Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightLIFEchevron_rightMenchevron_right'എ​ന്‍റെ 31 വ​ർ​ഷം...

'എ​ന്‍റെ 31 വ​ർ​ഷം ജീ​വി​ത​ത്തി​ൽ നിന്ന് ഒ​ലി​ച്ചു​ പോ​യി'; തുറന്നു പറച്ചിലുമായി പേ​ര​റി​വാ​ള​ൻ

text_fields
bookmark_border
Perarivalan, Arputhammal, Rajiv assassination case
cancel
camera_alt

പേരറിവാളൻ ജയിൽ മോചിതനായപ്പോൾ

ക​വ​ർ​ന്നെ​ടു​ത്ത​ത് 31 വ​ർ​ഷ​ത്തെ യു​വ​ത്വ​മാ​ണ്. ഒ​രു കു​റ്റ​വും ചെ​യ്യാ​ത്ത എ​ന്റെ 31 വ​ർ​ഷം ജീ​വി​ത​ത്തി​ൽ നി​ന്ന് ഒ​ലി​ച്ചു​പോ​യി. എ​ല്ലാം ക​ഴി​ഞ്ഞ് പു​റ​ത്തെ​ത്തി​യ​പ്പോ​ൾ എ​ന്തു പ​റ​യ​ണ​മെ​ന്ന് അ​റി​യി​ല്ല. ദീ​ർ​ഘ​മാ​യ നി​യ​മ​യു​ദ്ധ​ത്തി​ൽ നി​യ​മ​പ​ര​മാ​യി ഞാ​ൻ ജ​യി​ച്ചി​രി​ക്കു​ന്നു എ​ന്ന സ​ന്തോ​ഷം മാ​ത്രം.... രാജീവ് ഗാന്ധി വധക്കേസിൽ ജയിൽ മോചിതനായ പേ​ര​റി​വാ​ള​ൻ പ​റ​യു​ന്നു
31 വർഷങ്ങൾക്കുശേഷം മോചനം... എന്തു തോന്നുന്നു?

വളരെ നീണ്ട പോരാട്ടമായിരുന്നു. അതിൽ അതിയായ സന്തോഷമുെണ്ടന്നൊന്നും പറയാൻ കഴിയില്ലല്ലോ. 31 വർഷം നീണ്ടുനിന്ന നിയമപോരാട്ടം. പുറത്തുവന്നപ്പോൾ വല്ലാതെ ക്ഷീണിച്ചവശനായതുപോലെ തോന്നുന്നു. 'ഓ മതി, ഇത്രയൊക്കെയേ കഴിയൂ' എന്ന് ആരോ ഉള്ളിലിരുന്ന് പറയുന്നതുപോലെ. കവർന്നെടുത്തത് എന്‍റെ 31 വർഷത്തെ യുവത്വമാണ്. ഒരു കുറ്റവും ചെയ്യാത്ത എന്റെ 31 വർഷം ജീവിതത്തിൽനിന്ന് ഒലിച്ചുപോയി. എല്ലാംകഴിഞ്ഞ് പുറത്തെത്തിയപ്പോൾ എന്തു പറയണമെന്ന് അറിയില്ല. അതേസമയം, ദീർഘമായ നിയമയുദ്ധത്തിൽ നിയമപരമായി ഞാൻ ജയിച്ചിരിക്കുന്നു എന്ന സന്തോഷം മാത്രം. പേക്ഷ എന്റെ നഷ്ടപ്പെട്ട 31 വർഷങ്ങൾ... അതാർക്കും തിരിച്ചുതരാൻ കഴിയില്ലല്ലോ...

ജീവിതത്തിലെ ഏറ്റവും വിലയേറിയ 31 വർഷം. അത് നഷ്ടപ്പെടുത്തിയത് ആരാണ്? നമ്മുടെ വ്യവസ്ഥിതിയോ ചില വ്യക്തികളോ?

