'ഇന്ത്യ'യുണ്ട് കുവൈത്തിൽ...
text_fieldsശ്രീകണ്ഠപുരം: ഇന്ത്യ ഇപ്പോൾ കുവൈത്തിലുണ്ട്. എല്ലാ ദിവസവും അവർ ഇന്ത്യയെന്ന് ഉച്ചത്തിൽ വിളിച്ചുകൊണ്ടേയിരിക്കും. കുറുമാത്തൂർ പഞ്ചായത്തിൽ പൊക്കുണ്ട് മണക്കാട് റോഡിൽ മുത്തപ്പൻ ക്ഷേത്രപരിസരത്തെ പനക്കാടൻ രഞ്ജിത്തിന്റെയും നിഷിനയുടെയും മൂന്നു വയസ്സുള്ള മകളാണ് ഇന്ത്യ.
കുവൈത്തിൽ നെസ്ലെ നെസ്പ്രെസോ കമ്പനിയിൽ ട്രെയിനറായി ജോലിചെയ്യുന്ന രഞ്ജിത്തും കുടുംബവും വർഷങ്ങളായി അവിടെയാണുള്ളത്. ആദ്യ മകൾ ഐഷാന ഒന്നാം ക്ലാസിൽ കുവൈത്തിൽ പഠിക്കുന്നു. 2019 െസപ്റ്റംബർ 25 ന് തളിപ്പറമ്പ് സഹകരണ ആശുപത്രിയിലാണ് രണ്ടാമത്തെ മകളെ പ്രസവിച്ചത്.
രാജ്യസ്നേഹം കൂടിയതുകൊണ്ട് രണ്ടാമത്തെ മകൾക്ക് ഇന്ത്യയെന്നല്ലാതെ മറ്റൊരു പേര് ആലോചിക്കേണ്ടി വന്നില്ല. ബന്ധുക്കളും മറ്റും കുട്ടിക്ക് ഇന്ത്യയെന്ന് പേരിടുന്നതിനോട് വിയോജിപ്പറിയിച്ചെങ്കിലും അത് ചെവികൊടുക്കാൻ ഈ ദമ്പതിമാർ തയാറായില്ല. പേരു വിളി നടന്നതോടെ ഇന്ത്യ എല്ലാവർക്കും പ്രിയപ്പെട്ടവളായി.
കുവൈത്തിലേക്ക് ഫോൺ വിളിച്ചാൽ ബന്ധുക്കൾ ആദ്യം ചോദിക്കുന്നത് ഇന്ത്യയെവിടെ എന്നാണ്. ഈ ഫോൺ വിളി കേൾക്കുന്നവരാണെങ്കിൽ നാട്ടിലായാലും കുവൈത്തിലായാലും ഇതിന്റെ പൊരുളറിയാതെ ചിരിക്കുകയാണ് പതിവ്. നാട്ടിൽ വർഷങ്ങൾ കഴിയുമ്പോ++ൾ മാത്രം വരുന്നതിനാൽ ഇന്ത്യയെ പലർക്കും അറിയില്ല. ഇനി ആരെങ്കിലും മോളുടെ പേരെന്താണെന്ന് ചോദിച്ചാൽ ഇന്ത്യയെന്ന് അഭിമാനത്തോടെ അവളുടെ മറുപടി. പിന്നെ പുഞ്ചിരിയും.
ചേച്ചി സ്കൂളിലേക്കുപോയാൽ അമ്മ നിഷിനയാണ് ഇന്ത്യയുടെ കളിക്കൂട്ടുകാരി. രാജ്യം മറ്റൊരു സ്വാതന്ത്ര്യദിനം കൂടി കൊണ്ടാടുമ്പോൾ രഞ്ജിത്തും കുടുംബവും കുവൈത്തിൽ ഇന്ത്യയോടൊത്ത് ദേശീയ പതാകയേന്തി സ്വാതന്ത്ര്യദിനം ആചരിക്കുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

