieldsകെ.പി. കബീർ പാറോപ്പടി
ദുബൈ: 36 വർഷത്തെ പ്രവാസത്തിനുശേഷം കെ.പി. കബീർ പാറോപ്പടി പ്രവാസം അവസാനിച്ച് മടങ്ങുകയാണ്. കോഴിക്കോട് പാറോപ്പടി സ്വദേശിയായ ഇദ്ദേഹം കഴിഞ്ഞ 15 വർഷമായി കോഴിക്കോട് പറമ്പിൽ ബസാറിലാണ് താമസം. 1989ലാണ് ജെ.ഡി.ടിയിൽ നിന്ന് ഐ.ടി.സി ഇലക്ട്രോണിക്സ് പഠനം പൂർത്തിയാക്കിയ ശേഷമാണ് യു.എ.ഇയിലേക്ക് പ്രവാസിയായി വരുന്നത്. അബൂദബിയിലാണ് പ്രവാസം ആരംഭിച്ചത്. തുടക്കത്തിൽ ഓൾഡ് പാസ്പോർട്ട് ഓഫിസ് റോഡിൽ മുബാറക്ക് ഇലക്ട്രോണിക്സ് എന്ന സ്ഥാപനത്തിൽ 1993വരെ ജോലിചെയ്തു. തുടർന്ന് 1997വരെ വിവിധ സ്ഥാപനത്തിൽ ജോലിചെയ്തു.
2001 ജൂണിൽ സഹോദരീ ഭർത്താവിന്റെ സഹായത്തിൽ യു.എ.ഇ ഫെഡറൽ പൊലീസിൽ ജോലി ലഭിച്ചു. ഇലക്ട്രോണിക് ടെക്നീഷ്യനായിട്ടാണ് ജോലി ലഭിച്ചത്. പിന്നീട് 2003 മുതൽ ഫെഡറൽ പൊലീസ് സ്കൂൾ ഷാർജയിലേക്ക് ജോലി മാറി. 2025 ഏപ്രിൽ വരെ ജോലിയിൽ തുടർന്ന ശേഷമാണ് നാട്ടിലേക്ക് മടങ്ങുന്നത്. പൊലീസ് സ്കൂളിലെ എജുക്കേഷൻ സപ്പോർട്ട് എന്ന വിഭാഗത്തിലായിരുന്നു ജോലി. മൂന്നര പതിറ്റാണ്ട് പിന്നിട്ട പ്രവാസം സന്തോഷം മാത്രമാണ് സമ്മാനിച്ചതെന്നാണ് കബീറിന് പറയാനുള്ളത്. യു.എ.ഇയുടെ വളർച്ച നേരിട്ട് കാണാൻ സാധിച്ചു.
സ്വദേശികളും ഒാഫിസർമാരുമായൊക്കെ നല്ല ബന്ധമായിരുന്നു. ഉന്നത ഓഫിസർമാർ അടക്കം വലിയ അടുപ്പവും സ്നേഹവുമാണ് പ്രകടിപ്പിച്ചിരുന്നത് -കബീർ പറയുന്നു. പ്രവാസത്തിലൂടെ നല്ല ജീവിതം കെട്ടിപ്പടുക്കാനായെന്നും സന്തോഷത്തോടെയാണ് പിരിയുന്നതെന്നും നാട്ടിലെത്തി എന്തെങ്കിലും പ്രവർത്തന മേഖല കണ്ടെത്തണമെന്നും കബീർ കൂട്ടിച്ചേർത്തു. ഇടക്കാലത്ത് കുറച്ചുകാലം മാത്രമാണ് കുടുംബം പ്രവാസത്തിൽ കൂടെയുണ്ടായിരുന്നത്. ഭാര്യ: മലീകത്ത് കബീർ. മക്കൾ: ആദിൽ മുഹമ്മദ്, അൽഷാൻ മുഹമ്മദ്, അമീൻ. ആദിൽ ദുബൈയിലെ കമ്പനിയിൽ ഐ.ടി സപ്പോർട്ട് എൻജിനീയറായി ജോലി ചെയ്തു വരുകയാണ്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.