'ഹൈഡ്രോപോണിക്സ്' വിദ്യ: മരുഭൂമിയെ ഹരിതാഭമാക്കി സൗദി കർഷകൻ
text_fieldsസോഫിയാൻ അൽബിഷ്റി തോട്ടത്തിൽ
യാംബു: മരുഭൂമിയെ ഹരിതാഭമാക്കാനൊരുങ്ങി 24 വയസ്സുകാരനായ സൗദി യുവ കർഷകൻ. 'ഹൈഡ്രോപോണിക്സ്' എന്ന ആധുനിക സാങ്കേതികവിദ്യ ഉപയോഗിച്ചാണ് കൃഷി ശ്രദ്ധേയമാക്കുന്നത്. മക്ക മേഖലയിലെ ഖുലൈസിൽ സോഫിയാൻ അൽ ബിഷ്റിയാണ് വൈവിധ്യമാർന്ന കൃഷിയിലൂടെ നൂറു മേനി കൊയ്യുന്നത്.
'മോജൻ ഫാം' എന്ന പേരിലുള്ള തന്റെ കൃഷിയിടത്തിൽ വിവിധതരം ഔഷധസസ്യങ്ങളും പച്ചക്കറികളും കൂടാതെ ജാപ്പനീസ് കാബേജ്, ചീര, ചെറി, തക്കാളി തുടങ്ങിയവയും കൃഷിചെയ്യുന്നു. മണ്ണില്ലാതെ ആവശ്യമായ പോഷകങ്ങളടങ്ങിയ ലായനിയിൽ കൃഷി ചെയ്യാവുന്ന നൂതന സാങ്കേതികവിദ്യയാണ് യുവാവ് നൂറുമേനി വിളവിനായി പരീക്ഷിക്കുന്നത്.
ജലത്തിൽനിന്ന് പോഷകങ്ങളെ അയണുകളുടെ രൂപത്തിൽ ആഗിരണംചെയ്ത് ചെടികൾക്ക് വളരാൻ കഴിയുമെന്ന കണ്ടെത്തലാണ് ഹൈഡ്രോപോണിക്സ് എന്ന കൃഷിരീതിക്ക് വഴിതുറന്നത്. മരുഭൂമിയിൽ ഏറെ സാധ്യതയുള്ള ഈ നൂതന സാങ്കേതികവിദ്യ ഉപയോഗിച്ചുള്ള കൃഷിയിലൂടെ കൂടുതൽ മേഖലകളെ ഹരിതാഭമാക്കാനാണ് പദ്ധതി. മണ്ണിൽ നിന്നുണ്ടാകുന്ന കീടബാധയും രോഗങ്ങളും ഈ കൃഷിരീതിക്ക് ഉണ്ടാവാത്തതും കുറഞ്ഞസ്ഥലത്തു നിന്നുതന്നെ നല്ല വിള ഉണ്ടാക്കാൻ കഴിയുന്നതും ഹൈഡ്രോപോണിക്സ് കൃഷി രീതിയെ കൂടുതൽ സ്വീകാര്യമാക്കിയിരിക്കുന്നുവെന്ന് സോഫിയാൻ അൽ ബിഷ്റി പറഞ്ഞു. പരമ്പരാഗത രീതിയിലല്ലാതെ കൃഷി ചെയ്യാൻ ആഗ്രഹിക്കുന്നവർക്ക് പച്ചക്കറികൃഷി ചെയ്യാനുള്ള വിദ്യ ഏറെ ഉപകാരപ്രദമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
'ഹൈഡ്രോപോണിക്സ്' എന്നാൽ ജോലിചെയ്യുന്ന വെള്ളം എന്നാണ് അർഥം. അതായത് ഹൈഡ്രോപോണിക്സ് വെള്ളം നമുക്കുവേണ്ടി ചെടികളെ പരിപോഷിപ്പിക്കുന്നു. ഇവിടെ നീരും വളവും പോഷകവും നൽകുന്നതിനുള്ള മാധ്യമമായി വർത്തിക്കുന്നത് വെള്ളം തന്നെയാണ്. കൃഷിചെയ്യാൻ താല്പര്യമുണ്ടായിട്ടും ആവശ്യത്തിന് സ്ഥലമോ മണ്ണോ ഇല്ലാത്തവർക്ക് ഇത്തരം കൃഷിരീതികൾ മാതൃകാപരമാണ്. രാജ്യത്തിന്റെ കാർഷിക മേഖലയെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി ജൈവകൃഷിയെ പിന്തുണച്ച് സർക്കാർതന്നെ ധാരാളം പദ്ധതികൾ ഇപ്പോൾ നടപ്പാക്കുകയാണ്. കർഷകർക്ക് ശാസ്ത്രീയകൃഷിക്ക് ആവശ്യമായ സഹായങ്ങളും പിന്തുണയും ബന്ധപ്പെട്ട വകുപ്പുകൾ നൽകുന്നുണ്ട്.
മരുഭൂമിയിൽ വെള്ളത്തിന്റെ കുറവുണ്ടായിട്ടും ഹൈഡ്രോപോണിക്സ് സാങ്കേതികവിദ്യയുടെ നൂതന മാർഗമുപയോഗിച്ച് ഉപ്പുവെള്ളത്തെ കൃഷിക്കായി ഉപയോഗപ്പെടുത്തിയാണ് യുവാവ് ഇതിനെ മറികടക്കുന്നത്. പൂർണമായും ഓട്ടോമേറ്റഡ് മോണിറ്ററിങ് സിസ്റ്റം ഉപയോഗപ്പെടുത്തി സുസ്ഥിര കാർഷികരീതികൾ വിജയിപ്പിക്കാനും സസ്യങ്ങളുടെ സമ്പൂർണ ആവാസവ്യവസ്ഥ ഒരുക്കാനും തനിക്ക് കഴിഞ്ഞുവെന്ന് ഈ യുവ കർഷകൻ പറഞ്ഞു. കുടുംബപരമായി ലഭിച്ച ഭൂമിയുടെ 15,000 ചതുരശ്ര മീറ്റർ ഭാഗത്ത് ഹരിതഗൃഹങ്ങളുള്ള തോട്ടങ്ങൾ സ്ഥാപിച്ച് ഓരോന്നിലും വ്യത്യസ്തതരം സസ്യങ്ങളോ പച്ചക്കറികളോ ആണ് കൃഷിചെയ്യുന്നത്.
ഇവിടെനിന്ന് പ്രതിമാസം 300 മുതൽ 400 വരെ കിലോഗ്രാം വിളകൾ ഉൽപാദിപ്പിക്കുന്നുണ്ട്. ദീർഘകാല നിക്ഷേപമെന്ന നിലയിൽ മൂവായിരത്തിലധികം മാവുകൾ നട്ടുപിടിപ്പിക്കാനും പദ്ധതിയുണ്ട്. രണ്ടു വർഷത്തിനുള്ളിൽ കൃത്രിമ തടാകങ്ങൾ സൃഷ്ടിക്കാനും അതുവഴി ഫാം ടൂറിസത്തിെൻറ സാധ്യതകൾ കൂടി തുറന്നിടാനും ആലോചിക്കുന്നു. സന്ദർശകർക്ക് ഉല്ലാസവും കാർഷികരംഗത്തെ പുതിയ സാങ്കേതികവിദ്യകളെ കുറിച്ച് അറിവും പകർന്നുനൽകാനുള്ള വൈജ്ഞാനിക വിനോദസഞ്ചാര കേന്ദ്രമാക്കി പരിവർത്തിപ്പിക്കാനും ആലോചിക്കുന്നതായി യുവാവ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