നമ്മുടെ വ്യവസ്ഥിതിയിൽ ഒരു സാധാരണ പൗരനെ കുറ്റവാളിയാക്കാൻ കഴിയുന്ന എല്ലാ സാധ്യതകളും നിലനിൽക്കുന്നുണ്ട്. എന്നാൽ, വ്യവസ്ഥിതി മാത്രമല്ല അത് തീരുമാനിക്കുക. വ്യവസ്ഥിതിയെ കൈകാര്യം ചെയ്യുന്നതും നിയന്ത്രിക്കുന്നതും ചില മനുഷ്യരാണ്. ഒരു കുറ്റകൃത്യം അന്വേഷിക്കുന്ന ഉദ്യോഗസ്ഥനെ ആശ്രയിച്ചിരിക്കും അതിന്‍റെ അന്വേഷണവും. കുറ്റവാളികളെ രക്ഷപ്പെടുത്താൻ അവർക്ക് കഴിയും. അതുപോലെതന്നെ നിരപരാധികളെ കുറ്റവാളികളാക്കാനും. വ്യവസ്ഥിതിയും വ്യക്തികളും ഒരേപോലെ പെരുമാറിയാൽ എന്നെപോലെയുള്ള നിരപരാധികളുടെ ജീവിതത്തിൽ നിർഭാഗ്യകരമായതെല്ലാം സംഭവിക്കും. ഏതാണ് കൂടുതൽ പ്രശ്നം എന്നെനിക്ക് പറയാൻ കഴിയുന്നില്ല. രണ്ടിനും കൂട്ടുത്തരവാദിത്തമുണ്ടാകും.

അറിവിനെ കുറ്റവാളിയാക്കി മാറ്റിയതിലൂടെ പൊലീസ് ഉദ്യോഗസ്ഥരിൽ പലർക്കും ലാഭങ്ങളുണ്ടായിട്ടില്ലേ?

ഉണ്ടെന്നുതന്നെ പറയേണ്ടിവരും. സെൻസേഷനലായ ഒരു കേസായിരുന്നു രാജീവ് ഗാന്ധി വധക്കേസ്. അവർക്ക് നിരവധി പേരെ തൃപ്തിപ്പെടുത്തേണ്ട കാര്യമുണ്ടായിരുന്നു. അതിനുവേണ്ടി എന്നെ ബലിയാടാക്കി. അവർക്ക് പൊതുജനെത്തയും തൃപ്തിപ്പെടുത്തണമായിരുന്നു. എം.ഡി.എം.എ കേസിൽ വാദം നടക്കുമ്പോൾ അഭിഭാഷകൻ ഇക്കാര്യം എടുത്തുപറഞ്ഞു. 1991ൽ ഒരു ബോംബ് സ്ഫോടനത്തിൽ പ്രധാനമന്ത്രി മരിച്ച സംഭവത്തിനു പിറകെ ഇവിടെ നടന്നതെല്ലാം ബൂം തിയറിയായിരുന്നു. ഇപ്പോഴാണ് നമ്മൾ യഥാർഥത്തിൽ ബോംബ് തിയറിയിലേക്ക് വരുന്നത് എന്നായിരുന്നു അന്ന് അഭിഭാഷകൻ പറഞ്ഞത്.

31 വർഷം മുമ്പ് പേരറിവാളൻ അറസ്റ്റ് ​ചെയ്യപ്പെട്ടപ്പോൾ

രാജീവ് വധക്കേസിനു പിറകിലെ സത്യം പുറത്തുവരാൻവേണ്ടി രൂപവത്കരിച്ച ഏജൻസിയായിരുന്നല്ലോ എം.ഡി.എം.എ (മൾട്ടി ഡയമൻഷനൽ മോണിറ്ററിങ് ഏജൻസി). 2011ൽ താങ്കളടക്കമുള്ളവരെ തൂക്കിലേറ്റാൻ തീരുമാനിക്കുമ്പോഴും എം.ഡി.എം.എയുടെ അന്വേഷണം തുടരുകയായിരുന്നു. ഇപ്പോഴെന്താണ് അവസ്ഥ? അവർ എന്തെങ്കിലും പുതിയ കാര്യങ്ങൾ കണ്ടുപിടിച്ചോ?

