ഐ.എം.എ. റഫീഖ്; ഒറ്റയാള്പോരാളിയായ ജേണലിസ്റ്റ്
text_fieldsഐ.എം.എ. റഫീഖ് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്കൊപ്പം
ഒരു പുരുഷായുസ്സില്‍ ചെയ്തുതീര്ക്കാവുന്നതിന്റെ പരമാവധി പൂര്‍ത്തിയാക്കിയാണ് പ്രിയ സഹോദരന് ഐ.എം.എ 64ാം വയസ്സില്‍ വിടവാങ്ങിയത്. 2005ലാണ് റഫീഖ് ഖത്തറിലെത്തുന്നത്. 1982 മുതല്‍ രണ്ടു തവണയായി കുവൈത്തിലെ ദീര്‍ഘകാല പ്രവാസം കഴിഞ്ഞ് നാട്ടിലേക്ക് തിരിച്ചെത്തിയതിനുശേഷമാണ് ദോഹയിലേക്കു പറക്കാന്‍ തീരുമാനിച്ചത്.
നാട്ടില്‍ വീക്ഷണം പത്രത്തിനുവേണ്ടി റിപ്പോര്ട്ടുകളയച്ച മുന്‍പരിചയവും പൊതുപ്രവര്‍ത്തനത്തിലൂടെ ആർജിച്ച ഊർജവുമായി കുവൈത്ത് ടൈംസിനുവേണ്ടിയാണ് സജീവ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചത്. ഖത്തറിലെത്തിയതോടെ കേരളശബ്ദം ലേഖകനായി. പ്രത്യേക പതിപ്പും ഇറക്കിത്തുടങ്ങി.
വീക്ഷണം ലേഖകനായും തുടര്‍ന്നു. 15 വര്‍ഷത്തോളമാണ് കേരളശബ്ദം ഖത്തര്‍ സ്പെഷല്‍ പതിപ്പ് റഫീഖ് ഒറ്റയാള്പ്പോരാളിയെപ്പോലെ മുടക്കമില്ലാതെ പ്രസിദ്ധീകരിച്ചത്. ഇടക്ക് ചിലര്‍ പരസ്യത്തിനും മറ്റും സഹകരിച്ചതൊഴിച്ചാല് ഡിസൈനിങ് ഒഴികെ വിതരണം വരെ ഏറ്റെടുത്ത് ബദല്‍ പ്രസിദ്ധീകരണത്തിന്റെ പാതവെട്ടിത്തെളിച്ചു.
ഞങ്ങള്‍ തമ്മില്‍ ജേണലിസത്തിന്റെ ആവിഷ്കാരരീതികളിലുള്ള പൊരുത്തക്കേടുകള്‍ എന്നും വിയോജിപ്പോടെ തുറന്നുപറയുമെങ്കിലും സാമൂഹിക വിമര്‍ശനത്തിലും ചില സ്റ്റോറികള്‍ കണ്ടെത്താനുള്ള താൽപര്യങ്ങളിലും അവ യോജിപ്പായി മാറി. കേരളശബ്ദം ഖത്തര്‍ പതിപ്പിലെ ഒരു കോളംതന്നെ നെറികേടുകള്‍ക്കെതിരെ പൊരുതാന്‍ അദ്ദേഹം മാറ്റിവെച്ചു.
പല സംഘടന നേതാക്കളെയും ബിസിനസ് പ്രമുഖരെയുമെല്ലാം രൂക്ഷമായി വിമര്‍ശിച്ച് സ്റ്റോറികള്‍ ചെയ്തു. അത് റിപ്പോര്‍ട്ടിങ് മാത്രമായി കണ്ടു. പക്ഷേ, നിര്‍ഭാഗ്യകരമെന്നു പറയട്ടെ ചിലരെങ്കിലും അതിനെ വ്യക്തിപരമായി എടുത്ത് വിളിച്ച് ചീത്തപറയുകയും ഭീഷണിപ്പെടുത്താന്‍ ശ്രമിക്കുകയുമെല്ലാം ചെയ്തു.
