ദൈവം കൈയൊപ്പ് ചാർത്തിയ നീതി
text_fieldsജസ്റ്റിസ് സി.കെ.അബ്ദുൽ റഹീം
‘ആലിയ ഫാത്തിമ’ -ഈ പേരിന് എന്റെ ന്യായാധിപ ജീവിതത്തിൽ ഒരുപാട് പ്രാധാന്യവും പ്രത്യേകതയുമുണ്ട്. ഞാൻ ജസ്റ്റിസ് ഷാജി പി. ചാലിയുമായി ചേർന്ന് ഡിവിഷൻ ബെഞ്ചിൽ ഹേബിയസ് കോർപസ് ഹരജി കേൾക്കുന്ന കാലഘട്ടം. ഈ കുട്ടിയുടെ പിതാവ് തന്റെ രണ്ടര വയസ്സുള്ള മകൾ ഗുരുതര കരൾരോഗബാധിതയാണെന്നും കരൾ മാറ്റിവെക്കൽ ശസ്ത്രക്രിയയിലൂടെ മാത്രമേ കുട്ടിയുടെ ജീവൻ രക്ഷിക്കാൻ കഴിയൂ എന്നും പക്ഷേ, കുട്ടിയുടെ മാതാവും മാതാവിന്റെ ബന്ധുക്കളും ചികിത്സ നൽകാതെ അവളെ തടങ്കലിൽ വെച്ചിരിക്കുകയാണെന്നും ആരോപിച്ചുകൊണ്ടാണ് ഹരജിയുമായി കോടതിയെ സമീപിച്ചത്. തന്റെ മകൾ മാതാവിന്റെയും ബന്ധുക്കളുടെയും അന്യായ തടങ്കലിലാണെന്നും കോടതി ഉത്തരവ് മുഖാന്തരം കുട്ടിയെ മോചിപ്പിക്കണമെന്നതുമായിരുന്നു പിതാവ് ആവശ്യപ്പെട്ടിരുന്നത്.
നിലവിലുള്ള നിയമവ്യവസ്ഥകളും വിധിന്യായങ്ങളും കണക്കിലെടുക്കുമ്പോൾ മൈനർ ആയ ഒരു കുട്ടി അതിന്റെ മാതാവിന്റെയോ പിതാവിന്റെയോ കൈവശത്തിൽ കഴിയുമ്പോൾ ഒരു കാരണവശാലും അതിനെ അന്യായതടങ്കലായി കണ്ടെത്താൻ കഴിയില്ല. മാത്രമല്ല, മൈനറായ ഒരു കുട്ടിയുടെ കൈവശാവകാശത്തെപ്പറ്റി മാതാപിതാക്കൾ തമ്മിലുള്ള തർക്കം ‘ഗാർഡിയൻ ആൻഡ് വാൾഡ് ആക്ട്’ എന്ന നിയമത്തിന്റെ പരിധിയിൽ വരുന്നതാണ്. അത്തരം തർക്കങ്ങൾ പരിഹരിക്കപ്പെടേണ്ടത് കുടുംബകോടതി മുഖാന്തരമാണ്. ഇതുകൊണ്ടുതന്നെ ഈ ഹേബിയസ് കോർപസ് ഹരജി ഒരുനിലക്കും ഹൈകോടതിക്ക് പരിഗണിക്കാൻ സാധാരണഗതിയിൽ കഴിയുന്നതായിരുന്നില്ല.
കേസ് അഡ്മിഷന് (ഫയലിൽ സ്വീകരിക്കണമോ വേണ്ടയോ എന്ന് നിശ്ചയിക്കുന്ന ഘട്ടം) വന്നപ്പോൾ ന്യായാധിപരായ ഞങ്ങൾ ഇത് നിലനിൽക്കില്ല എന്ന നിലപാട് സ്വീകരിച്ചുകൊണ്ട് ഹരജി തള്ളി ഉത്തരവിടാനും പിതാവിന് കുടുംബകോടതിയെ സമീപിക്കുന്നതിനുള്ള സ്വാതന്ത്ര്യം നൽകുന്നതിനും തീരുമാനിച്ചു. ഹരജിക്കാരന് വേണ്ടി ഹാജരാകുന്ന അഭിഭാഷകന്റെ അപ്പോഴത്തെ പ്രതികരണം; ‘എന്റെ (എന്റെ കക്ഷിയുടെ) കുട്ടിയുടെ ജീവൻ അപകടത്തിലാണ്. കുട്ടി അതുവരെ ജീവിച്ചിരിക്കില്ല’ എന്നായിരുന്നു. ആ വാചകങ്ങൾ ഞങ്ങളുടെ മനസ്സിലെവിടെയോ ഒന്ന് കൊളുത്തിവലിച്ചു. കോടതിയുടെ ഇടപെടൽ നിഷേധിക്കപ്പെട്ടതുകൊണ്ട് ഒരു കുട്ടി മരണപ്പെട്ടാൽ പിന്നെ നീതി നിർവഹണം അർഥശൂന്യമാകില്ലേ എന്ന ചിന്ത രണ്ടുപേരിലുമുണ്ടായി.