ഒന്നും കണ്ടുപിടിക്കാൻ കഴിഞ്ഞിട്ടില്ല, കണ്ടുപിടിക്കാൻ കഴിയുകയുമില്ല എന്നാണ് സുപ്രീംകോടതിയിൽ സി.ബി.ഐ അറിയിച്ചത്. എന്‍റെ മോചനത്തിന്‍റെ വാതിൽ തുറന്നതും അങ്ങനെയായിരുന്നു. എം.ഡി.എം.എ അന്വേഷിക്കുന്ന കേസിന്‍റെ സ്റ്റാറ്റസ് റിപ്പോർട്ട് വേണമെന്ന് സുപ്രീംകോടതിയിൽ എന്‍റെ അഭിഭാഷകൻ ആവശ്യപ്പെട്ടിരുന്നു.

കോടതി ആവശ്യപ്പെട്ടതനുസരിച്ച് 2017ൽ ഫയൽചെയ്ത അതേ സ്റ്റാറ്റസ് റിപ്പോർട്ട് തന്നെയായിരുന്നു 2020ലും സി.ബി.ഐ ഫയൽ ചെയ്തത്. പുതുതായി ഒന്നും അതിലുണ്ടായിരുന്നില്ല. കേസന്വേഷണത്തിൽ ഒരു പുരോഗതിയും ഇല്ലെന്ന് സുപ്രീംകോടതിക്കും ഇതോടെ മനസ്സിലായി. 1999ലാണ് എം.ഡി.എം.എ രൂപവത്കൃതമാകുന്നത്. ഒരു കാര്യവുമില്ലാതെ 22 വർഷത്തോളം കേസിൽ അന്വേഷണം നടത്തി. അഥവാ അന്വേഷണം നടക്കുന്നുണ്ടെന്ന് ജനങ്ങളെയും കോടതിയെയും അവർ കബളിപ്പിച്ചു.

'അർപുതമ്മാൾ' ഇന്ന് പോരാട്ടത്തിന്റെ പ്രതീകമാണ്. അമ്മ ഇല്ലായിരുന്നുവെങ്കിൽ താങ്കളുടെ മോചനം സാധ്യമാകുമായിരുന്നോ?

മോചനം സാധ്യമാകുമായിരുന്നോ എന്ന ചോദ്യത്തിന് പ്രസക്തിയേയില്ല, അമ്മയില്ലായിരുന്നുവെങ്കിൽ എന്നിൽ ഉയിരുപോലും അവശേഷിക്കുമായിരുന്നില്ല. ഒരു എക്സ്ട്രാ ഓർഡിനറി ആയ കേസിൽ അതിലും എക്സ്ട്രാ ഓർഡിനറിയായ ഒരു ശക്തി എന്നെ അകപ്പെടുത്തുകയായിരുന്നു. എന്നെപ്പോലുള്ള സാധാരണ മനുഷ്യനെ ഈ അവസ്ഥയിലേക്ക് എത്തിക്കാൻ ഗൂഢശക്തികൾ പ്രവർത്തിച്ചിട്ടുണ്ടെന്നത് തീർച്ച. അപ്പോൾ എന്നെ അതിൽനിന്നും രക്ഷപ്പെടുത്താനും ഒരു എക്സ്ട്രാ ഓർഡിനറി പ്രയത്നം വേണം. തീർച്ചയായും എക്സ്ട്രാ ഓർഡിനറി ആയ ഒരു വ്യക്തിയും വേണം. ആ ശക്തിയില്ലെങ്കിൽ ഇതൊന്നും സാധ്യമാകുമായിരുന്നില്ല. അതായിരുന്നു എന്‍റെ അമ്മ.

പേരറിവാളൻ, അർപുതമ്മാൾ, കുയിൽദാസൻ

എല്ലാവർക്കും ഇതുപോലെ ഒരു അമ്മ ഉണ്ടാകാനുള്ള ഭാഗ്യം കിട്ടില്ല. ഒരു സാധാരണ മനുഷ്യൻ നമ്മുടെ വ്യവസ്ഥിതിയിൽ ഇത്തരം കേസിൽ കുടുങ്ങിപ്പോയാൽ പിന്നെ രക്ഷപ്പെടാനുള്ള സാധ്യത തുലോം വിരളമാണ്. അങ്ങനെ കുടുങ്ങിക്കിടക്കുന്ന ധാരാളം പേരുണ്ട്. നീതിപീഠം പോലും അംഗീകരിക്കുന്ന വസ്തുതയാണ് അത്. അർപുതമ്മാൾ എന്ന അസാധാരണ വ്യക്തിത്വത്തെ അമ്മയായി ലഭിച്ചതുകൊണ്ടുമാത്രമാണ് ഇപ്പോഴും ഞാൻ ജീവിച്ചിരിക്കുന്നത്.