എല്ലാം കേട്ട് പക്വതയോടെയും ചിലപ്പോള്‍ ചിരിയോടെയും മറുപടി പറഞ്ഞു. കൂടാതെ, അടുത്ത ദിനം ഈ വ്യക്തിയെ കാണുമ്പോള്‍ നിറഞ്ഞ സൗഹൃദത്തില്‍ പെരുമാറാന്‍ കഴിയുന്ന മിടുക്ക് കാണിച്ചു. ഇതൊക്കെ ഇവരെന്തിനാണ് വ്യക്തിപരമായെടുക്കുന്നതെന്ന് വ്യാകുലപ്പെട്ടു.
ഖത്തറിലെ മിക്കവാറും പരിപാടികളില്‍ കേള്വിക്കാരനായെത്തുകയും അതിലൊരു സ്റ്റോറി അന്വേഷിക്കുകയും ചെയ്യുമായിരുന്നു റഫീഖ്. പ്രവാസിപ്രശ്നങ്ങള്‍ അഡ്രസ് ചെയ്യാന്‍ എല്ലാതലത്തിലും ശ്രമങ്ങള്‍ നടത്തിയ അദ്ദേഹം മധ്യപ്രദേശിലെ ഇന്ദോറില്‍ 2023 ജനുവരിയില്‍ നടന്ന പ്രവാസി ഭാരതീയ ദിവസില്‍ അര്‍ബുദബാധിതനായി ക്ഷീണിതനായിട്ടും സജീവമായി പങ്കെടുത്തു.
ഇന്ത്യന്‍ മീഡിയ ഫോറം സ്ഥാപക നേതാവായ ഐ.എം.എ സംഘടനയെ ചിട്ടയോടെ നയിച്ച ജനറല്‍സെക്രട്ടറിയും ട്രഷററുമായിരുന്നു. കോണ്‍ഗ്രസിലെ സംഘാടക പാരമ്പര്യം അതിന് മുതല്‍ക്കൂട്ടായി. മാധ്യമപ്രവര്‍ത്തകരുടെ പ്രശ്നവും അവരുടെ ജീവിതവും അഡ്രസ് ചെയ്യാനാണ് സംഘടന ശ്രമിക്കേണ്ടതെന്നും പൊതുദൃശ്യത നേടാനല്ലെന്നും നിലപാടെടുത്തു.
തികഞ്ഞ കോണ്‍ഗ്രസുകാരനായിട്ടും കോണ്‍ഗ്രസുകാരെ വാര്‍ത്തകളില്‍ വിമര്‍ശിക്കാന്‍ മടികാട്ടിയതേയില്ല. യൂത്ത് കോണ്‍ഗ്രസിന്റെ വടക്കേക്കാട്ടെയും തൃശൂരിലെയും പോരാളിയെപ്പോലെ പ്രവര്‍ത്തിച്ച റഫീഖിന് മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, മുന്‍കേന്ദ്രമന്ത്രിമാരായ എ.കെ. ആന്റണി, വയലാര്‍ രവി, മുന്‍മന്ത്രി വി.എം. സുധീരന്, പരിസ്ഥിതി പ്രവര്‍ത്തകനും മുന്‍ എം.എല്‍.എയുമായ പി.ടി. തോമസ് തുടങ്ങിയ എല്ലാവരുമായും അടുത്ത ബന്ധമായിരുന്നു.
പി.ടി. തോമസുമായി സഹോദരബന്ധമായിരുന്നു. ചന്ദ്രിക ഖത്തര്‍ വാര്‍ഷികപ്പതിപ്പിനുവേണ്ടി മാധവ് ഗാഡ്ഗില്‍ തന്നെയാണ് ശരി എന്ന നിലപാടിലൂന്നി പി.ടി. തോമസുമായി സുദീര്‍ഘ അഭിമുഖം നടത്തി പ്രസിദ്ധീകരിക്കുകയുണ്ടായി. റഫീഖുമായുള്ള ബന്ധം ഉമ്മന്‍ചാണ്ടി, വയലാര്‍ രവി, പി.ടി. തോമസ് എന്നിവർ ദോഹ സന്ദര്‍ശിച്ച വേളകളില്‍ മാധ്യമപ്രവര്‍ത്തകരോട് വെളിപ്പെടുത്തിയിരുന്നു.