കരൾ ദാനം ചെയ്ത ആശാവർക്കർ, സ്വീകരിച്ച കുട്ടി എന്നിവർക്കൊപ്പം
തിരുവനന്തപുരം സിറ്റി പൊലീസ് കമീഷണറോട് കുട്ടിയെ ചികിത്സിച്ചിരുന്നു എന്ന് പറയുന്ന പ്രമുഖ സ്വകാര്യ മൾട്ടി സ്പെഷാലിറ്റി ഹോസ്പിറ്റലിൽനിന്ന് റിപ്പോർട്ട് വാങ്ങി ഹാജരാക്കാൻ ഉത്തരവിട്ടു. എതിർകക്ഷിയായ കുട്ടിയുടെ മാതാവിന് കോടതിയിൽനിന്ന് നോട്ടീസ് അയക്കാൻ തീരുമാനിച്ചു. കോടതിയിലുണ്ടായിരുന്ന സർക്കാർ അഭിഭാഷകനോട് പൊലീസ് ഉദ്യോഗസ്ഥനുമായി ബന്ധപ്പെട്ട് വേണ്ട നടപടികൾ സ്വീകരിക്കാനും നിർദേശം നൽകി.
കേസിന്റെ അടുത്ത അവധിക്ക് ആശുപത്രിയിൽ നിന്നുള്ള റിപ്പോർട്ട് ഹാജരാക്കപ്പെട്ടു. കുട്ടി ഏതാനും നാളുകളായി കരൾരോഗത്തിന് ചികിത്സയിലാണെന്നും, കരൾ മാറ്റൽ ശസ്ത്രക്രിയ മാത്രമാണ് ജീവൻ രക്ഷിക്കാനുള്ള ഏക മാർഗമെന്നും ആറുമാസക്കാലത്തിനുള്ളിൽ ശസ്ത്രക്രിയ നടത്തിയില്ലെങ്കിൽ കുട്ടിയുടെ ജീവൻ അപകടത്തിലാണെന്നും ഇത് മാതാവിനെയും മറ്റും ബോധ്യപ്പെടുത്തിയിട്ടുണ്ടെന്നും ശസ്ത്രക്രിയക്കും ചികിത്സക്കുമായി 18 ലക്ഷത്തിൽ പരം രൂപ ചെലവ് വരുമെന്നുമാണ് റിപ്പോർട്ടിൽ പറഞ്ഞിരുന്നത്.
ന്യായാധിപർ എന്ന നിലയിൽ ഞങ്ങളിൽ നിക്ഷിപ്തമായിട്ടുള്ള അധികാരത്തിന്റെ അർഥപൂർണമായ വിനിയോഗത്തിലൂടെ ഒരു കുരുന്നുജീവൻ രക്ഷിക്കാൻ കഴിയുമോ എന്ന പരിശോധനയിലേക്ക് കടക്കാൻ ഞങ്ങൾ തീരുമാനിച്ചു. സർക്കാറിനെയും പൊലീസ് കമീഷണറെയും സ്വകാര്യ ആശുപത്രിയെയും കോടതി സ്വമേധയാ കേസിൽ കക്ഷി ചേർത്തു. കുട്ടിയുടെ മാതാവിനോട് കുട്ടിയെ ഉടനടി പ്രസ്തുത ആശുപത്രിയിൽ അഡ്മിറ്റാക്കാനും അതിന് വിസമ്മതിക്കുന്ന സാഹചര്യത്തിൽ തിരുവനന്തപുരം സിറ്റി പൊലീസ് കമീഷണറോട് കുട്ടിയെ കസ്റ്റഡിയിലെടുത്ത് ആശുപത്രിയിൽ അഡ്മിറ്റ് ചെയ്യാനും നിർദേശം കൊടുത്തു.