ജയിലിൽനിന്ന് പുറത്തുവന്നപ്പോൾ അമ്മ ഒന്നും പറഞ്ഞില്ല. ഒന്നും പറയാൻ കഴിയുന്ന അവസ്ഥയിലായിരുന്നില്ല. കരയുക മാത്രം ചെയ്തു. ആനന്ദക്കണ്ണീർ.. അതുമാത്രം.

രാജീവ് ഗാന്ധി സ്ഫോടനക്കേസിലെ ബെൽറ്റ് ബോംബിൽ ഇടാനായി ബാറ്ററി വാങ്ങിച്ചുകൊടുത്തു എന്നതായിരുന്നല്ലോ താങ്കളുടെ പേരിൽ ആരോപിക്കപ്പെട്ട കുറ്റം. യഥാർഥത്തിൽ നടന്നതെന്താണ്? അതേക്കുറിച്ചൊക്കെ സംസാരിക്കാൻ സമയമായെന്ന് കരുതുന്നുണ്ടോ?

ഇപ്പോൾ ഇത്തരം കാര്യങ്ങളിലേക്ക് പോകുന്നത് ഭംഗിയാകില്ല എന്നുതോന്നുന്നു. മാത്രമല്ല, അതേക്കുറിച്ച് സംസാരിച്ചു തുടങ്ങിയാൽ ഒരുപാട് പറയാനുണ്ട്. കേസിന്‍റെ ഒരുപാട് വിശദാംശങ്ങളിലേക്ക് കടക്കണം. അതേക്കുറിച്ചെല്ലാം പിന്നീട് പറയാം.

മോചനവാർത്ത അറിഞ്ഞയുടൻതന്നെ താങ്കൾ കേരളത്തിലേക്ക് വരുന്നുവെന്ന് പറഞ്ഞിരുന്നു. അതിന് കാരണം?

കേരളജനതയോട് എനിക്കുള്ള സ്നേഹത്തിന് പ്രധാന കാരണം വി.ആർ. കൃഷ്ണയ്യരാണ്. അത് പറയാതെ വയ്യ. കേസിൽ വളരെയധികം ഇടപെടുകയും എനിക്കുവേണ്ടി സംസാരിക്കുകയും ചെയ്ത വ്യക്തിയാണ് അദ്ദേഹം. തമിഴ് ജനത എന്നോടൊപ്പം നിന്നതിന് ഒരു കാരണം ഞാൻ തമിഴനാണ് എന്നതാണ്. ആ വികാരം അവരെ സ്വാധീനിച്ചിരുന്നു. കേരള ജനത ബുദ്ധിപരമായി ചിന്തിക്കുന്നവരാണ്.


അവർ കേസിന്‍റെ വിശദാംശങ്ങളിലേക്ക് പോകുകയും എന്‍റെ നിരപരാധിത്വം ബോധ്യപ്പെടുകയും ചെയ്തതിനാലാണ് പിന്തുണച്ചത്. കേരളത്തിൽ പലരും അമ്മയുടെ കൂടെ നിന്നിട്ടുണ്ട്. അനുശ്രീ എഴുതിയ പുസ്തകം- 'അടഞ്ഞ വാതിലുകൾക്കു മുമ്പിൽ'- വന്നതിനുശേഷം കേരളത്തിൽനിന്ന് ഒരുപാട് പേർ കോൺടാക്ട് ചെയ്തിരുന്നു. തിരുവനന്തപുരം, കോഴിക്കോട്, തൃശൂർ, എറണാകുളം, പാലക്കാട്, കൊല്ലം, വയനാട് ഇങ്ങനെ പല സ്ഥലങ്ങളിലും അമ്മ ക്ഷണിക്കപ്പെടുകയും സമ്മേളനങ്ങളിൽ സംസാരിക്കുകയും ചെയ്തു. അതെല്ലാം എന്‍റെ ഹൃദയത്തിൽ തട്ടിയിട്ടുണ്ട്. കേരളത്തിലെ മാധ്യമപ്രവർത്തകരും വളരെ സഹായിച്ചിട്ടുണ്ട്.

