തടസ്സങ്ങൾ നിറഞ്ഞ വഴിയിലൂടെ തളരാത്ത മനസ്സുമായി സാദിഖ്
text_fieldsകായംകുളം എം.എസ്.എം കോളജിന് സമീപത്തെ വീടിനു മുന്നിലെ വെള്ളക്കെട്ട് ഒഴിവാക്കുന്ന വീൽചെയർ സഞ്ചാരിയായ സാദിഖ്
കായംകുളം: വിധി സാദിഖിന്‍റെ ചലനശേഷി നഷ്ടപ്പെടുത്തിയെങ്കിലും ഉറച്ചമനസ്സോടെ തെരുവിലറിങ്ങിയപ്പോൾ നീങ്ങിയത് പൊതുജന സഞ്ചാരത്തിന് തടസമായ വെള്ളക്കെട്ട്. അശാസ്ത്രീയ കാന നിർമ്മാണത്തെ തുടർന്ന് രൂപപ്പെട്ട ദേശീയപാതയിലെ വെള്ളക്കെട്ട് മൂലം പൊതുജനങ്ങൾക്കും വീൽചെയറിൽ സഞ്ചാരിക്കുന്ന സാമൂഹിക പ്രവർത്തകൻ കളീക്കൽ എസ്.എം. സാദിഖിന്‍റെ (55) ജീവിതയാത്രയും തടസ്സപ്പെട്ടിരുന്നു. നീരൊഴുക്ക് തടസ്സപ്പെട്ടതോടെ സാദിഖിന്‍റെ വീടും പരിസരവും വെള്ളക്കെട്ടിലായി. അധികൃതരും തിരിഞ്ഞുനോക്കാതായതോടെ കമ്പിപ്പാരയുമായി സാദിഖ് വീൽചെയറിൽ പൊതുനിരത്തിലിറങ്ങി.
വെള്ളം കയറിയ സാദിഖിന്‍റെ വീട്
സാദിഖ് തന്നാൽ കഴിയുംവിധം വെള്ളം കുത്തി വിടാൻ നടത്തുന്ന പ്രവൃത്തികണ്ട് ചില സുഹൃത്തുക്കളും കൈകോർത്തതോടെ ദേശീയപാതയിലെ വെള്ളക്കെട്ടിന് പരിഹാരമായി. കാനയുടെ അശാസ്ത്രീയ നിർമാണത്തിൽ കനത്ത മഴയിൽ ദേശീയപാത വെള്ളക്കെട്ടായതോടെ പ്രദേശവാസികളുടെ ജീവിതവും ദുസ്സഹമായി. പലരുടെയും വീടുകളിലേക്കും വെള്ളം കയറി. ഒഴുകിപ്പോകാനുള്ള സൗകര്യം അടഞ്ഞതാണ് വെള്ളക്കെട്ടിന് കാരണം. കാലവർഷം ശക്തമായിട്ടും ഇതിന് പരിഹാരം കാണുന്നതിൽ അധികൃതർ വീഴ്ച വരുത്തുകയാണ്. ഏവരും കണ്ണടച്ചതോടെ സാദിഖ് എന്ന വീൽചെയർ സഞ്ചാരി നടത്തിയ ഇടപെടൽ മറ്റുള്ളവർക്കും മാതൃകയായി.
ദിവസേന ഈ വഴി കടന്നുപോകേണ്ടി വരുന്ന സാദിഖിന് വെള്ളക്കെട്ട് വലിയ പ്രതിസന്ധിയാണ് ഉണ്ടാക്കിയത്. എന്നാൽ പരാതി പറഞ്ഞു മടങ്ങാൻ അദ്ദേഹം തയ്യാറായില്ലായെന്നതാണ് ശ്രദ്ധേയം. പ്രീഡിഗ്രി പഠനകാലത്തുണ്ടായ ആരോഗ്യ പ്രശ്നമാണ് സാദിഖിനെ തളർത്തിയത്. എങ്കിലും തളരാത്ത മനസുമായി അദ്ദേഹം എത്തിപ്പെട്ട നിരവധി മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ചു. തന്‍റെ ജീവിതാനുഭവം പുസ്തകമാക്കാനും സമയം കണ്ടെത്തി. സാദിഖ് എഴുതിയ ‘ഒരു വീൽചെയർ സഞ്ചാരിയുടെ ഹൃദയതാളം’ എന്ന പുസ്തകം വായനക്കാരുടെ മനസ്സുകളിൽ ഇടം നേടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