കേസിന്റെ തുടർന്നുള്ള അവധികളിൽ വളരെ ദ്രുതഗതിയിൽ കാര്യങ്ങൾ നീങ്ങി. കോടതിയുടെ ഇടപെടൽമൂലം ആശുപത്രിക്കാർ സൗജന്യ നിരക്കായ 10 ലക്ഷം രൂപക്ക് ശസ്ത്രക്രിയ നടത്താൻ സമ്മതിച്ചു. സംസ്ഥാന സർക്കാർ അവരുടെ ‘കാരുണ്യ ബെനെവലെന്റ്’ ഫണ്ടിൽനിന്ന് ചികിത്സ ചെലവ് വഹിക്കുന്നതിന് ഉത്തരവിറക്കി. ദൈവത്തിന്റെ അദൃശ്യകരങ്ങൾ കുട്ടിയുടെ രക്ഷക്കുണ്ടായിരുന്നു എന്നുവേണം കരുതാൻ. കുട്ടിയുമായി ഒരു ബന്ധവുമില്ലാത്ത ഇതര മതവിഭാഗത്തിൽപ്പെട്ട ഒരു ആശാവർക്കർ സ്ത്രീ തന്റെ കരളിന്റെ കഷണം പകുത്തുനൽകാൻ തയാറായി. ശസ്ത്രക്രിയ വിജയകരമായി പൂർത്തീകരിച്ചു.
മനുഷ്യകുലത്തിനിടയിൽ നീതി നടപ്പാക്കുക എന്നത് ദൈവത്തിങ്കൽ നിക്ഷിപ്തമായ ദൗത്യമാണ്. ദൈവം ചിലപ്പോൾ ആ ദൗത്യം പൂർത്തീകരിക്കുന്നത് ന്യായാധിപന്മാരിലൂടെയായിരിക്കാം. അത്തരത്തിലുള്ള ഒരു അദൃശ്യമായ ഇടപെടൽ ന്യായാധിപന്മാരായ ഞങ്ങളുടെ മേൽ ഈ കേസിലുണ്ടായി എന്ന് വിശ്വസിക്കാനാണ് ഞാൻ ഇഷ്ടപ്പെടുന്നത്. ഏറെ സന്തോഷം തരുന്ന വസ്തുത കേസും, ശസ്ത്രക്രിയയും, അതിന്റെ വിജയവും ആലിയ ഫാത്തിമയുടെ മാതാപിതാക്കളുടെ ഇടയിലുണ്ടായിരുന്ന ദാമ്പത്യ അസ്വാരസ്യങ്ങളെ അനുരഞ്ജിപ്പിച്ചു. ശസ്ത്രക്രിയ കഴിഞ്ഞു. കുട്ടിയുടെ പിതാവ് അദ്ദേഹത്തിന്റെ തൊഴിൽ സ്ഥലമായ ഗൾഫ് നാട്ടിലേക്ക് പോയി.
കുട്ടി വീണ്ടും അമ്മയുടെ സംരക്ഷണത്തിലായി. കുട്ടിയുടെ ചികിത്സ കഴിഞ്ഞ് ആശുപത്രിയിൽനിന്ന് ഡിസ്ചാർജ് ചെയ്യുന്ന ദിവസം ആശുപത്രിക്കാരുടെയും വക്കീലന്മാരുടെയും ക്ഷണം സ്വീകരിച്ച് ഞാനും ഭാര്യയും തിരുവനന്തപുരത്ത് ആശുപത്രിയിൽ കുട്ടിയെ സന്ദർശിച്ചു. ആൾക്കൂട്ടം കണ്ട് ചകിതയായ കുട്ടി കരൾ ദാതാവായ ആശാവർക്കർ സ്ത്രീയുടെ കൈത്തണ്ടക്കുള്ളിൽ സമാധാനത്തോടെയിരുന്ന് മധുരം കഴിക്കുന്ന കാഴ്ച ദൈവത്തിന്റെ അദൃശ്യമായ ആ ഇടപെടലിന് സാക്ഷ്യമായിരുന്നു.നിയമം മാത്രമാണോ നീതി എന്ന ചോദ്യത്തിന് ‘അല്ല’ എന്ന ഉത്തരം നൽകുന്ന ചുരുക്കം സന്ദർഭങ്ങൾ അഭിഭാഷകരുടെയും ന്യായാധിപന്മാരുടെയും ജീവിതത്തിലുണ്ടാകാറുണ്ട്. ഫാത്തിമ കേസ് അതിനൊരുദാഹരണം മാത്രം.
ജസ്റ്റിസ് സി.കെ. അബ്ദുൽ റഹീം
(ഹൈകോടതി മുൻ ന്യായാധിപൻ)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