ഇവിടെ നടന്ന പരിപാടികളുടെയെല്ലാം റിപ്പോർട്ടുകൾ വന്ന പത്രങ്ങൾ, മാഗസിൻ എല്ലാം അമ്മ ശേഖരിക്കാറുണ്ട്. മലയാളം അറിയാത്ത അമ്മ ഇതെല്ലാം ശേഖരിക്കുന്നതെന്തിന് എന്ന് സംശയം തോന്നാറുണ്ട്. അടുത്ത തവണ ജയിലിൽ വരുമ്പോൾ താങ്കളെ കാണിക്കുന്നതിനായാണ് ഇതെല്ലാം എന്ന് അമ്മ പറയാറുണ്ട്.

ഇനിയെന്ത്?

ചേച്ചിയും അനിയത്തിയും സപ്പോർട്ട് ചെയ്തതുകൊണ്ട് മാത്രമാണ് ഇത്രയും കാലം എല്ലാ കാര്യങ്ങളും ചെയ്തത്. എനിക്ക് ഒന്നും ചെയ്യാൻ പറ്റാത്ത അവസ്ഥയിൽ എന്നെ സംരക്ഷിച്ചത് അവരാണ്. കേസിന്‍റെ കാര്യങ്ങൾ കൈകാര്യംചെയ്തതും അവർതന്നെ. അവർ അതൊരു ഭാരമായി കരുതുന്നില്ലെങ്കിൽ കൂടി ജയിലിൽനിന്ന് വന്നതിനുശേഷവും അവരെ ആശ്രയിച്ച് ജീവിക്കുന്നത് ശരിയല്ലല്ലോ. സ്വന്തം കാലിൽ നിൽക്കാൻ എന്തുചെയ്യാൻ കഴിയുമെന്നാണ് ചിന്തിക്കുന്നത്. സുഹൃത്തുക്കളെല്ലാം അതിനുവേണ്ടി ചില ഐഡിയകൾ തരുന്നുണ്ട്. അതേക്കുറിച്ചെല്ലാം ആലോചിക്കുന്നു. ആറുമാസത്തേക്ക് ഒന്നിനെക്കുറിച്ചും ചിന്തിക്കില്ല എന്ന് ഉറപ്പിച്ചിട്ടുണ്ട്. അതിനുള്ളിൽ അതേക്കുറിച്ചെല്ലാം ഒരു ഐഡിയ വരുമെന്ന് കരുതുന്നു. കുെറ യാത്ര ചെയ്യണമെന്നൊക്കെ വിചാരിക്കുന്നു.

അതുമാത്രല്ല, നിയമരംഗത്ത് എന്തെങ്കിലും ചെയ്യാൻ കഴിയുമോയെന്നാണ് ഇപ്പോൾ കൂടുതലും ചിന്തിക്കുന്നത്. എന്‍റെ കേസിന്‍റെ ആവശ്യത്തിനും മറ്റുമായി നിയമപുസ്തകങ്ങൾ ഒരുപാട് വായിച്ചിരുന്നു. തമിഴ്നാട്ടിലെ തടവുകാരുടെ ഉന്നമനത്തിനുവേണ്ടി എന്തെങ്കിലും ചെയ്യണമെന്ന് ആഗ്രഹമുണ്ട്. നിരപരാധികളായ ഒരുപാട് പേർ ജയിലിൽ കഴിയുന്നുണ്ട്. അവർക്കുവേണ്ടി എന്തെങ്കിലും ചെയ്യണം. വധശിക്ഷക്കെതിരായി എന്തെങ്കിലും ചെയ്യാൻ കഴിയുമോയെന്ന ആലോചനയുമുണ്ട്. പേക്ഷ, കുറെ നാളത്തേക്ക് വെറുതെ ഇരിക്കാനാണ് ആഗ്രഹിക്കുന്നത്. അതിനുശേഷമായിരിക്കും അതെല്ലാം തീരുമാനിക്കുക.

Show Full Article
TAGS:Perarivalan Arputhammal Rajiv assassination case 
News Summary - ‘I lost 31 years of my life’ -Perarivalan
Next Story