1979ല്‍ വടക്കേക്കാട് മണ്ഡലം യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റ്, ബ്ലോക്ക് ഇന്ത്യന്‍ നാഷനല്‍ കോണ്‍ഗ്രസ് സെക്രട്ടറി എന്നീ ചുമതലകള്‍ വഹിച്ച അദ്ദേഹം ഇന്നും സജീവമായ വടക്കേക്കാട്ടെ ബ്ലൂ സ്കൈ ആര്‍ട്സ് ആൻഡ് സ്പോര്‍ട്സ് ക്ലബ്, വീക്ഷണം കലാവേദി തുടങ്ങിയവയുടെ സ്ഥാപകനാണ്. 1991ല്‍ വടക്കേക്കാട് സർവിസ് സഹകരണ സൊസൈറ്റിയുടെ പേരിലുള്ള ബാങ്കിന്റെ ഡയറക്ടറായി മത്സരിച്ച് വിജയിച്ചിരുന്നു.
രണ്ടു തവണ വടക്കേക്കാട് പഞ്ചായത്ത് പ്രസിഡന്റായിരുന്ന ബ്ലോക്ക് കോണ്‍ഗ്രസിന്റെ നേതാവായ വി.കെ. ഫസലുല്‍അലി സഹോദരീഭര്‍ത്താവാണ്. രണ്ടു തവണ നല്ലപാതി രഹനയെയും മത്സരിപ്പിച്ചു റഫീഖ്. 1995ല്‍ കുവൈത്തില്‍നിന്ന് നാട്ടിലെത്തിയാണ് ആദ്യമത്സരത്തിന് അരങ്ങൊരുക്കിയത്.
വടക്കേക്കാട്ടെ വൈലത്തൂര്‍ എന്ന സി.പി.എം സിറ്റിങ് വാര്‍ഡ് രഹന 56 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ വിജയിച്ചു. 2000ത്തിൽ വീണ്ടും കോണ്‍ഗ്രസിന്റെ മറ്റൊരു സിറ്റിങ് വാര്‍ഡില്‍ മത്സരിച്ചുവെങ്കിലും കോണ്‍ഗ്രസ് ഗ്രൂപ്പുകളിക്കിരയായി അവര്‍ക്ക് പരാജയമേറ്റുവാങ്ങേണ്ടിവന്നു. പിതാവിന്റെ സഹോദരി സുഹറക്ക് വൃക്ക പകുത്തുനല്കി കുടുംബസ്നേഹത്തിന്റെ അപാര മാതൃക കാണിച്ച റഫീഖ് സുഹൃത്തുക്കളോട് കാണിച്ച സ്നേഹം നിർവചിക്കാനാവാത്തതാണ്.
തന്നെ വിമര്‍ശിക്കുന്നവരെയും ചീത്തപറയുന്നവരെപ്പോലും അകംനിറഞ്ഞ് സ്നേഹിക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞു. മഹാരോഗത്തിനിടയില് കിട്ടുന്ന ആശ്വാസവേളകളിൽപോലും മാധ്യമപ്രവര്‍ത്തകര്‍ക്കായി മാറ്റിവെച്ച ആ സമയം ഇനി ഉണ്ടാവില്ല. പരലോക മോക്ഷത്തിനുവേണ്ടി പ്രാർഥിക്കുന്നു.
(മുതിർന്ന മാധ്യമപ്രവർത്തകനും ഐ.എം.എഫ് സ്ഥാപക ഭാരവാഹിയുമാണ് ലേഖകൻ)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

